തിരുവനന്തപുരം: ഇന്ന് സോഷ്യൽ മീഡിയയിൽ താരമായത് ഒരു വനിതാ എസ്.ഐയാണ്. വർക്കല സ്റ്റേഷനിലെ ആനി ശിവ. കഠിനപ്രയത്നത്തിലൂടെ ജീവിതത്തിലെ തിരിച്ചടികളെ മറികടന്ന് സ്വപ്നം യാഥാർഥ്യമാക്കിയ പൊലീസ് ഉദ്യോഗസ്ഥയുടെ കഥ സോഷ്യൽമീഡിയയിൽ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല. ഭര്‍ത്താവും ഉറ്റവരും ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടി വന്ന ആനിശിവ,
ആത്മവിശ്വാസത്തോടെയാണ് ജീവിതം തിരിച്ചുപിടിച്ചത്. ഒരുകാലത്ത് തെരുവിൽ ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റു നടന്ന ആനി ശിവ ഇന്ന് വര്‍ക്കലയിൽ സബ് ഇൻസ്പെക്ടറാണ്. നടൻ മോഹൻലാൽ, മന്ത്രി വീണാ ജോർജ് ഉൾപ്പടെ നിരവധി പ്രമുഖരാണ് ആനി ശിവയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പ്രമുഖരുടെ ഉൾപ്പടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി സോഷ്യൽ മീഡിയയിൽ താരമായ ദിവസം തന്നെ ആനി ശിവയ്ക്ക് വർക്കലയിൽ നിന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. നേരത്തെ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ആനിയുടെ സ്ഥലംമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വര്‍ക്കലയില്‍ നിന്നും എറണാകുളത്തേക്ക് ആനിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയത്.
ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്നു. അവിടെ നിന്നും ജീവിതം തിരികെ പിടിച്ച് പൊലീസ് കുപ്പായത്തിലെത്തിയ പോരാട്ട കഥയാണ് വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ ആനി ശിവയുടെത്. ശിവഗിരി തീർഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ സബ് ഇൻസ്പെക്ടർ ആയി എത്തുമ്പോൾ അത് തളരാത്ത ആത്മവീര്യത്തിന്‍റെ ചിത്രം കൂടിയാവുകയാണ്.
കോളജ് വിദ്യാർഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്നത്. കാഞ്ഞിരംകുളം കെ.എൻ.എം. ഗവ. കോളജിൽ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോൾ ഈ കൂട്ട് നഷ്ടമായി. കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്നങ്ങൾ ഉടലെടുത്തു. തുടർന്ന് അമ്മൂമ്മയുടെ വീട്ടിലെ ഒരു ചായ്പ്പിലായി താമസം.
പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസ്സില്‍ കടന്ന് കൂടിയത്. IPS ആകണം എന്നതായിരുന്നു ആഗ്രഹം പക്ഷെ സാഹചര്യം അനുകൂലമായിരുന്നില്ല. തുടർന്ന് എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിലേക്ക്. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്.ഐ.യായി ആദ്യനിയമനം.
‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’. സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.