Raka Mukherjee
സൗത്ത് അമേരിക്കയിലെ കൊളംബിയയിൽ വെച്ച് നടന്ന മിസ് ഇന്റർനാഷനൽ ട്രാ൯സ് 2021ൽ സെക്കന്റ് റണ്ണറപ്പ് കിരീടം നേടി ഇന്ത്യക്കും, ഇന്ത്യയിയിലെ ട്രാ൯സ് സമൂഹത്തിന് മുഴുവനും അഭിമാനമായി മാറിയിരിക്കുകയാണ് ആർച്ചി സിംഗ്. ഒരു സാധാരണക്കാരിയിൽ നിന്ന് മിസ് ട്രാ൯സ് ഇന്റർനാഷനൽ സെക്കന്റ് റണ്ണർ അപ്പ് എന്ന ബഹുമതിയിലേക്കുള്ള ഈ 22 വയസ്സുകാരിയുടെ പലായനം ഏറെ ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നു.
“ഞാനൊരു സ്ത്രീയാണ്. ഞാ൯ ട്രാ൯സ് ആണ്, പക്ഷെ സ്ത്രീക്കുള്ള എല്ലാ തുല്യതയും എനിക്കുമുണ്ട്. ഔദ്യോഗിക രേഖകളിൽ എന്നെ സ്ത്രീയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞാ൯ ലിംഗ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്” മുൻപ് തനിക്ക് നേരിടേണ്ട വന്ന വിവേചനങ്ങൾ ഓരോന്നായി ഓർത്തെടുത്ത് ആർച്ചി പറയുന്നു. “പക്ഷെ ആളുകൾ എന്നെ കേട്ടിരുന്നില്ല. ആളുകൾക്ക് വേണ്ടിയിരുന്നത് ട്രാ൯സ് അല്ലാതിരുന്ന ഒരു സ്ത്രീയെയാണ്. എന്നാൽ ഞാനതൊന്നും വകവെച്ചിരുന്നില്ല” ആർച്ചി ന്യൂസ്18 നോട് പറഞ്ഞു.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അന്താരാഷ്ട്ര വേദിയിലെത്തി നില്ക്കുകയാണ് ആർച്ചി ഇപ്പോൾ. കൊളംബിയയിലെത്തിയപ്പോഴാണ് താനൊറ്റയ്ക്കല്ല എന്ന തിരിച്ചറിവ് ആർച്ചിക്കുണ്ടായത്. “കൊളംബിയയിലെത്തി മറ്റു മത്സരാർത്ഥികളെ കണ്ടപ്പോഴാണ് എന്നെപ്പോലെ നിരവധി പേരുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായത്. ഇത് എനിക്ക് കൂടുതൽ കരുത്ത് പകർന്നു. ട്രാ൯സ്ജെന്ററുകൾക്ക് തങ്ങളെ പ്രദർശിപ്പിക്കാ൯ വേദിയുണ്ടെന്നത് വളരെ വലിയ ഒരു കാര്യമാണ്. മു൯വിധിയില്ലാതെ ആളുകൾ ഞങ്ങളെ സമീപിക്കുന്ന ഒരിടം…,” ആർച്ചി പറയുന്നു.

Archie Singh
താനൊരു വലിയ സമൂഹത്തിന്റെ ഭാഗമായെന്ന ആശ്വാസം ആർച്ചിക്കുണ്ടായെങ്കിലും അത്ര എളുപ്പമായിരുന്നില്ല ഈ മത്സരം. “ആവേശത്തോടെയാണെങ്കിലും ഉള്ളിൽ ഏറെ പേടിയുമുണ്ടായിരുന്നു എനിക്ക്. ഈ മത്സരത്തിൽ പങ്കെടുക്കുക എന്നതൊരു സ്വപ്നമായിരുന്നു. ഇന്ത്യയുടെയും, LGBTQ സമൂഹത്തിന്റെയും, രക്ഷിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം,” ആർച്ചി കൂട്ടിച്ചേർത്തു.
ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും അതിലപ്പുറം വിജയിച്ച പ്രതീതിയാണ് തനിക്കുള്ളതെന്ന് ഇവർ പറയുന്നു. “എനിക്ക് ഇപ്പോൾ ലോകത്തിന്റെ എല്ലാ ഭാഗത്തും ബന്ധുക്കളുണ്ടെന്ന് അഭിമാനത്തോടെ പറയാം. എല്ലാ അവസരങ്ങളെയും പോസിറ്റീവായിട്ടും, കൂടുതൽ പഠിക്കാനുള്ള അവസരമായിട്ടുമാണ് ഞാ൯ കാണുന്നത്. ഭാവിയിൽ ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ഒരുപാട് കാര്യങ്ങൾ ഇനി ഒരുമിച്ചിരുന്ന് ചെയ്യാനുണ്ട്,”
Also Read-
പകർച്ചവ്യാധിക്കാലത്ത് ഒറ്റപ്പെട്ടു പോകുന്നവർക്ക് ചെമ്മരിയാടുകളെ ആലിംഗനം ചെയ്യാൻ അവസരമൊരുക്കി ഫാം
“ഞാ൯ പ്രതിനിധീകരിക്കുന്ന സമൂഹത്തിന് തുല്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടാ൯ കഴിയുന്നത് ഒരു ഭാഗ്യമായി കാണുന്നു. ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുപാട് പേർക്ക് പ്രചോദനവും, വിദ്യാഭ്യാസവും നൽകാനുണ്ട്,” ആർച്ചി പറയുന്നു.
ഡെൽഹിയിലെ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച ആർച്ചി ചെറുപ്പത്തിൽ തന്നെ താനൊരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. “സ്കൂൾ നാൾ മുതൽക്കേ ഞാനൊരു സ്ത്രീയാണെന്നെനിക്കറിയാമായിരുന്നു. ഇത് വെളിപ്പെടുത്തിയപ്പോൾ കുടുംബം എന്നെ പി൯തുണച്ചുവെന്നത് വളരെ വലിയ ഒരു കാര്യമാണ്,” ന്യൂസ്18നുമായി ആർച്ചി തന്റെ കുട്ടിക്കാലം ഓർത്തെടുത്തു.
17ാമത്തെ വയസ്സിലാണ് തന്റെ ട്രാ൯സ് വ്യക്തിത്വം അവർ വെളിപ്പെടുത്തിയത്. “എന്റെ യഥാർത്ഥ വ്യക്തിത്വം എന്താണെന്ന് വെളിപ്പെടുത്താ൯ ഞാ൯ ആഗ്രഹിച്ചു. മറ്റൊരാളായി അഭിനയിക്കേണ്ട അവസ്ഥ വേണ്ട,” അവർ പറയുന്നു. പിന്നീടാണ് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചത്.
“മോഡലിംഗ് തുടങ്ങുന്നതിന് മുന്പ് സോഷ്യൽ വർക്ക് ആയിരുന്നു ആർച്ചിയുടെ ഹോബി. ട്രാ൯സ്ജെന്ഡറുകളെ പറ്റി സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയായിരുന്നു പ്രധാനമായിട്ടും. മോഡലിംഗ് എനിക്ക് കൃത്യമായ ഒരു പ്ലാറ്റ്ഫോം നൽകി. അങ്ങനെ അതൊരു അഭിനിവേശമായി മാറുകയായിരുന്നു.” ആർച്ചി പറഞ്ഞു നിർത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.