നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബഹിരാകാശത്തിന്റെ അറ്റം വരെ ഒന്ന് പോയി വന്നാലോ? 30 കിലോമീറ്റർ ഉയരത്തിൽ പറക്കാൻ ബലൂൺ യാത്രയൊരുക്കി അമേരിക്കൻ കമ്പനി

  ബഹിരാകാശത്തിന്റെ അറ്റം വരെ ഒന്ന് പോയി വന്നാലോ? 30 കിലോമീറ്റർ ഉയരത്തിൽ പറക്കാൻ ബലൂൺ യാത്രയൊരുക്കി അമേരിക്കൻ കമ്പനി

  സ്ട്രാറ്റോസ്ഫിയറിൽ ഒരു ലക്ഷം അടി മുകളിലായി അത്യാധുനിക സംവിധാനമുള്ള ഒരു ഹോട്ട് എയർ ബലൂണിലാണ് അമേരിക്കൻ കമ്പനി ഈ ആഡംബര യാത്ര ഒരുക്കുന്നത്.

  • Share this:
   ഭൂമിയ്ക്ക് മുകളിൽ ഏതാണ്ട് ഒരു ലക്ഷം അടി ഉയരത്തിൽ പാറിപ്പറക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. വളരെ വിശിഷ്ടമായ ഒരു യാത്രയും അനുഭവവുമായിരിക്കും അതെന്ന കാര്യത്തിൽ സംശയമില്ല. അത്തരമൊരു യാത്ര ഒരുക്കാൻ സന്നദ്ധരായി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ സ്‌പേസ് പെർസ്‌പെക്ടീവ്. പക്ഷേ, ആറ് മണിക്കൂർ ദൈർഘ്യമുള്ള ആ ആകാശപ്പറക്കലിന്റെ ചെലവ് കേട്ടാൽ ആരും ഒന്ന് ഞെട്ടും, 93 ലക്ഷം രൂപ! സ്ട്രാറ്റോസ്ഫിയറിൽ ഒരു ലക്ഷം അടി മുകളിലായി അത്യാധുനിക സംവിധാനമുള്ള ഒരു ഹോട്ട് എയർ ബലൂണിലാണ് അമേരിക്കൻ കമ്പനി ഈ ആഡംബര യാത്ര ഒരുക്കുന്നത്.

   ഒരു ഭീമാകാരൻ ബലൂണിന്റെ സഹായത്തോടെയാകും ആളുകളെ വഹിച്ചുകൊണ്ട് സ്‌പേസ്‌ഷിപ്പ് നെപ്ട്യൂൺ എന്ന് പേരുള്ള വാഹനം ഈ ആകാശയാത്ര നടത്തുക. 2024-ന്റെ തുടക്കത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഇതിന്റെ കന്നിപ്പറക്കലിനായുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. എട്ട് യാത്രികരെയും ഒരു പൈലറ്റിനെയും വഹിച്ചു കൊണ്ടായിരിക്കും സ്‌പേസ്‌ഷിപ്പ് നെപ്ട്യൂൺ പറക്കുക. ബഹിരാകാശത്തിന്റെ അതിർത്തിയായി മനുഷ്യർ നിർവചിച്ചിട്ടുള്ള കർമൻ രേഖയ്ക്ക് 70 കിലോമീറ്റർ താഴെ വരെ ഈ സ്‌പേസ്‌ഷിപ്പ് പറന്നുയരും. ഈ ദൂരം ഒരു സാധാരണ വിമാനം പറക്കുന്ന ഉയരത്തിന്റെ ഇരട്ടിയാണ്. അമേരിക്കയിലെ ഫ്ലോറിഡ തീരത്ത് നിന്നാവും ഈ സ്‌പേസ്‌ഷിപ്പ് വിക്ഷേപിക്കുക. വിക്ഷേപണ സ്ഥലത്തിന് അൽപ്പം ദൂരെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് അത് പറന്നിറങ്ങുകയും ചെയ്യും.

   കമ്പനിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, രണ്ടു മണിക്കൂർ നേരം ഈ വാഹനം ഒരു ലക്ഷം അടി (30.5 കിലോമീറ്റർ) ഉയരത്തിൽ കഴിയും. 360 ഡിഗ്രിയിൽ പ്രവർത്തിക്കുന്ന നോൺ ഗ്ലെയർ പനോരമിക് ജനാലകളാണ് ഈ എയർഷിപ്പിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. പേടകത്തിന്റെ മുകൾത്തട്ടിന് താഴെയായി  ലാവറ്ററി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട് . ഇതിന് പുറമെ യാത്രക്കാർക്ക് അവരുടെ യാത്ര തത്സമയം പ്രക്ഷേപണം ചെയ്യാനായി വൈഫൈ സൗകര്യവും ഉണ്ടായിരിക്കും.  പോരാത്തതിന് യാത്രികർക്കായി ഒരു റിഫ്രഷ്മെന്റ് ബാറും ഈ ആകാശക്കപ്പലിനുള്ളിൽ ഒരുക്കും. തങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാനായി പ്രത്യേകം കാബിനുകളും യാത്രികർക്ക് ലഭിക്കും.

   ഒരു ഫുട്ബോൾ സ്റേഡിയത്തിന്റെയത്ര വലിപ്പമുള്ള ഭീമാകാരൻ ബലൂണാകും ഈ വാഹനത്തെ വഹിച്ചുകൊണ്ട് പറക്കുക. ബലൂൺ സംവിധാനം ഉപയോഗിച്ച് പറക്കുന്ന എയർഷിപ്പ് ആയതിനാൽ വിക്ഷേപണ സമയത്തും തിരിച്ചിറങ്ങുന്ന സമയത്തും യാത്രികർക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. വെള്ളത്തിലേക്ക് പറന്നിറങ്ങുമ്പോൾ സുരക്ഷ ഉറപ്പുവരുത്താനായി സ്‌പേസ്ഷിപ്പിന്റെ അടിവശം കോൺ ആകൃതിയിലാണ് നിർമിക്കുക. "മനുഷ്യർക്ക് ബഹിരാകാശവുമായുള്ള ബന്ധത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. ഭൂമിയിലെ ജീവജാലങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്നതിലും നമ്മുടെ ഗ്രഹത്തെക്കുറിച്ചുള്ള നമ്മുടെ തന്നെ കാഴ്ചപ്പാടിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കും", കഴിഞ്ഞ വർഷം പുറത്തിറക്കിയ കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.

   Summary

   American company Space Perspective offers balloon rides to space ridges at a cost of Rs93 lakh
   Published by:Naveen
   First published: