• HOME
 • »
 • NEWS
 • »
 • buzz
 • »
 • '30 കൊല്ലം മുമ്പ് മമ്മൂട്ടി നായകനായ നീലഗിരിയിൽ സുനിത കോഴി വിൽക്കുന്നത് കിലോ 35 രൂപയ്ക്ക്'; കോഴിവിലയിൽ ഒരു 'ബൗദ്ധിക' സംവാദം

'30 കൊല്ലം മുമ്പ് മമ്മൂട്ടി നായകനായ നീലഗിരിയിൽ സുനിത കോഴി വിൽക്കുന്നത് കിലോ 35 രൂപയ്ക്ക്'; കോഴിവിലയിൽ ഒരു 'ബൗദ്ധിക' സംവാദം

യഥാർത്ഥത്തിൽ ചിക്കൻ വില കാര്യമായി വർധിച്ചിട്ടുണ്ടോ? സിനിമാ രംഗങ്ങളെ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ഒരു താത്വിക വില അവലോകനം.

News18 Malayalam

News18 Malayalam

 • Share this:
  വർഷങ്ങൾ കഴിയുംതോറും നിത്യോപയോഗ സാധനങ്ങൾക്കും  ഭക്ഷണ പദാർത്ഥങ്ങൾക്കും ഭൂമിക്കും എല്ലാം വില കൂടുമെന്നത് വസ്തുതയാണ്. കൂടുതലൊന്നും പുറകോട്ട് പോകേണ്ട, ഒരു അഞ്ചുവർഷത്തെ കണക്കെടുക്കൂ. നമ്മൾ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ വില എത്രയായിരുന്നു എന്ന് നോക്കൂ. എല്ലാ വസ്തുക്കൾക്കും വില കൂടിയിട്ടുണ്ടോ? ഇപ്പോൾ ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു ചർച്ചയാണ് നടക്കുന്നത്. വിഷയം കോഴിവില. ചർച്ചക്ക് വഴിമരുന്നിട്ടതാകട്ടെ പഴയ ഒരു സിനിമാ രംഗവും.

  1991ൽ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ് നീലഗിരി. മമ്മൂട്ടിയും മധുബാലയും സുനിതയും അഭനയിച്ച ചിത്രം. സിനിമയിൽ ഊട്ടി മാർക്കറ്റിൽ സുനിതയുടെ കഥാപാത്രം കോഴി വിൽക്കുന്ന രംഗമുണ്ട്. ഈ സിനിമ കണ്ട മാധ്യമപ്രവർത്തകൻ ഷിജു ആച്ചാണ്ടി ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് കോഴിവില സംവാദത്തിന് വഴി തെളിച്ചത്. പഴയ സിനിമകൾ ശ്രദ്ധിച്ചു കാണുന്നത് ഒരുതരം ചരിത്രപഠനം കൂടിയാണെന്ന് അദ്ദേഹം കുറിക്കുന്നു.

  പോസ്റ്റ് ഇങ്ങനെ- 'നീലഗിരി സിനിമയിലെ (1991) ഊട്ടി മാർക്കറ്റിൽ സുനിത കോഴി വിൽക്കുന്നത് കിലോ 35 രൂപയ്ക്കാണ്. കഴിഞ്ഞ മുപ്പതാണ്ടുകൾക്കിടയിലുണ്ടായ പണപ്പെരുപ്പം കുടി പരിഗണിക്കുമ്പോൾ ചിക്കന് നാമിപ്പോൾ കൊടുക്കുന്ന വില തുച്ഛം എന്നു പറയാതെ വയ്യ. അങ്ങിനെ പലതിനും. വിലക്കയറ്റത്തെ കുറിച്ചു പരാതിപ്പെടുമ്പോൾ ഇതും പറയണ്ടേ? പഴയ സിനിമകൾ ശ്രദ്ധിച്ചു കാണുന്നത് ഒരുതരം ചരിത്രപഠനം കൂടിയാണ്...'. ഇതിന് കമന്റായാണ് പലരും രസകരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്.

  കോഴിവിലയുമായി ബന്ധപ്പെട്ട് വന്ന ചില കമന്റുകൾ ഇങ്ങനെ- 'ഉപഭോഗം കൂടി, പുതിയ ടെക്നോളജി വന്നു ഉൽപ്പാദനം കൂടി. വില കുറഞ്ഞു.'; 'കോഴികളുടെ എണ്ണം വല്ലാതെ കൂടി. സ്വാഭാവികമായും വിലവർദ്ധനവിന്റെ തോത് കുറയും'; 'ബ്രൊയിലർ വന്നു
  പൊരിച്ച കോഴിയും ചപ്പാത്തിയും വന്നു തന്തൂരി വന്നു അൽ ഫാമും KFCയും വരെ കോഴി ജനകീയനായി / ജനകീയയായി'; 'കോഴിക്ക് അന്ന് വില കൂടുതലായിരുന്നു . മൊബൈൽ ഫോൺ കോൾ ചാർജ് കൂടുതലായിരുന്നത് പോലെ'; 'ഒരു കോഴിയുടെ വിലയാണത്, അല്ലാതെ ഒരു കിലോനല്ല'; 'ഊട്ടിയിലെ കോഴി വില വേറെ നമ്മടെ ചട്ടിയിലെ കോഴിടെ വില വേറെ..'; 'പണ്ട് ചിക്കൻ വാങ്ങണമെങ്കിൽ 6 കി.മീ. യാത്ര ചെയ്ത് പത്തനംതിട്ടയിൽ പോകണം.. ഇപ്പം നടക്കാവുന്ന ദൂരത്തിൽ 4 ചിക്കൻ കട'; 'അന്ന് ചിക്കൻ എന്നാൽ വീട്ടിലെ ലക്ഷ്വറി ഭക്ഷണം ആയിരുന്നു.ആരെങ്കിലും വിരുന്നുകാർ വരുമ്പോൾ മാത്രം കിട്ടുന്നത് ഇന്ന് അത് സാധാരണം ആയി.'


  ഭൂമിവില, ഇന്ധനവില എന്നിവയെ കുറിച്ചും കമന്റുകളുണ്ട്. '97ൽ ആറാം തമ്പുരാനിലെ സായ്കുമാറിന് 250 കോടിക്ക് കേരള സംസ്ഥാനം മുഴുവൻ മേടിക്കാമായിരുന്നു. ഇന്ന് എർണാകുളത്തെ 1 ഏക്കർ സ്ഥലം പോലും കിട്ടില്ല ...ഹന്ത കഷ്ടം!!!'; 'എൺപതുകൾ മുതൽ പുറകോട്ടുള്ള സിനിമകളിലെ പഴയ ചായക്കട, ചാരായക്കട സീനുകൾ വരുമ്പോൾ ചുമരിൽ എഴുതിയിരിക്കുന്ന വിലവിവരപ്പട്ടിക ബുദ്ധിമുട്ടി വായിച്ചെടുക്കും. എന്നിട്ട് മൂന്നുരൂപക്ക് ഊണും നാൽപത് പൈസക്ക് ചായയുമൊക്കെ കിട്ടിയിരുന്ന ആ പഴയ കിനാശ്ശേരിയെ കുറിച്ച് സ്വപ്നം കാണും.'; ഓർമ്മ വച്ച കാലം മുതൽ വില കൂടാത്ത ഒരേ ഒരു സാധനം ബബിൾഗം ആണ്. അന്നും ഇന്നും ഒരു രൂപ തന്നെ.'; 'കല്യാണരാമനിൽ പെട്രോൾ ലിറ്റർ 30.50, ഡീസൽ 21.60'- എന്നിങ്ങനെയാണ് കമന്റുകൾ.  പഴയ സിനിമകളിൽ കഥാപാത്രങ്ങളുടെ ശമ്പളത്തെ കുറിച്ചുള്ള കമന്റ് ഇങ്ങനെ- 'നാടോടിക്കാറ്റിൽ ശ്രീനിവാസൻ പറയുന്നുണ്ട് 1000 രൂപ ശമ്പളം മേടിക്കുന്ന ആളാണ് ഞാനെന്ന്...ഇരുപതാം നൂറ്റാണ്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ശമ്പളം പറയുന്നുണ്ട് 1200 രൂപ...
  ഉയരങ്ങളിൽ ഡ്രൈവറുടെ ശമ്പളം പറയുന്നത് 300 രൂപ...നീലത്താമരയിൽ വീട്ടുവേലക്കാരിയുടെ ശമ്പളം പറയുന്നത് 150 രൂപയാണെന്ന് തോന്നുന്നു...'.; 'വന്ദനം സിനിമ . നായിക പരസ്യക്കമ്പനിയിൽ കോപ്പിറൈറ്റർ. ശമ്പളം 300 രൂപ. 50 രൂപയുടെ കൂടി വർധനവിനായി കെഞ്ചുന്നതും കാണാം.'
  Published by:Rajesh V
  First published: