• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതങ്ങളില്‍ ഒന്നാണ് ആനി ശിവ': മന്ത്രി വീണാ ജോർജ്

'പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതങ്ങളില്‍ ഒന്നാണ് ആനി ശിവ': മന്ത്രി വീണാ ജോർജ്

വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെയെന്നും മന്ത്രി വീണാ ജോര്‍ജ്

ആനി ശിവ (Image-@hokofficial)

ആനി ശിവ (Image-@hokofficial)

 • Share this:
  കഠിനപ്രയത്നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാർഥ്യമാക്കിയ ആനി ശിവ എന്ന പൊലീസ് സബ് ഇൻസ്പെക്ടർക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടി വന്ന ആനിശിവ, ആത്മവിശ്വാസത്തോടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ഒരുകാലത്ത് തെരുവിൽ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റു നടന്ന ആനി ശിവ ഇന്ന് വര്‍ക്കലയിൽ സബ് ഇൻസ്പെക്ടറാണ്. നടൻ മോഹൻലാൽ ഉൾപ്പടെ നിരവധി പ്രമുഖരാണ് ആനി ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ആനി ശിവയെ ആഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തി.

  പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ജീവിതങ്ങളിലൊന്നാണ് ആനി ശിവയുടേതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വീണ ജോർജ് പറഞ്ഞു. വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെയെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവും വീട്ടുകാരും തെരുവില്‍ ഉപേക്ഷിച്ച്‌ പോയിട്ടും കൈക്കുഞ്ഞുമായി ജീവിത സാഹചര്യങ്ങളോട് പോരാടി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തെരുവോര കച്ചവടക്കാരിയായി എത്തിയ വര്‍ക്കലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി എത്തിയ ആനി ശിവയുടെ ജീവിതം ലോകമെമ്ബാടുമുള്ള സ്ത്രീകള്‍ക്ക് ആവേശമാണെന്നും വീണാ ജോര്‍ജ് കുറിച്ചു.

  മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

  വര്‍ക്കല സ്റ്റേഷനില്‍ എസ് ഐ ആയി ചുമതലയേറ്റെടുത്ത ആനി ശിവയെ ഇന്ന് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു. പ്രതിസന്ധികളില്‍ തളരരുതെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. അതിലൊരാളാണ് ആനി ശിവ. ഭര്‍ത്താവും വീട്ടുകാരും തെരുവില്‍ ഉപേക്ഷിച്ച്‌ പോയിട്ടും കൈക്കുഞ്ഞുമായി ജീവിത സാഹചര്യങ്ങളോട് പോരാടി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തെരുവോര കച്ചവടക്കാരിയായി എത്തിയ വര്‍ക്കലയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി എത്തിയ ആനി ശിവയുടെ ജീവിതം ലോകമെമ്ബാടുമുള്ള സ്ത്രീകള്‍ക്ക് ആവേശമാണ്. വീടുകള്‍ക്കുള്ളില്‍ പോലും നമ്മുടെ സ്ത്രീകള്‍ നേരിട്ടുന്ന അതിക്രമങ്ങളെ പ്രതികരിക്കാന്‍ ഈ മാതൃകകള്‍ ഊര്‍ജ്ജമാകട്ടെ..

  Also Read- 'ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ഈ വിജയം പ്രചോദനമാകട്ടെ' എസ്.ഐ ആനി ശിവയെ അഭിനന്ദിച്ച് മോഹൻലാൽ

  10 വര്‍ഷം മുന്‍പ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത് സബ് ഇന്‍സ്‌പെക്ടറാണ്. ഇതിനോടകം നിരവധി പേരാണ് ആനിക്ക് അഭിനന്ദനങ്ങലുമായി രംഗത്തെത്തിയത്..

  കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളജിൽ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.


  ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വിൽക്കൽ, ഇൻഷുറൻസ് ഏജന്‍റ്. വിദ്യാര്‍ഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കൽ, ഉത്സവ വേദികളിൽ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു. ഇതിനിടയിൽ കോളജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകൾക്കിടയിലും പഠിച്ച് സോഷ്യോളജിയിൽ ബിരുദം നേടി.
  Published by:Anuraj GR
  First published: