നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു, ശബ്ദം ഇടറി'; കെ.ആർ. വിശ്വംഭരനെ അവസാനമായി കണ്ട ശേഷമുള്ള മമ്മൂട്ടിയെ കുറിച്ച് ആന്റോ ജോസഫ്

  'ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു, ശബ്ദം ഇടറി'; കെ.ആർ. വിശ്വംഭരനെ അവസാനമായി കണ്ട ശേഷമുള്ള മമ്മൂട്ടിയെ കുറിച്ച് ആന്റോ ജോസഫ്

  'ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്...' മമ്മുക്കയെക്കുറിച്ച് ആന്റോ ജോസഫ്

  കെ.ആർ. വിശ്വംഭരൻ, മമ്മൂട്ടി

  കെ.ആർ. വിശ്വംഭരൻ, മമ്മൂട്ടി

  • Share this:
   ഔഷധി ചെയർമാനും സർവകലാശാലാ മുൻ വൈസ് ചാൻസലറുമായിരുന്ന കെ.ആർ. വിശ്വംഭരനും നടൻ മമ്മൂട്ടിയും സഹപാഠികളായിരുന്നു. കൂട്ടുകാരനെ അവസാനമായി കാണാൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനും മരുമകൾ അമാൽ സൂഫിയക്കുമൊപ്പമാണ് എത്തിച്ചേർന്നത്. ഡ്രൈവറെപ്പോലും വയ്ക്കാതെ സ്വന്തമായി കാർ ഓടിച്ചതാണ് മമ്മൂട്ടി എത്തിയത്. എന്നാൽ ആ സന്ദർഭത്തിന് ശേഷം വീട്ടിലെത്തിയ മമ്മൂട്ടിയെ കണ്ടയാളാണ് നിർമ്മാതാവ് ആന്റോ ജോസഫ്. ഇത്രയും വലിയ ദുഃഖം താങ്ങിയ മമ്മുക്കയെ കുറിച്ചുള്ള വാക്കുകൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

   "സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍. വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍. വിശ്വംഭരന്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട, ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു.   മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...' സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍.

   രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..."

   Summary: Producer Anto Joseph writes a note about Mammootty after he paid one last visit to his friend, late K.R. Vishwambharan
   Published by:user_57
   First published:
   )}