• HOME
  • »
  • NEWS
  • »
  • buzz
  • »
  • ARCHAEOLOGISTS DISCOVERED A 2200 YEAR OLD SHIPWRECK IN THE MEDITERRANEAN SEA SAR

മെഡിറ്ററേനിയൻ കടലിൽ 2,200 വർഷം പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തി

മണ്‍പാത്രങ്ങളും ഈജിപ്തില്‍ കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് ആരാധിക്കുന്ന ബെസ് എന്ന ദേവനെ ചിത്രീകരിച്ചിട്ടുള്ള ഒരു സ്വര്‍ണ്ണത്തകിടും കപ്പലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    2,200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കണ്ടെടുത്തു. ഒരു ഭൂകമ്പത്തിന്റെ ഫലമായി നശിച്ച അമുന്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ വന്ന് പതിച്ചാണ് കപ്പല്‍ കടലില്‍ മുങ്ങിപ്പോയത് എന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിന്റെ വടക്കന്‍ തീരത്ത് നിലകൊണ്ടിരുന്ന പ്രാചീന നഗരമായ ഹെറാക്ലിയോണിന്റെ അടിയിലായാണ് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 1,200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ഭൂകമ്പത്തില്‍ നശിക്കപ്പെട്ട ഈ നഗരം പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയത്. ഈ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ഉത്ഖനനത്തിലൂടെ കണ്ടെടുക്കുന്നതിനിടയിലാണ് പഴക്കമേറിയ ഈ കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.

    82 അടി നീളമുണ്ടായിരുന്ന ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൈല്‍ നദിയിലൂടെയും അഴിപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള പരന്ന അടിമരം ഉപയോഗിച്ചാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്ന കപ്പലുകളില്‍ കണ്ടു വരാറുള്ള പൊതുവായ ഒരു സവിശേഷതയാണ് ഇത്.

    നിലവില്‍ ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് ഈ കപ്പല്‍ ഈജിപ്തില്‍ തന്നെയാണ് നിര്‍മിച്ചത് എന്നാണെന്ന് ഈജിപ്ഷ്യന്‍ വിനോദസഞ്ചാര, പുരാവസ്തു വകുപ്പ് മന്ത്രാലയം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

    സമുദ്രത്തിന്റെ കളിമണ്ണ് നിറഞ്ഞ അടിത്തട്ടില്‍ നിന്ന് 16 അടി താഴ്ചയില്‍ നിന്നാണ് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഈ ഭാഗത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു വലിയ പ്രാചീനമായ ശവക്കൂന കൊണ്ട് മൂടിയ ഒരു പ്രദേശമായിരുന്നു ഇത്. പ്രാചീന കാലത്ത് ശ്മശാനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വലിയ പാറക്കൂട്ടങ്ങളും ഇവിടെ ഉണ്ടായിരുന്നു.

    മണ്‍പാത്രങ്ങളും ഈജിപ്തില്‍ കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട് ആരാധിക്കുന്ന ബെസ് എന്ന ദേവനെ ചിത്രീകരിച്ചിട്ടുള്ള ഒരു സ്വര്‍ണ്ണത്തകിടും കപ്പലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിഹാസ കഥകള്‍ സൂചിപ്പിക്കുന്നത് പ്രകാരം, പുരാതന കാലത്ത് ഈജിപ്ഷ്യന്‍ ജനത ചെറിയ കുട്ടികളെയും പ്രസവിക്കുന്ന സ്ത്രീകളെയും സംരക്ഷിക്കാന്‍ ഈ ദൈവത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു.

    Also read: വളർത്തിയ അമ്മയോടുള്ള ആദരം; പേരിനോടൊപ്പം അമ്മയുടെ പേര് കൂടി ചേർത്ത് ഐ.ഐ.എം വിദ്യാർത്ഥി

    വളരെ അപൂര്‍വമായ കണ്ടെത്തല്‍ എന്നാണ് മുതിര്‍ന്ന ഗവേഷകനായ ഫ്രാങ്ക് ഗോഡിയോ ഈ കപ്പലിന്റെ കണ്ടെത്തലിനെ സൂചിപ്പിച്ചുകൊണ്ട് പ്രതികരിച്ചത്. മണ്‍മറഞ്ഞുപോയ ഈ പ്രാചീന നഗരത്തില്‍ ജീവിച്ചിരുന്ന ഗ്രീക്ക് വ്യാപാരികളുടെ സാന്നിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നാണ് ഈ കപ്പലിന്റെ കണ്ടെത്തലെന്ന് ഈജിപ്ഷ്യന്‍ വിനോദ സഞ്ചാര, പുരാവസ്തു വകുപ്പ് മന്ത്രാലയം പറഞ്ഞു. ഫറവോ രാജവംശങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ ബൃഹത്തായ അമുന്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് ഗ്രീക്ക് ജനതയും അവിടെ അധിവസിക്കുകയും സ്വന്തം സങ്കേതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രാലയം പ്രസ്താവനയിലൂടെ പറയുന്നു. പിന്നീട്, ഈ മനുഷ്യ നിര്‍മിതികളെല്ലാം ഭൂകമ്പത്തിന്റെ ഫലമായി തകര്‍ന്നു പോവുകയായിരുന്നു.
    Published by:Sarath Mohanan
    First published:
    )}