ദത്തുവിവാദത്തിലൂടെ വാര്‍ത്തകളിലിടംപിടിച്ച അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത്കുമാറും മകന് ഏയ്ഡനും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇപ്പോള്‍ ഇവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്ന ഫാമിലി വ്ലോഗാണ് വൈറലായിരിക്കുന്നത്. 'അനുപമ അജിത് വ്ലോഗ്' എന്ന ചാനലിലൂടെ ആറു വീഡിയോയാണ് ഇതുവരെ പങ്കുവച്ചിരിക്കുന്നത്.
രണ്ടു മാസം മുമ്പ് യൂട്യൂബില്‍ റിലീസ് ചെയ്ത ആദ്യ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്‍, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകള്‍ എന്നിവയൊക്കെയാണു വിഷയങ്ങള്‍.
കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്‍ക്കിടെ സൗഹൃദത്തിലായ ചിലര്‍ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്കി. വിഡിയോകള്‍ ഹിറ്റ് ആയതോടെ യൂ ട്യൂബില്‍ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ.
Also Read-ആദ്യഭാര്യയിലുള്ള മകനെ വിവാഹം ചെയ്ത് രണ്ടാം ഭാര്യ; പരാതിയുമായി ഭര്‍ത്താവ്
തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്. ഒന്നര വയസ്സായ ഏയ്ഡന്‍ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയതിന്റെ സന്തോഷമാണ് വീഡിയോകളില്‍ പങ്കുവയ്ക്കുന്നത്. ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികള്‍ക്കു ദത്ത് നല്കിയ കുഞ്ഞിനെ കഴിഞ്ഞ നവംബറിലാണു സമരങ്ങളുടെയും സാമൂഹിക ഇടപെടലിന്റെയും ഫലമായി തിരിച്ചുകിട്ടിയത്.
സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പിഎസ് ജയചന്ദ്രന്റെ മകളുമാണ് അനുപമ. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ 19നാണു കുഞ്ഞുണ്ടാകുന്നത്. ആ സമയത്ത് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവായിരുന്ന അജിത്തുമായി ബന്ധം സ്ഥാപിക്കുന്നതിനെ എതിര്‍ത്ത വീട്ടുകാര്‍ അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ ഉപേക്ഷിച്ചെന്നും സമിതി കുഞ്ഞിനെ ദത്തു നല്‍കിയെന്നുമായിരുന്നു കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Vloggers, Youtube channel