നിങ്ങൾ എത്ര കടുത്ത സമൂസ ആരാധകനാണെങ്കിലും ഈ ബാഹുബലി സമൂസ (Baahubali Samosa) കഴിച്ച് തീർക്കാൻ കഷ്ടപ്പെടുക തന്നെ ചെയ്യും. ഉത്തർപ്രദേശിലെ (Uttar Pradesh) മീററ്റിലുള്ള കൗശൽ സ്വീറ്റ്സിലാണ് (Kaushal Sweets) ആരെയും അമ്പരപ്പിക്കുന്ന ബാഹുബലി സമൂസയുള്ളത്. എട്ട് കിലോഗ്രാം ഭാരമുള്ള ഈ സമൂസയുടെ രുചിയും ഒന്ന് വേറെ തന്നെയാണെന്നാണ് കഴിച്ചവർ അഭിപ്രായപ്പെടുന്നത്. നിങ്ങൾക്ക് ഇത് ഒറ്റയ്ക്ക് കഴിച്ച് തീർക്കുകയെന്നത് എളുപ്പമാവില്ല. അരമണിക്കൂറിനുള്ളിൽ ആരെങ്കിലും ഈ സമൂസ കഴിച്ച് തീർക്കുകയാണെങ്കിൽ അവർക്ക് 51000 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ബാഹുബലി സമൂസ കഴിച്ച് തീർക്കാൻ കുറഞ്ഞത് 30 പേരെങ്കിലും വേണ്ടി വരുമെന്നാണ് ഏകദേശ കണക്ക്. 1100 രൂപയാണ് ഈ ഭീമൻ സമൂസയുടെ വില. ഇതിനോടകം തന്നെ വളരെ പ്രശസ്തിയാർജ്ജിച്ച ഇത്തരമൊരു ഭക്ഷണ പദാർഥം ആളുകൾക്ക് നൽകാൻ സാധിക്കുന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന് കൗശൽ സ്വീറ്റ്സ് ഉടമ ശുഭം കൗശൽ പറഞ്ഞു. ഈ വലിയ സമൂസ ഉണ്ടാക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കുമെന്ന് ശുഭം പറഞ്ഞു.
ബാഹുബലി സമൂസ മാത്രമല്ല കൗശൽ സ്വീറ്റ്സിൻെറ പ്രത്യേകത. വായിൽ വെള്ളമൂറുന്ന തരത്തിലുള്ള വേറെയും പലഹാരങ്ങൾ ഇവർ നിർമ്മിക്കുന്നുണ്ട്. നേരത്തെ നാല് കിലോഗ്രാം ഭാരമുള്ള സമൂസയും ഇവിടെ ഉണ്ടാക്കാറുണ്ടായിരുന്നു. ഇപ്പോൾ എട്ട് കിലോഗ്രാം ഭാരമുള്ള ബാഹുബലി സമൂസ നിർമ്മിച്ച് കൗശൽ സ്വീറ്റ്സ് പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഇവിടെയും നിർത്താൻ ശുഭത്തിന് പദ്ധതിയില്ല. ഇനി പത്ത് കിലോഗ്രാം ഭാരമുള്ള സമൂസ നിർമ്മിക്കാനാണ് ഇവരുടെ പദ്ധതി.
കിഴങ്ങ്, പട്ടാണിക്കടല, ചീസ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയാണ് ബാഹുബലി സമൂസയിൽ അടങ്ങിയിട്ടുള്ളത്. നാല് കിലോഗ്രാം ഭാരമുള്ള സമൂസ ഉണ്ടാക്കുന്നതിന് ഇവർക്ക് 600 രൂപയോളം ചെലവ് വന്നിരുന്നു. 10 കിലോഗ്രാം ഭാരമുള്ള സമൂസയുണ്ടാക്കാൻ കുറഞ്ഞത് 1300 രൂപയെങ്കിലും ചെലവ് വരുമെന്നാണ് ശുഭം കരുതുന്നത്. നിരവധി പേർ മീററ്റിലെ ഈ കടയിലെത്തി ബാഹുബലി സമൂസ കഴിക്കുന്നുണ്ട്. ഒറ്റയ്ക്ക് കഴിച്ച് തീർക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആളുകൾ സംഘമായെത്തിയാണ് ബാഹുബലി സമൂസ കഴിക്കുന്നത്.
എട്ട് കിലോഗ്രാം സമൂസ ഒറ്റയ്ക്ക് അരമണിക്കൂറിൽ കഴിക്കാമെന്ന വെല്ലുവിളി ഏറ്റെടുത്ത് ഇത് വരെ ആർക്കും വിജയിക്കാൻ സാധിച്ചിട്ടില്ലെന്ന് ശുഭം പറഞ്ഞു. ഒറ്റയ്ക്ക് ആർക്കും അത് കഴിച്ച് തീർക്കാൻ പോയിട്ട്, തീർക്കുന്നതിന് അടുത്തെത്താൻ പോലും സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏതായാലും ബാഹുബലി സമൂസ ഹിറ്റായതോടെ മീററ്റിലെ ഈ സമൂസക്കട സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ഈ വ്യത്യസ്ത സമൂസ കഴിക്കുന്നതിനായി നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഈ കടയിൽ നിന്നുള്ള വീഡിയോകൾ വൈറലാണ്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വീഡിയോ പങ്ക് വെക്കാൻ നിരവധി പേർ തൻെറ കടയിൽ എത്താറുണ്ടെന്ന് ശുഭം പറഞ്ഞു.
Keywords: Baahubali Samosa, Meerut Giant Samosa, Bizarre Samosa, സമൂസ, ബാഹുബലി സമൂസ
Link: https://www.news18.com/news/buzz/are-you-baahubali-enough-to-finish-this-8-kg-samosa-at-meerut-shop-5513737.html
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.