നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എപിജെ അബ്ദുൾ കലാം ചരമവാർഷികം: ശാസ്ത്രമേഖലക്ക് മുൻ രാഷ്ട്രപതി നൽകിയ സംഭാവനകൾ

  എപിജെ അബ്ദുൾ കലാം ചരമവാർഷികം: ശാസ്ത്രമേഖലക്ക് മുൻ രാഷ്ട്രപതി നൽകിയ സംഭാവനകൾ

  സ്വന്തമായി സാറ്റലൈറ്റ് വിക്ഷേപണ വാഹനം (എസ്എല്‍വി) എന്നത് അക്കാലത്ത് ഇന്ത്യയുടെ സ്വപ്നമായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട എപിജെ അബ്ദുള്‍ കലാമിന്റെ പരിശ്രമമാണ് ഇന്ത്യന്‍ നിര്‍മ്മിത സാറ്റലൈറ്റ് വിക്ഷേപണ വാഹനം സാധ്യമാക്കിയത്.

  എ പി ജെ അബ്ദുള്‍ കലാം

  എ പി ജെ അബ്ദുള്‍ കലാം

  • Share this:
   2002 മുതല്‍ 2007 വരെ ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ച എപിജെ അബ്ദുള്‍ കലാം ബഹിരാകാശ ശാസ്ത്രജ്ഞനും മികച്ച ഒരു അധ്യാപകനും ആയിരുന്നു. ജനപ്രിയ രാഷ്ട്രപതി എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. 2015 ജൂലൈ 27 ന് ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ കുഴഞ്ഞ് വീണ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.

   എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷികമായ ഇന്ന് അദ്ദേഹം ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് നോക്കാം

   സ്വന്തമായി സാറ്റലൈറ്റ് വിക്ഷേപണ വാഹനം (എസ്എല്‍വി) എന്നത് അക്കാലത്ത് ഇന്ത്യയുടെ സ്വപ്നമായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ട എപിജെ അബ്ദുള്‍ കലാമിന്റെ പരിശ്രമമാണ് ഇന്ത്യന്‍ നിര്‍മ്മിത സാറ്റലൈറ്റ് വിക്ഷേപണ വാഹനം സാധ്യമാക്കിയത്. അബ്ദുള്‍ കലാം നിര്‍മ്മിച്ച എസ് എല്‍ വി 3 യിലൂടെ രോഹിണി സാറ്റലൈറ്റിനെ നാം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. സ്‌പേസ് ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും ഇതിലൂടെയായിരുന്നു.

   ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ (ഐഎസ്ആര്‍ഒ) രണ്ട് ദശാബ്ദം സേവനം അനുഷ്ഠിച്ച ശേഷം പ്രതിരോധ ഗവേഷണ വികസന വിഭാഗത്തില്‍ (ഡിആര്‍ഡിഒ) തദ്ദേശീയ മിസൈലുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചുമതല കലാമിന് നല്‍കി. അഗ്‌നി, പൃഥി മിസൈലുകള്‍ വികസിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്ന പേര് കലാമിന് ലഭിക്കുന്നത് അങ്ങനെയാണ്.

   1992- 99 കാലത്ത് പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു എപിജെ അബ്ദുള്‍ കലാം. ഇക്കാലത്താണ് പൊക്രാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നത്.

   പൊക്രാന്‍ 2 ആണവ പരീക്ഷണത്തിന് നേതൃത്വം നല്‍കിയതും എപിജെ അബ്ദുള്‍ കലാമാണ്. ഇന്ത്യയെ ആണവശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചത് ഇതാണ്. അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ രാഷ്ട്രങ്ങള്‍ക്ക് മാത്രമാണ് അന്ന് ആണവശക്തി ഉണ്ടായിരുന്നത്.

   ഹൃദ്രോഗ വിദഗ്ധനായ ഡോ. ബി സോമ രാജുവമായി ചേര്‍ന്ന് ഇന്ത്യയുടെ ആദ്യത്തെ കൊറോണറി സ്റ്റെന്റര്‍ നിര്‍മ്മിക്കുന്നതിലും കലാം പങ്കാളിയായി. 1994 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ സ്റ്റെന്ററിന് കലാം-രാജു സ്റ്റെന്റര്‍ എന്ന പേരും നല്‍കി. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റെന്ററുകളുടെ വില 50 ശതമാനത്തോളം കുറയാന്‍ ഇത് കാരണമായി. ഈ സെന്ററിന്റെ നവീകരിച്ച പതിപ്പുകള്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

   എയറോനോട്ടിക്ക് എഞ്ചിനീയറിംഗില്‍ വൈദഗ്ധ്യം നേടിയാണ് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും അദ്ദേഹം പുറത്തിറങ്ങുന്നത്. അതിന് ശേഷം ധാരാളം എവിയോണിക്കുമായി ബന്ധപ്പെട്ട (വിമാനത്തിലെ ഇലക്ടോണിക്‌സിന്റെ പ്രയോഗം) പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ വിമാനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവര്‍ത്തിച്ചു. യുദ്ധവിമാനം പറത്തുന്ന ആദ്യ രാഷ്ട്രപതിയും എപിജെ അബ്ദുള്‍ കലാം ആണ്.

   സ്റ്റെന്ററിന് ശേഷം ഡോ. സോമ രാജുവുമായി ചേര്‍ന്ന് ഒരു ഒരു ടാബ്ലലെറ്റ് കമ്പ്യൂട്ടറും 2012ല്‍ കലാം വികസിപ്പിച്ചെടുത്തിരുന്നു. ഗ്രാമീണ മേഖലയില്‍ ഉണ്ടാകുന്ന അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളെ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനായാണ് ഇത്തരമൊരു ടാബ്ലറ്റ് വികസിപ്പിച്ച് എടുത്തത്.
   Published by:Jayashankar AV
   First published: