• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ, അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി അവതാരക

'ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രി അവതാരകരെ, അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി അവതാരക

''ഒരു വർഷം മുന്നേ കോഴിക്കോട് ടാഗോറിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ അവതാരക ഞാനായിരുന്നു..... മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിക്കുമ്പോൾ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ്. ഞാൻ മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്കു വന്നു 'മാറി നിൽക്ക്' എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി . എനിയ്ക്കൊന്നും മനസ്സിലായില്ല .....''

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ അവതാരകയെ വേദിയില്‍ വെച്ച് അപമാനിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ വിമർശിച്ച് അവതാരക സനിത മനോഹര്‍. മുഖ്യമന്ത്രി തന്നെയും മുൻപ് വേദിയില്‍ വെച്ച്  അപമാനിച്ചിട്ടുണ്ടെന്ന് സനിത മനോഹര്‍ ഫേസ്ബുക്കിൽ കുറിച്ചു. താനുൾപ്പെടെ മൂന്നാമത്തെ തവണയാണ് വനിതാ അവതാരകരെ മുഖ്യമന്ത്രി വേദിയിൽ വെച്ച് അപമാനിക്കുന്നതെന്നും അവർ കുറിച്ചു. രാഷ്ട്രീയ കാഴ്ചക്കല്ലാതെ യഥാര്‍ത്ഥത്തില്‍ സ്ത്രീകളോട് ബഹുമാനം ഉണ്ടെങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ അവതാരകയോട് ആജ്ഞാപിച്ച് ആളാവുകയല്ല വേണ്ടതെന്നും സനിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

  Also Read- ലോകകേരള സഭയിൽ മലയാളത്തിൽ പ്രസംഗിച്ച് തിളങ്ങി ജർമൻ സ്വദേശിനി

  സനിതയുടെ കുറിപ്പ് ഇങ്ങനെ-

  മുഖ്യമന്ത്രിയോടാണ് , വേദിയിൽ ഇരിക്കാൻ അവസരം കിട്ടുന്ന വിശിഷ്ട വ്യക്തികളോടാണ് , സംഘാടകരോടാണ് .
  ഒരു പരിപാടി ആദ്യം തൊട്ട് അവസാനം വരെ ഭംഗിയായി കൊണ്ടുപോവേണ്ട ഉത്തരവാദിത്വം തീർച്ചയായും അവതാരകയ്ക്കുണ്ട് . എന്ന് കരുതി അവതാരക ഒരു അവതാരമല്ല മനുഷ്യനാണ് . തെറ്റുകൾ സംഭവിക്കാം . തെറ്റുകൾ തിരുത്തി കൊടുക്കേണ്ടത് അവരുടെ അഭിമാനത്തെ മുറിപ്പെടുത്തി ഇനിയൊരിക്കലും വേദിയിൽ കയറാൻ തോന്നാത്ത വിധം തളർത്തിയിട്ടല്ല .

  ഞാനും ഒരു അവതാരകയാണ് . ആവാൻ ആഗ്രഹിച്ചതല്ല ആയി പ്പോയതാണ് .എന്നാൽ മികച്ച അവതാരകയല്ല താനും . എന്റേതായ പരിമിതികൾ നന്നായറിയാം . രഞ്ജിനിയെ പോലെ സദസ്സിനെ ഇളക്കി മറിക്കാനൊന്നും എനിക്കാവില്ല . ദൂരദർശൻ അവതാരകരുടെ രീതിയാണ് . മലയാളമേ പറയൂ . അതെ വൃത്തിയായി പറയാനറിയൂ അത് കൊണ്ടാണ്. ചെറിയ തെറ്റുകൾ പറ്റിയിട്ടുണ്ട്. സദസ്സിനെ നോക്കി നന്നായൊന്നു ചിരിച്ചു ക്ഷമ പറയും തിരുത്തും . എല്ലാ പരിപാടികളും ചെയാറില്ല . എന്റെ നിലപാടുകൾക്ക്, രീതികൾക്ക് യോജിച്ചതെ ചെയ്യാറുള്ളൂ . അതുകൊണ്ടു തന്നെ സംഘാടകരോട് ആദ്യമേ എല്ലാം പറയും. എല്ലാം കേട്ടിട്ടും എന്നെ വിളിക്കുകയാണെങ്കിൽ ചെയ്യും.

  സംഘാടകരുടെ നിർദ്ദേശങ്ങൾ കേട്ട് എന്റേതായ രീതിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കും. വേദിയിൽ എത്തിയാൽ ആവശ്യമില്ലാത്ത ഇടപെടലുകൾക്ക് അനുവദിക്കാറില്ല . അങ്ങോട്ട് അവസരം ചോദിച്ചു പോവാറുമില്ല. ഇതൊന്നും പക്ഷെ പലർക്കും സാധിക്കാറില്ല. അവസരങ്ങൾ നഷ്ട്ടപെട്ടാലോ എന്ന് കരുതി ആരും ഒന്നും പറയുകയുമില്ല. എനിയ്ക്കു അവതരണം ഒരു രസം മാത്രമാണ് . ചിലർക്ക് പക്ഷെ അത് ഭക്ഷണം കൂടിയാണ് .അവരെ കുറ്റം പറയാനാവില്ല. പലപ്പോഴും സ്ക്രിപ്റ്റ് വേദിയിൽ വച്ച് ആ സമയത്ത് ആവും നൽകുക . അതിൽത്തന്നെ പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തിരുത്തലുകൾ വരും .

  അതിനൊക്കെ പുറമെ സംഘാടകരിൽ ചിലരുടെ ശൃംഗാരവും ഉണ്ടാവും . പല അവതാരകരും ഇതൊക്കെ സങ്കടത്തോടെ പറയാറുണ്ട് . ചിലപ്പോൾ കാശും നൽകില്ല . ലക്ഷങ്ങൾ ചിലവാക്കി നടത്തുന്ന പരിപാടിയായാലും അവതാരകർക്കു കാശ് കൊടുക്കാൻ പലർക്കും മടിയാണ്. സംഘാടകരുടെ പിടിപ്പു കേടിനു പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നത് വേദിയിലെ അവതാരകയ്ക്കാണ് . അവതാരക മോശമായെന്നെ പറയൂ .പിന്നാമ്പുറ കഥകൾ കാണികൾക്കറിയില്ലല്ലോ .

  മൂന്ന് നാല് മണിക്കൂർ പരിപാടിയെ നയിക്കുന്ന അവതാരകയുടെ സമയത്തിനോ അഭിമാനത്തിനോ യാതൊരു വിലയും കൊടുക്കാത്ത ഊളകളാവും സംഘാടകരിൽ പലരും.
  ഈ അടുത്ത് കോഴിക്കോട് ടൗൺ ഹാളിൽ മേയറും കലക്ടറും ഒക്കെ പങ്കെടുത്ത ഒരു പരിപാടിയിൽ അധ്യക്ഷനെ വിളിക്കാതെ അവതാരക ഉദ്ഘാടകനെ വിളിച്ചുപോയി. മേയർ രൂക്ഷമായി അവതാരകയെ നോക്കി എന്തോ പറഞ്ഞു. കലക്ടറും നോക്കി അത്ര രൂക്ഷതയോടെ അല്ലെങ്കിലും . അടുത്തത് അധ്യക്ഷനെ വിളിച്ചു.എം കെ മുനീർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹം എഴുന്നേറ്റു വന്നു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അധ്യക്ഷ പ്രസംഗത്തിന് മുന്നേ ഒരു ആമുഖ പ്രസംഗമുണ്ട് എന്ന്. അതിന്നായി അദ്ദേഹം ആ വ്യക്തിയെ സ്നേഹപൂർവ്വം വിളിച്ചുകൊണ്ടു അവതാരകയെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴും പക്ഷെ മേയറും കലക്ടറും അവതാരകയെ കുറ്റപ്പെടുത്തി നോക്കുന്നുണ്ടായിരുന്നു. അവതാരകയ്ക്കു മാറിപ്പോയതാണെന്നു മനസ്സിലാക്കി ആ സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത മുനീറിനോട് ബഹുമാനം തോന്നി.

  നന്നായി ചെയ്യുന്ന അവതാരകയായിട്ടും എന്ത് പറ്റിയെന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞത് സംഘാടകർ സ്ക്രിപ്റ്റ് ഒന്നും കൊടുത്തില്ല. കുറഞ്ഞ സമയം കൊണ്ട് അവിടെ ഇരുന്നു അവൾ തന്നെ തയ്യാറാക്കിയതാണ്. ഭ്രമതയിൽ ആദ്യം തെറ്റിയപ്പോൾ മേയറുടെ നോട്ടത്തിൽ മനസ്സ് ഉലയുകയും പിന്നെയും തെറ്റുകയുമാണുണ്ടായത് . മേയർ നോക്കേണ്ടത് അവളെ ആയിരുന്നില്ല സംഘാടകരെ ആയിരുന്നു .

  ഞാനുൾപ്പെടെ മൂന്നാമത്തെ തവണയാണ് മുഖ്യ മന്ത്രി അവതാരകരെ അതും സ്ത്രീകളെ വേദിയിൽ വച്ച് അപമാനിക്കുന്നത് . ഒരു വർഷം മുന്നേ കോഴിക്കോട് ടാഗോറിൽ നടന്ന അവാർഡ് ദാന പരിപാടിയിൽ അവതാരക ഞാനായിരുന്നു. ക്ഷണിക്കപ്പെടുന്ന വ്യക്തികളെ കുറിച്ച് ഞാൻ തന്നെയാണ് എന്റെ പരിപാടികളിൽ എഴുതി തയ്യാറാക്കുക . സംഘാടകർ കൂടുതൽ എഴുതാൻ പറഞ്ഞാലും വളരെ കുറച്ചെ എഴുതാറുള്ളൂ. ആവശ്യമില്ലാത്ത അലങ്കാരങ്ങൾ നൽകാറില്ല. ആ പരിപാടിയിലും മുഖ്യമന്ത്രിയെ പ്രസംഗിക്കാൻ വിളിക്കുമ്പോൾ രണ്ടേ രണ്ടു വരി വിശേഷണം കൊടുത്തു ക്ഷണിക്കുകയാണ്. ഞാൻ മുഴുമിപ്പിക്കും മുൻപ് മൈക്കിനടുത്തേയ്ക്കു വന്നു "മാറി നിൽക്ക്" ( പഴയ കാലത്ത് ജന്മിമാർ അടിയാളന്മാരോട് പറയുന്നത് പോലെ ) എന്ന് പറഞ്ഞു മൈക്കിലൂടെ പ്രസംഗം തുടങ്ങി . എനിയ്ക്കൊന്നും മനസ്സിലായില്ല . ഞാനെന്തു തെറ്റാണ് ചെയ്തതെന്നും . ആളുകൾ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു . ഒന്ന് പതറിയെങ്കിലും തളർന്നില്ല. അത് അദ്ദേഹത്തിന്റെ മര്യാദ ആവും എന്ന് കരുതി കൂടുതൽ ഊർജ്ജത്തോടെ നിന്നു . പ്രസംഗം കഴിഞ്ഞു നന്ദി പറയാൻ മൈക്കിനടുത്തേയ്ക്കു നടക്കുമ്പോൾ പറയാൻ തീരുമാനിച്ചു . "സർ .സാറിന്റെ മാറിനിൽക്ക് എന്ന ജന്മി പ്രയോഗത്തോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നന്ദി' എന്ന് . പക്ഷെ പറഞ്ഞില്ല .നന്ദി മാത്രം പറഞ്ഞു .

  അന്നത്തെ ആ പരിപാടി തന്റെ ജീവിതവും സമ്പാദ്യവും ഭിന്നശേഷിക്കാർക്കായി മാറ്റിവച്ച ഒരു വലിയ മനുഷ്യന് അവാർഡു നൽകുന്ന ചടങ്ങായിരുന്നു. ആ ചടങ്ങു ഭംഗിയാവണമെന്നു ഏറെ ആഗ്രഹിച്ച ഞാൻ തന്നെ അതിന്റെ ഭംഗി നഷ്ടപ്പെടുത്തുന്നത് ശരിയാണെന്നു തോന്നിയില്ല . ജീവിതത്തിൽ ആദ്യമായിട്ടാണ് അപമാനിക്കപ്പെട്ടിട്ട് പ്രതീകരിക്കാതെ നിന്നത്. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആളുകളുടെ പ്രതീകരണത്തിൽ നിന്നു മനസ്സിലായി പരിഹസിക്കപ്പെട്ടതു ഞാനല്ല മുഖ്യമന്ത്രിയാണെന്ന്.ന്യായീകരണക്കാർ പറയുന്നുണ്ടായിരുന്നു മുഖ്യന് പുകഴ്ത്തുന്നത് ഇഷ്ടമല്ലെന്ന്. രണ്ടു വരി വിശേഷണം ഏതൊരു വ്യക്തിയെ ക്ഷണിക്കുമ്പോളും നല്കുന്നതാണല്ലോ . അതെ നൽകിയിട്ടുള്ളൂ . എന്നാൽ ഇതേ മുഖ്യൻ ദേശാഭിമാനിയുടെ വേദിയിൽ അരമണിക്കൂറോളം അദ്ദേഹത്തെ പുകഴ്ത്തുന്നത് ആസ്വദിച്ചിരിക്കുന്നതിന്റെ വിഡിയോ ഞാൻ കണ്ടിട്ടുണ്ട് .

  രണ്ടു വർഷം മുന്നേ അവതാരകയുടെ ആമുഖം നീണ്ടു പോയി എന്ന് പറഞ്ഞു മുഖ്യമന്ത്രി ഒരു വേദിയിൽ നിന്നു ഇറങ്ങിപ്പോയിരുന്നു . ഇത്രയും ഇപ്പോൾ ഇവിടെ പറഞ്ഞത് മുഖ്യമന്ത്രി വീണ്ടും ഒരു അവതാരകയെ ആളുകളുടെ മുന്നിൽ അപമാനിച്ചതുകൊണ്ടാണ് . വർഷങ്ങളായി നമ്മുടെ നാട്ടിൽ കാണുന്ന രീതിയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് . അത് ഇന്നും തുടരുന്നു . നിലവിളക്കൊക്കെ ചില വിഭാഗത്തിന്റേതു മാത്രമായി കാണാൻ തുടങ്ങിയത് ഈ അടുത്താണല്ലോ . അത്തരം രീതിയോട് വിയോജിപ്പുണ്ടെങ്കിൽ അത് സംഘാടകരെ നേരത്തെ അറിയിക്കണം . നിലവിളക്ക് ഒഴിവാക്കണം . ഇവിടെ ആ അവതാരക പൊതുവെ എല്ലാവരും ചെയ്യുന്നപോലെ ഉദ്ഘാടനം ചെയ്യുമ്പോൾ എല്ലാവരും എഴുന്നേൽക്കണമെന്നു പറഞ്ഞു . ഉദ്ഘാടനം നിലവിളക്ക് കൊളുത്തി ആയതു കൊണ്ട് കൊളുത്തുമ്പോൾ എഴുന്നേൽക്കണമെന്നു പറഞ്ഞു .അത്രയേ ഉള്ളൂ. വേണ്ടവർ എഴുന്നേറ്റാൽ മതി . ആരെയും നിർബന്ധിക്കുകയൊന്നും ഇല്ല . ഞാൻ ഉദ്ഘാടന സമയത്ത് കയ്യടിക്കാനാണ് പറയാറുള്ളത് . ചിലർ ചെയ്യും . ചിലർ ചെയ്യില്ല . ഞാൻ പങ്കെടുക്കുന്ന പരിപാടികൾ ഇങ്ങനെയൊക്കെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്കോ അതേപോലെ ക്ഷണിക്കപ്പെടുന്ന വ്യക്തികൾക്കോ നിലപാടുണ്ടെങ്കിൽ ആദ്യമേ അത് സംഘാടകരെ അറിയിക്കണം . നിർബന്ധമായും പാലിച്ചിരിക്കാൻ നിർദ്ദേശം കൊടുക്കണം . അങ്ങിനെ വരുമ്പോൾ അവർ അത് അവതാരകയെ അറിയിക്കും . അതനുസരിച്ച് അവതാരക വേദിയിൽ പെരുമാറും .രാഷ്ട്രീയകാഴ്ചയ്ക്കല്ലാതെ യഥാർത്ഥത്തിലുള്ള സ്ത്രീ ബഹുമാനം ഉണ്ടെങ്കിൽ ചെയ്യേണ്ടത് അതാണ് അല്ലാതെ ആയിരക്കണക്കിന് ആളുകൾ നോക്കി നിൽക്കുമ്പോൾ അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത് . ചെറുതായാലും വലുതായാലും അഭിമാനം എല്ലാവർക്കുമുണ്ട്.

  (അഭിപ്രായങ്ങൾ വ്യക്തിപരം)
  Published by:Rajesh V
  First published: