ഇന്ത്യക്കാർക്ക് സ്വർണത്തോടുള്ള (Gold) പ്രിയം പ്രശസ്തമാണ്. സ്വർണം എന്ന് കേട്ടാൽ സ്ത്രീകളുടെ പ്രിയപ്പെട്ട ആഭരണം എന്നാണ് പൊതുവിൽ പറയപ്പെടാറ്. എന്നാൽ ലിംഗ വ്യത്യാസമില്ലാതെ പലരുടേയും ഇഷ്ട ആഭരണമാണ് സ്വർണം.
കോവിഡിനെ തുടർന്ന് ലോകം മുഴുവൻ മാസ്ക് നിർബന്ധമാക്കിയപ്പോൾ, സ്വർണവും വജ്രവും പതിച്ച മാസ്കുകൾ വരെ ഇന്ത്യയിൽ ഇറങ്ങിയിരുന്നു. പൊതുവിൽ ആളുകൾ വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ ആണ് വലിയ സ്വർണമാലകളും ആഭരണങ്ങളും ധരിക്കാറ്. അതല്ലാതെ, ഗമയ്ക്ക് വേണ്ടിയും സ്വർണം ധരിച്ച് പുറത്തിറങ്ങുന്നവർ കുറവല്ല.
പക്ഷേ, ദേഷ്യം മാറി ശാന്തനായിരിക്കാൻ സ്വർണം ധരിച്ച് പുറത്തിറങ്ങുന്നവരെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ആന്ധ്രപ്രദേശിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സീതമ്മധരയിലെ ഭൂമി കച്ചവടക്കാരനായ മുക്ക ശ്രീനിവാസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
Also Read-
ഈ മാസത്തെ കുറഞ്ഞ വിലയിൽ നിന്ന് സ്വർണവില ഉയർന്നു; പവന് 360 രൂപ കൂടി
സ്വർണാഭരണം ധരിക്കാതെ ശ്രീനിവാസ് വീടിന് പുറത്തിറങ്ങില്ല. അതും അഞ്ച് കിലോ സ്വർണമാണ് കഴുത്തിലും കയ്യിലുമൊക്കെയായി ഇദ്ദേഹം ധരിക്കുന്നത്. സർവാഭരണവിഭൂഷിതനായി നടക്കുന്ന ശ്രീനിവാസനെ കണ്ട് കൗതുകം തോന്നി ആരെങ്കിലും സെൽഫി എടുക്കാൻ ചെന്നാൽ അവരേയും അദ്ദേഹം നിരാശപ്പെടുത്താറില്ല. ആഭരണം ധരിച്ച് സെൽഫിയെടുക്കാൻ നിൽക്കുന്ന ശ്രീനിവാസൻ ഗ്രാമത്തിലെ പതിവ് കാഴ്ച്ചയാണ്.
Also Read-
5.70 ലക്ഷം രൂപയുടെ സ്വർണ മാസ്ക് ഉണ്ടാക്കി വ്യവസായി; കള്ളന്മാരെ പേടിച്ച് ലോക്കറിൽ
സ്വർണത്തോട് ശ്രീനിവാസന് പ്രത്യേക ഭ്രമമുണ്ടെന്ന് നാട്ടുകാരും പറയുന്നു. എന്നാൽ, വെറും ഭ്രമത്തിന്റെ പേരിലിലല്ല താൻ സ്വർണം ധരിക്കുന്നതെന്നാണ് ശ്രീനിവാസൻ പറയുന്നത്. മരിച്ചുപോയ തന്റെ അമ്മയുമായി ബന്ധപ്പെട്ടതാണ് അതെന്നും അദ്ദേഹം പറയുന്നു.
ആ കഥ ഇങ്ങനെ, കുട്ടിക്കാലത്ത് വലിയ ദേഷ്യക്കാരനായിരുന്നു ശ്രീനിവാസൻ. നിസ്സാര കാര്യത്തിനു പോലും കുഞ്ഞുനാളിൽ കോപിക്കുമായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. മകന്റെ ദേഷ്യം നിയന്ത്രിക്കാൻ അമ്മ പറഞ്ഞുകൊടുത്ത വഴിയാണത്രേ സ്വർണാഭരണം ധരിക്കുക എന്നത്. രണ്ട് മോതിരവും ഒരു മാലയും ധരിച്ചാൽ കോപം നിയന്ത്രിക്കാൻ കഴിയുമെന്ന അമ്മയുടെ ഉപദേശം ഫലിച്ചെന്നും ശ്രീനിവാസ് പറയുന്നു.
ശ്രീനിവാസൻ വലുതായതോടെ ധരിച്ചിരുന്ന ആഭരണങ്ങളുടെ എണ്ണവും ഭാരവും കൂടിയെന്നു മാത്രം. വിശാഖപട്ടണത്തെ 'സ്വർണ മനുഷ്യൻ' എന്നാണ് ശ്രീനിവാസൻ അറിയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.