• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

എല്ലാവരും ഉരു‌ട്ടിക്കൊലക്കാർ അല്ല; കാക്കിക്കുള്ളിൽ നന്മ വറ്റാത്ത പൊലീസുകാരുമുണ്ട്; അയ്യപ്പഭക്തന്റെ അനുഭവക്കുറിപ്പ്

വൈക്കം പൊലീസ് സ്റ്റേഷനിലെ പ്രശാന്തിന് കൈയടിച്ച് സോഷ്യൽമീഡിയ

news18
Updated: July 25, 2019, 3:25 PM IST
എല്ലാവരും ഉരു‌ട്ടിക്കൊലക്കാർ അല്ല; കാക്കിക്കുള്ളിൽ നന്മ വറ്റാത്ത പൊലീസുകാരുമുണ്ട്; അയ്യപ്പഭക്തന്റെ അനുഭവക്കുറിപ്പ്
News 18
news18
Updated: July 25, 2019, 3:25 PM IST
പൊലീസ് എന്നു കേട്ടാല്‍ ഉരുട്ടിക്കൊലയും ലാത്തിച്ചാര്‍ജും കസ്റ്റഡി മര്‍ദ്ദനങ്ങളുമൊക്കെ മനസ്സിലേക്ക് കയറിവരുന്നുണ്ടെങ്കിൽ തെറ്റുപറയാനാകില്ല. എന്നാൽ എല്ലാവരും അത്തരക്കാരല്ല. കാക്കിയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നവരും മനസ്സിൽ നന്മ സൂക്ഷിക്കുകയും ചെയ്യുന്ന ഒട്ടേറെ പേർ ഇപ്പോഴും സേനയിലുണ്ട്. ഇതിന് തെളിവാണ് അയ്യപ്പഭക്തനായ കണ്ണൂര്‍ കുപ്പം സ്വദേശി പടവില്‍ സമ്പത്ത് കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. കർക്കടക മാസം ആദ്യം മകള്‍ തീര്‍ത്ഥയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതായിരുന്നു സമ്പത്ത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി പമ്പയില്‍ വച്ച് പരിചയപ്പെട്ട ചേര്‍ത്തല സ്വദേശിയായ വൈക്കം സ്റ്റേഷനിലെ പ്രശാന്താണ് സമ്പത്തിന്റെ മനസ്സില്‍ പൊലീസിനെ കുറിച്ചുള്ള ധാരണകള്‍ തിരുത്തിയത്.

ഈ മാസം 19ന് മകളുമായി പമ്പയില്‍ വിശ്രമിക്കുന്നതിനിടെയാണ് ജലനിരപ്പ് ഉയരുന്നതായി വിവരം കിട്ടിയത്. ഇതോടെ മകളുമായി തിടുക്കത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു സമ്പത്ത്. പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രശാന്തിനും ഭാര്യക്ക് സുഖമില്ലാത്തതിനാൽ ഈ സമയം അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടിവന്നിരുന്നു. ഡ്യൂട്ടി മറ്റൊരു ഉദ്യോഗസ്ഥന് കൈമാറിയ ശേഷം മടങ്ങാനുള്ള ശ്രമത്തിലായിരുന്നു പ്രശാന്തും. ഒരു വാഹനം കിട്ടാതെ വിഷമിച്ചുനിന്ന പ്രശാന്തിന് യാദൃശ്ചികമായി സമ്പത്ത് ലിഫ്റ്റ് നല്‍‌കുകയായിരുന്നു.

വാഹനം പൊൻകുന്നത്തെത്തിയപ്പോഴാണ് ശബരിമലയില്‍ നിന്നും വാങ്ങിയ അപ്പവും അരവണയും അഭിഷേകം ചെയ്ത നെയ്യും കുട്ടികളുടെ ഫാന്‍സി ഐറ്റങ്ങളുമെല്ലാം പമ്പയില്‍ ചായകുടിക്കാന്‍ കയറിയ കടയില്‍ മറന്നുവച്ചുവെന്ന കാര്യം ഓര്‍ത്തത്. വെള്ളം കയറുന്നതിനാല്‍ തിരിച്ചുപോകാനും വയ്യ. ഇവയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ മനസ്സില്‍ ഒരു പ്രയാസവും. ഈ സമയം പ്രശാന്ത് നല്‍കിയ ധൈര്യമാണ് സമ്പത്തിന് ആശ്വാസമായത്. 'സാധനം അവിടെയുണ്ടെങ്കില്‍ അത് നിങ്ങളുടെ കൈയിലെത്തിയിരിക്കും' എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്.

ഈ വിശ്വാസത്തില്‍ വീട്ടിലേക്ക് മടങ്ങിയ സമ്പത്തിനെ തേടി വൈക്കം പൊലീസ് സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു പാഴ്‌സല്‍ വന്നു. പമ്പയില്‍ മറന്നുവച്ച സാധനങ്ങള്‍ മനോഹരമായി പായ്ക്ക് ചെയ്ത് ഒരു കെഎസ്ആര്‍ടിസി ബസില്‍ അയച്ചുകൊടുത്തിരിക്കുകയാണ് ഈ പൊലീസുകാരന്‍. അവ തനിക്ക് എത്തിക്കാന്‍ ആ പൊലീസുകാരന്‍ എടുത്ത പ്രയത്‌നമാണ് സമ്പത്ത് പോസ്റ്റിലൂടെ വിവരിക്കുന്നത്.

അതേസമയം, ഈ സമയം ശബരിമലയിലുണ്ടായിരുന്നു ബന്ധുവിനെ കൊണ്ട് സമ്പത്ത് മറന്നുവെച്ച സാധനം കടയിൽ നിന്ന് എടുപ്പിക്കുകയായിരുന്നുവെന്ന് പ്രശാന്ത് ന്യൂസ് 18നോട് പറഞ്ഞു. 'തോർത്തിൽ പൊതിഞ്ഞ അരവണയും ഉണ്ണിയപ്പവും കളിപ്പാട്ടങ്ങളും അടക്കമുള്ളവ നനഞ്ഞ് കുതിർന്ന അവസ്ഥയിലായിരുന്നു. അവ വെയിലത്ത് വെച്ച് ഉണക്കിയെടുത്ത് നന്നായി പാക്ക് ചെയ്ത് അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. ഇത് സമ്പത്ത് ഫേസ്ബുക്കിലിടുമെന്നോ വാർത്തയാകുമെന്നോ ഒന്നും അറിയില്ലായിരുന്നു'- പ്രശാന്ത് പറഞ്ഞു. ചേർത്തല പള്ളിപ്പുറം സ്വദേശിയായ പ്രശാന്ത് 2010ലാണ് സർവീസിൽ കയറിയത്.

സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോലീസ് എന്ന് കേൾക്കുമ്പോൾ ....
.......................................

പോലീസ് എന്ന് കേൾക്കുമ്പോൾ ഉരുട്ടി കൊലയുടെ ഓർമ്മയാണ് ഒരു ശരാശരി മലയാളിയുടെ മനസ്സിൽ തെളിയുന്നത് .എന്നാൽ ഈ ഒരു പൊതു ചിത്രത്തിന് വിരുദ്ധമാണ് പോലീസ് എന്ന് ചിന്തിപ്പിക്കാൻ ., അത്തരം ക്രൂരതകൾ ഒരു ചെറു ന്യുനപക്ഷത്തിന്റെ മാത്രം ശൈലിയാണെന്നും ബോധ്യപ്പെടുത്തുന്ന ഒരനുഭവം ശബരിമലയിൽ നിന്നും തിരികെയുള്ള എന്റെ യാത്രയിൽ ഉണ്ടായി.. ഇത്തരം സേവന മനോഭാവമുള്ള പോലീസുകാരെ പ്രോത്സാഹിപ്പിക്കേണ്ടതും ക്രൂര മുഖങ്ങളെ ഒറ്റപ്പെടുത്തേണ്ടതും പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്ന ബോധ്യത്തിലാണ് ഈ ഒരു കുറിപ്പ് ....

ഞാനും തീർത്ഥമോളും ശബരിമലയിൽ നിന്ന് തിരികെ വരുമ്പോഴാണ് പോലീസിനെ കുറിച്ച് അതുവരെ ഉണ്ടായ ധാരണകൾ തിരുത്തി കുറിക്കാൻ സഹായിച്ച സംഭവം ഉണ്ടായത് ..

18 - 07-2019 ന് രാവിലെ 7.30 ഓടെ ഞാനും മോളും പമ്പയിൽ നിന്നും മലകയറാൻ തുടങ്ങി അഞ്ച് മിനുട്ട് കഴിയുമ്പോൾ തുടങ്ങിയ മഴ ഇടതോരാതെ ദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോഴും തുടരുകയായിരുന്നു .. മല കയറവേ തന്നെ മഴയെ ഒരു യാഥാർത്ഥ്യമായി , ഒരു പക്ഷേ എന്നേക്കാൾ ഒരു നിമിഷമെങ്കിലും നേരത്തേ തീർത്ഥമോൾ ഉൾക്കൊണ്ടതായി തോന്നി .. പിന്നീട് മഴയെ ആസ്വദിച്ച് യാത്ര തുടരാൻ കഴിഞ്ഞത് കൊണ്ട് മാത്രമാണ് സത്യത്തിൽ എന്റെ ശാരീരിക വൈഷമ്യങ്ങളെ മറികടക്കാൻ കഴിഞ്ഞത് .. മഴയെ ശല്യമായി കണ്ടിരുന്നുവെങ്കിൽ ആ യാത്ര തന്നെ വിഫലമാകുമായിരുന്നു ..

മലയിറങ്ങി പമ്പാ ഗണപതിയുടെ അടുത്തുള്ള പോലീസ് പോസ്റ്റിന് അടുത്ത് എത്തിയപ്പോൾ ചായയോ കാപ്പിയോ കഴിക്കാത്ത എന്റെ മോൾക്ക് ഒരു ഇളനീർ വാങ്ങിക്കൊടുക്കാൻ ഇളനീർ കടയ്ക്ക് മുന്നിലുള്ള കസേരയിൽ കയ്യിലുള്ള ഷോപ്പർ ബാഗ് വച്ചു .. രണ്ട് പേരും ഇളനീർ കുടിച്ചു ... ഇളനീർ വെട്ടിപ്പൊളിച്ച് കിട്ടാൻ മകൾ നാലടി അപ്പുറത്തോട്ട് നീങ്ങി .. പിന്നാലെ ഞാനും .എന്റെ ഇളനീർ കാമ്പിന്റെ പാതി കൂടി മകൾക്ക് നൽകി പണം നൽകാൻ ഞാൻ ആദ്യം ഇളനീർ വാങ്ങിയ ആളിന്റെ അടുത്തേക്ക് നീങ്ങി അപ്പോഴും എന്റെ ഒരു കണ്ണ് മകളിൽ തന്നെയായിരുന്നു .. കാശ് കൊടുത്ത ശേഷം മോളുടെ അടുത്തേക്ക് ചെന്നു .... അപ്പോഴേക്കും പമ്പയിൽ വെള്ളം പൊങ്ങുന്നു എന്ന് വാർത്ത പരന്നത് ഞാനും മകളും വേഗം തന്നെ അവിടെ നിന്നും നീങ്ങി ..

പമ്പയിലെ നടപ്പാലം കടക്കുമ്പോൾ പുഴയിൽ നിന്നും നിലവിളിയും ബഹളവും കേട്ടു .. ഒഴുക്കിൽ ഒരു സ്ത്രീയുടെ കാല് തെന്നി ഒഴുകി ... ഞൊടിയിടയിൽ ചിലർ നടത്തിയ രക്ഷാപ്രവർത്തനം ഒന്ന് കൊണ്ട് മാത്രം ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നില്ല ..പമ്പയിലെ നടപ്പാലത്തിന് അടുത്ത് തന്നെ ജിതേഷ് കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു (അവിടെ വണ്ടി പാർക്ക് ചെയ്യുന്ന കാര്യത്തിൽ എന്റെ മോളുടെ കാര്യം പരിഗണിച്ച് അനുവാദം നൽകിയ ഒരു പോലീസ് ഉദ്യോഗസ്ഥനേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു )

കാർ നീങ്ങിയപ്പോൾ പാർക്കിങ്ങിന് അനുമതി നൽകിയ പോലീസുകാരൻ ... അദ്ദേഹത്തോട് നന്ദി പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തപ്പോഴാണ് മറ്റൊരാൾ ഒരു ലിഫ്റ്റ് ചോദിച്ചത് .. മോളോട് കൂടെയുള്ള യാത്രയിൽ കൂടെ ആരും വേണ്ടെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു...എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖവിവരം അറിഞ്ഞ് പോകുന്നതാണെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ..അദ്ദേഹത്തെ കൂടി കാറിൽ കയറ്റി .. ജിതേഷും അയാളും തമ്മിൽ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു .. ഞാൻ അതിലൊന്നും ഇടപെടാൻ പോയില്ല .. ഞാൻ മകളോടൊപ്പം അവൾ മൊബൈലിൽ ഗെയിം കളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ .. അവരുടെ സംഭാഷണത്തിനിടയിലാണ് അയാൾ വൈക്കം സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് എന്ന് അറിഞ്ഞത് .. ഉടനെ ഞാൻ ബാലേട്ടനെ അന്വേഷിച്ചു ( നടനും ,തിരക്കഥാകൃത്തും ,സംവിധായകനുമായ പി.ബാലചന്ദ്രൻ ) ... പിന്നീടങ്ങോട്ട് ഞാനും അയാളുമായുള്ള സംഭാഷണങ്ങളിൽ ഭാഗമായി .. അതിനിടയിൽ ശബരിമലയിൽ നിന്നും മകൾ അവൾക്കും അവളുടെ കൂട്ടുകാരികൾക്കും വേണ്ടി വാങ്ങിച്ച ഫാൻസി ഐറ്റങ്ങളുടെ ബാഹുല്യവും ചർച്ചയായി .. അപ്പോഴാണ് വേദനിപ്പിക്കുന്ന ഒരു സത്യം ഓർമ്മയിൽ എത്തിയത് .. ഇളനീർ കഴിച്ച കടയുടെ മുന്നിലെ കസേരയിൽ വച്ച ഷോപ്പർ എടുക്കാൻ മറന്നു ... അരവണയും, അപ്പവും, അഭിഷേകം ചെയ്ത നെയ്യും ഫാൻസി ഐറ്റംസും എല്ലാം ആ ബാഗിലാണ് .. അതു വരെയുണ്ടായ സന്തോഷത്തെ കനത്ത മൗനം മൂടി കളഞ്ഞു ...

അപ്പോഴാണ് ആ പോലീസ് കാരൻ ധൈര്യം തന്നത് ... സാധനം അവിടെ ഉണ്ടെങ്കിൽ അത് നിങ്ങളുടെ കയ്യിൽ എത്തിയിരിക്കും .. അയാൾ ഉടനെ മറ്റൊരു പോലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു. ആ പോലീസുകാരൻ അപ്പോൾ പമ്പയിൽ വെള്ളം കയറിയത് കൊണ്ട് പമ്പാതീരത്താണ് ഡ്യൂട്ടിയിലുള്ളത്, പമ്പാ ഗണപതിയുടെ അടുത്തുള്ള പോലീസ് പോസ്റ്റിൽ എപ്പോഴാണ് എത്തുക എന്ന് പറയാൻ പറ്റില്ല എന്ന് അറിയിച്ചു .... വീണ്ടും നിരാശ ... നമ്മുടെ കൂടെയുള്ള പോലീസുകാരൻ പല ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു .. ഒടുവിൽ ശബരിമലയിലേക്ക് പോകുന്ന അയാളുടെ ഒരു ബന്ധുവിനെ കാര്യം ഏൽപിച്ചു ..അര മണിക്കൂറിൽ ബന്ധു ബാഗ് വച്ച് മറന്ന കടയ്ക്ക് സമീപം എത്തും എന്ന് പോലീസ് കാരൻ അറിയിച്ചു .. വീണ്ടും പ്രതീക്ഷ ...

സത്യത്തിൽ പോലീസ് കാരന്റെ പേര് ആദ്യം ചോദിച്ചിരുന്നുവെങ്കിലും പേര് ഓർമ്മയിൽ ഉണ്ടായിരുന്നില്ല .. വീണ്ടും ഒരിക്കൽ കൂടി പേര് ചോദിച്ചറിഞ്ഞു ... പ്രശാന്ത് , ആലപ്പുഴ സ്വദേശി ... ഇപ്പോൾ വൈക്കം സ്റ്റേഷനിൽ ജോലി ചെയ്യുന്നു ... പ്രശാന്ത് സാറിന് അയാൾക്ക് നാട്ടിലേക്ക് ബസ്സ് കിട്ടാൻ പാകത്തിൽ അദ്ദേഹത്തെ ഇറക്കി ... പോകുമ്പോഴും അയാൾ പറഞ്ഞു ഈ മോളുടെ മാലയും വളയും അതിൽ ഉള്ളതാണ് വിഷമം ..ബന്ധു അവിടെ എത്തിയാൽ ഉടൻ വിവരം അറിയിക്കാം ... യാത്ര പറഞ്ഞ് പിരിയുമ്പോഴും മനസ്സിൽ പിരിയാൻ മടിക്കുന്ന ഒരു സൗഹൃദത്തിന്റെ വിത്ത് അയാൾ മുളപ്പിച്ചിരുന്നു .. ഞങ്ങൾ അല്പം യാത്ര ചെയ്ത് ഒരു ഹോട്ടലിൽ ചായ കുടിക്കാൻ കയറിയപ്പോഴേക്കും ആ സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തി ... ബാഗ് ബന്ധുവിന് കിട്ടി ...

19-07-19 ന് ഗുരുവായൂരിൽ ദർശനം കഴിയുമ്പോഴേക്കും പ്രശാന്ത് സാറിന്റെ ഫോൺ വന്നു സാധനം അയാളുടെ കയ്യിലെത്തി ..

ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി കൈമാറി വന്ന ആ പോലീസുകാരൻ അയാളുടെ വിലപ്പെട്ട എത്ര സമയമാണ് നനഞ്ഞ് കുതിർന്ന അരവണ ബോക്സും അപ്പത്തിന്റെ കടലാസ് പൊതിയും മാറ്റി നന്നായി പൊതിഞ്ഞ് എന്റെ വിലാസം പതിച്ച് രാത്രി 9 മണിക്ക് വൈക്കത്ത് നിന്ന് കാഞ്ഞങ്ങാടിന് പോകുന്ന KSRTC യിൽ ഈ സാധനം കൊടുത്ത് വിടാൻ ചിലവഴിച്ചത് ... ആ നിമിഷങ്ങളുടെ മൂല്യം ഏത് അളവ് കോല് വച്ച് നിർണയിക്കും ?

ഇന്ന് രാവിലെ ബസ് എത്തേണ്ട സമയമായപ്പോഴേക്കും പ്രശാന്ത് സാർ വിളിച്ചന്വേഷിച്ചു ... അതേ ... ആ പൊതിയിൽ നിറയെ എന്റെ മകളുടെ സന്തോഷമായിരുന്നു ... അത് ഒരു മകളുടെ അച്ഛനായ അയാൾക്ക് നന്നായി അറിയാമായിരുന്നു ... 6.30 ന് ബാഗ് കിട്ടിയ ഉടനെ അദ്ദേഹത്തെ വിളിച്ചറിയിച്ചു ..

പോലീസിലും സർക്കാർ ഉദ്യോഗത്തിലും ഇത് പോലെ നല്ല മനുഷ്യർ ഒത്തിരിയുണ്ട്.. ചില ദുഷ്ട ജന്മങ്ങൾ ചെയ്യുന്ന തെറ്റിന്റെ പേരിൽ ഇത്തരം നല്ല മനുഷ്യർ കൂടി മോശമായി ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കാൻ ... ഇത്തരം നന്മകളെ പ്രോത്സാഹിപ്പിക്കുകയും തിന്മയുടെ വക്താക്കളെ ഒറ്റപ്പെടുത്തുകയും ചെയ്യുക ...

പ്രശാന്ത് സാറേ ... നന്ദി .. സന്തോഷം ... സ്നേഹം...


First published: July 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...