'തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം': കുട്ടനാടൻ പുഞ്ചയിലെ പാടി സോഷ്യൽ മീഡിയ കീഴടക്കി അസമീസ് സഹോദരിമാർ
'തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം': കുട്ടനാടൻ പുഞ്ചയിലെ പാടി സോഷ്യൽ മീഡിയ കീഴടക്കി അസമീസ് സഹോദരിമാർ
ഇത് ആദ്യമായല്ല നന്തി സിസ്റ്റേഴ്സ് ആയ അന്തര നന്തിയും അങ്കിത നന്തിയും ഒരു മലയാളം പാട്ട് പാടുന്നത്. വമ്പൻ ഹിറ്റായി മാറിയ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനമായിരുന്നു ഇരുവരും ഇതിനു മുമ്പ് ആലപിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മലയാളം നാടൻ പാട്ടുകൾ പാടി തകർത്തു മുന്നേറുകയാണ് രണ്ടു പെൺകുട്ടികൾ. പാട്ട് പാടുന്നതിനു മുമ്പായി ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് നിന്നാണ് തങ്ങൾ വരുന്നതെന്നും ഇന്ന് കുറച്ച് മലയാളം പാട്ടുകളാണ് പാടുന്നതെന്നും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും പറഞ്ഞാണ് പാട്ടു തുടങ്ങുന്നത്. എന്നാൽ പിന്നെ തെറ്റ് കണ്ടു പിടിച്ചേക്കാം എന്ന് വിചാരിച്ച് പാട്ട് കേൾക്കാനിരുന്നാൽ പാട്ടിൽ ലയിച്ചുപോകും, അത്ര തന്നെ.
അന്തര നന്തി, അങ്കിത നന്തി എന്നീ സഹോദരിമാരാണ് സുന്ദരമായി മലയാളം പാട്ടുകൾ പാടുന്നത്. നന്തി സിസ്റ്റേഴ്സ് എന്ന് പരിചയപ്പെടുത്തിയാണ് ഇവർ പാട്ടുകൾ പാടാൻ തുടങ്ങുന്നത്. നാടൻ പാട്ട് പാടാൻ വേണ്ട വിധത്തിലുള്ള കോസ്റ്റ്യൂം വരെ അണിഞ്ഞാണ്, 'നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ' എന്ന പാട്ട് പാടി തുടങ്ങുന്നത്. അതിനു പിന്നാലെ, നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടായ 'അപ്പോഴേ പറഞ്ഞില്ലേ', അതു കഴിഞ്ഞാൽ 'കുട്ടനാടൻ പുഞ്ചയിലെ' - മനോഹരമായാണ് ഓരോ ഗാനവും ആലപിച്ചിരിക്കുന്നത്. തങ്ങളെ മലയാളം പാട്ടു പഠിച്ചെടുക്കാൻ സഹായിച്ച മലയാളികളായ സുഹൃത്തുക്കൾക്ക് ഇവർ നന്ദി അറിയിക്കുന്നു.
ഇത് ആദ്യമായല്ല നന്തി സിസ്റ്റേഴ്സ് ആയ അന്തര നന്തിയും അങ്കിത നന്തിയും ഒരു മലയാളം പാട്ട് പാടുന്നത്. വമ്പൻ ഹിറ്റായി മാറിയ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനമായിരുന്നു ഇരുവരും ഇതിനു മുമ്പ് ആലപിച്ചത്. അന്ന് പാട്ട് ആസ്വദിച്ചവരിൽ വലിയൊരു പങ്കും മലയാളികളായിരുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്ന മുൻകൂർ ക്ഷമാപണത്തിന് 'ഒക്കെ ക്ഷമിച്ചിരിക്കുന്നു' എന്നായിരുന്നു ഒരു വിരുതൻ നൽകിയ കമന്റ്.
ലോക്ക്ഡൗൺ ആയതുകൊണ്ട് തമാശയ്ക്ക് പാട്ട് പാടി തുടങ്ങിയതാണ് അന്തര നന്തിയും അങ്കിത നന്തിയും എന്ന് കരുതിയാൽ തെറ്റി. അസമിൽ നിന്നുള്ള പ്രശസ്ത പിന്നണി ഗായികയാണ് അന്തര നന്തി. സീ ടിവിയിലെ സാ രി ഗാ മാ പാ ലിൽ ചാമ്യൻസ് 2009 ന്റെ ഫൈനലിൽ ആദ്യ മൂന്നിലെത്തിയ ഗായിക കൂടിയാണ് അന്തര. ഇപ്പോൾ ഗായിക കൂടിയായ അങ്കിതയെ കൂടി ഒപ്പം ചേർത്താണ് അന്തരയുടെ ഓരോ പെർഫോമൻസും.
തങ്ങളുടെ വീടിന്റെ ബാൽക്കണിയിലാണ് ഇവർ ഒരു വിധം എല്ലാ പാട്ടുകളും ഷൂട്ട് ചെയ്യുന്നത്. ബംഗാളി, മറാത്തി, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഇപ്പോൾ ഇവർ പാട്ടുകൾ പാടി ഷൂട്ട് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ പേജുകളിൽ തങ്ങളെ പിന്തുടരുന്ന മലയാളികളായ ആരാധകർക്കും അവര് നൽകുന്ന സ്നേഹത്തിനും മറുപടിയായാണ് മലയാളം പാട്ടുകൾ പഠിച്ചു പാടുന്നത്. മലയാളികളായ പാട്ടുകാർ തന്നെ അക്ഷരസ്ഫുടത ഇല്ലാതെ പാടുന്ന കാലത്താണ് അസമിൽ നിന്നുള്ള രണ്ടു പെൺകുട്ടികൾ മലയാളം പാട്ടു പാടി മലയാളികളുടെ മനസ് കീഴടക്കുന്നത്. അതേസമയം, സംഗീതത്തിൽ എ ആർ റഹ്മാൻ തന്റെ ദൈവമെന്നാണ് അന്തര നന്തി പറയുന്നത്. ചില ഷോകളിൽ എ ആർ റഹ്മാനൊപ്പം പങ്കെടുക്കാനുള്ള ഭാഗ്യവും അന്തരയ്ക്ക് ലഭിച്ചിട്ടുണ്ട്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ അങ്കിത വിവിധ സീരിയലുകളുടെ ടൈറ്റിൽ ട്രാക്കുകൾക്കായി ശബ്ദം നൽകിയിട്ടുണ്ട്. ചെന്നൈയിലെ കെഎം മ്യൂസിക് കൺസർവേറ്ററിയിൽ വെസ്റ്റേൺ ക്ലാസിക്കൽ വോക്കലിൽ സഹോദരിമാർ പരിശീലനം നേടിയിട്ടുമുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.