ഇന്റർനെറ്റ് പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയ ഒരു ഇല്ല്യൂഷൻ വീഡിയോ അത്തരത്തിൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന ഒന്നാണ്. @drewcoffman എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. അമസ് ട്രപ്പസോയ്ഡ് അഥവാ അമസ് വിൻഡോ എന്നാണ് ഈ പ്രസിദ്ധമായ ഇല്ല്യൂഷൻ അറിയപ്പെടുന്നത്. കാർഡ്ബോർഡിൽ വരച്ച, ആറു ഫ്രെയിമുകളോട് കൂടിയ ഒരു ജനാല ഉപയോഗിച്ചാണ് ഈ ഇല്ല്യൂഷൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
റോബ് ഹാരിസൺ, ഡീൻ ഹട്ടൺ എന്നിവർ ചേർന്ന് 1972-ൽ ഓസ്ട്രേലിയയിൽ കുട്ടികൾക്ക് വേണ്ടി അവതരിപ്പിച്ചിരുന്ന 'ദി ക്യൂരിയോസിറ്റി ഷോ' എന്നെ ടെലിവിഷൻ പരിപാടിയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. കാർഡ്ബോർഡിൽ വരച്ചു മുറിച്ചെടുത്ത, ആറു ഫ്രെയിമുകളുള്ള ഒരു വിഷമചതുർഭുജം ഒരു ചരടിൽ അവതാരകനായ ഹട്ടൺ തൂക്കിയിടുന്നതും അത് സ്വതന്ത്രമായി 360 ഡിഗ്രിയിൽ കറങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ആ കറക്കം നിരീക്ഷിച്ചാൽ നീളം കൂടിയ വശം നിരീക്ഷകന് സമീപം ഉള്ളതായാണ് തോന്നുക. നമുക്ക് സമീപമുള്ള വസ്തുക്കൾക്ക് കാഴ്ചയിൽ വലിപ്പം കൂടുതലായി തോന്നുന്നതാണ് അതിന് കാരണമെന്ന് ഹട്ടൺ വിശദീകരിക്കുന്നു. എന്നാൽ, ആ ചതുർഭുജം ഒരു ചരടിൽ തൂക്കി കറക്കുമ്പോഴും അത് പൂർണമായി കറങ്ങുന്നതായി നമുക്ക് തോന്നുന്നില്ല. മറിച്ച് 180 ഡിഗ്രിയിൽ കുറവായി അത് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നതായാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്.
കാണികളെ കൂടുതൽ വിസ്മയിപ്പിക്കാനായി ഹട്ടൺ ഒരു ബോൾ പോയിന്റ് പേന ആ ചതുർഭുജത്തിന്റെ ഒരു ഫ്രെയിമിന്റെ മധ്യത്തിലൂടെ അകത്തേക്ക് കടത്തുകയും ടേപ്പ് കൊണ്ട് അതവിടെ ഒട്ടിക്കുകയും ചെയ്യുന്നു. ആ പേനയിൽ ശ്രദ്ധിച്ചുകൊണ്ട് ആ ചതുർഭുജം അപൂർണമായാണ് കറങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം കാണികളോട് ആവശ്യപ്പെടുന്നു. എന്നാൽ, അതിശയമെന്നോണം ആ പേന ആ ഫ്രെയിമിനകത്തൂടെ കടന്നു പോകുന്നതാണ് വീഡിയോയിൽ നമ്മൾ കാണുക. അത് അസാധ്യമാണെന്ന ഉറപ്പ് ഉള്ളതിനാൽ ഈ കാഴ്ച നമ്മളെ അത്ഭുതസ്തബ്ധരാക്കി മാറ്റുന്നു.
— drewcoffman.eth 𝕚𝕤 𝕠𝕟𝕝𝕚𝕟𝕖 🟢 (@DrewCoffman) June 14, 2021
ഏതാണ്ട് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് പ്രചരിക്കുകയാണ്. ഇതുവരെ പത്തു ലക്ഷത്തിൽപ്പരം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. 39,000-ത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. പതിനയ്യായിരത്തോളം പേർ ഇതിനകം വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നു. അമസ് ട്രപ്പസോയ്ഡ് എന്നറിയപ്പെടുന്ന ഈ കൺകെട്ട് വിദ്യ അഥവാ ഇല്ല്യൂഷൻ അഡൽബർട്ട് അമസ് ജൂനിയർ എന്ന ഭൗതിക ശാസ്ത്ര ഗവേഷകൻ 1947-ലാണ് കണ്ടുപിടിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.