• HOME
  • »
  • NEWS
  • »
  • buzz
  • »
  • Apple iPod | ആപ്പിൾ ഐപോഡ് ഇനിയില്ല; പഴയ സുഹൃത്തിനോട് ഗുഡ്ബൈ പറഞ്ഞ് ട്വിറ്റർലോകം

Apple iPod | ആപ്പിൾ ഐപോഡ് ഇനിയില്ല; പഴയ സുഹൃത്തിനോട് ഗുഡ്ബൈ പറഞ്ഞ് ട്വിറ്റർലോകം

21 വർഷങ്ങൾക്ക് ശേഷം ഐപോഡ് ഗുഡ്ബൈ പറയുകയാണ്

  • Share this:
    ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് ഒരു യുഗം ഇതാ അവസാനിക്കുകയാണ്. ആപ്പിൾ (Apple) എന്ന കമ്പനിയുടെ വളർച്ചയിലെ ആദ്യപടിയായിരുന്ന ഐപോഡ് (iPod) ഇനിയില്ല. കമ്പനി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായ ഐപോഡുകൾ കൂടി ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. പുതിയ ഐപോഡുകൾ കമ്പനി ഇനി പുറത്തിറക്കില്ല.

    2001 ഒക്ടോബർ 23നായിരുന്നു സ്റ്റീവ് ജോബ്സിൻെറ ആ പ്രഖ്യാപനം. ആപ്പിൾ ഐപോഡിൻെറ വരവ് ശരിക്കും ചരിത്രമായിരുന്നു. അവിടെ നിന്നാണ് ഡിജിറ്റൽ ലോകത്ത് പിന്നീട് വലിയ ചുവടുവെപ്പുകൾ ഉണ്ടായത്. 21 വർഷങ്ങൾക്ക് ശേഷം ഐപോഡ് ഗുഡ്ബൈ പറയുകയാണ്.

    ആപ്പിൾ പുറത്തിറക്കിയ ഉൽപ്പന്നങ്ങളിൽ ഏറ്റവും പഴയതാണ് ഐപോഡ്. ഇനി ഐപോഡുകൾ ഇറക്കില്ലെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാനത്തെ സ്റ്റോക്കിലുള്ളത് വാങ്ങാൻ സാധിക്കും. OG iPod ആയിരുന്നു ആപ്പിൾ പുറത്തിറക്കിയ ആദ്യത്തെ MP3 പ്ലെയർ. 10 മണിക്കൂർ ബാറ്ററി കിട്ടുന്ന ഈ ഐപോഡിൽ 1000 പാട്ടുകൾ വരെ സ്റ്റോർ ചെയ്യാനാവും എന്നതായിരുന്നു പ്രത്യേകത. ഇന്ന് കാലം മാറുമ്പോൾ അത് വലിയ സംഭവമല്ലാതായിരിക്കുന്നു. എന്നാൽ 2001ൽ ഐപോഡിൻെറ വരവ് ചരിത്രം തന്നെയായിരുന്നു. “ആയിരം പാട്ടുകൾ നിങ്ങളുടെ പോക്കറ്റിൽ” എന്ന പരസ്യ വാചകവുമായിട്ടായിരുന്നു ആദ്യ ജനറേഷൻ ഐപോഡുകൾ ഇറങ്ങിയത്.

    2001 ഒക്ടോബറിലാണ് സ്റ്റീവ് ജോബ്സ് ഐപോഡിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. നവംബറിൽ മാർക്കറ്റിലെത്തുകയും ചെയ്തു. ഐപോഡിനെ വല്ലാത്ത വേദനയോടെയാണ് ട്വിറ്റർ ലോകം യാത്രയയക്കുന്നത്. തങ്ങളുടെ കയ്യിലെ പഴയ ഐപോഡുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഓർമ്മകൾ അയവിറക്കിയാണ് വിടപറച്ചിൽ. ഇപ്പോഴും ഐപോഡ് ഉപയോഗിക്കുന്നവർ നിരവധിയാണെന്ന് ട്വീറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു.

    “എൻറെ വളർച്ചയിൽ ഒപ്പമുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട കൂട്ടാണ് ആപ്പിൾ ഐപോഡ്. ജീവിതത്തിൽ എനിക്കേറ്റവും പ്രിയം അവയോടായിരുന്നു. സംഗീതലോകത്ത് വലിയ വിപ്ലവത്തിനാണ് ഐപോഡിൻെറ വരവ് തുടക്കമിട്ടത്. എൻെറ എല്ലാ ഐപോഡുകളും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്,” ഒരാൾ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതിൽ ഐപോഡിന് വലിയ പങ്കുണ്ടെന്നാണ് പലരും പറയുന്നത്. പഴയ സുഹൃത്ത് വിടപറയുമ്പോൾ വളരെ വൈകാരികമായി സങ്കടവും സ്നേഹവുമൊക്കെ പ്രകടിപ്പിച്ച് കൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് ട്വിറ്ററിൽ നിറയുന്നത്.

    ഡിജിറ്റൽ മേഖലയുടെ ഒച്ചിഴയും പോലെയുള്ള വളർച്ചയെ ഒറ്റയടിക്ക് മുന്നോട്ട് നയിക്കാൻ കെൽപ്പുള്ളതായിരുന്നു ഐപോഡിൻെറ വരവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 2001ൽ ഐപോഡ് വന്നതോടെ ഡിജിറ്റൽ ബിസിനസ് രംഗം വലിയ ലാഭത്തിലേക്ക് ഉയർന്ന് തുടങ്ങി. ചരിത്രത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സ്റ്റീവ് ജോബ്സ് തുടങ്ങിവെച്ച ആപ്പിൾ കമ്പനി പിന്നീട് വളർന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2004ലാണ് ആപ്പിൾ ഐപോഡ് മിനി പുറത്തിറക്കുന്നത്. സംഗീത മാർക്കറ്റിൽ ആപ്പിളിൻെറ മേൽക്കൈ പിന്നെയും ഉയർത്തുന്നതായിരുന്നു ഐപോഡ് മിനിയുടെ വരവ്.
    Published by:Jayashankar Av
    First published: