നവജാതശിശുവിനെ പോലീസിന് മുന്നിലേയ്ക്ക് എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ വൈറല്‍. കണ്ടാല്‍ ഹോളിവുഡ് സിനിമയെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കാര്യമാണിത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 2 മാസം പ്രായമുള്ള കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥന് നേരെ വലിച്ചെറിഞ്ഞാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 32 കാരനായ ജോണ്‍ ഹെന്റി ജെയിംസ് എന്നയാളാണ് പ്രതി. പിടിയിലായ ഇയാള്‍ക്ക് മേല്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും അടക്കം കേസ് ഫയല്‍ ചെയ്തു. മെയ് 26 നാണ് സംഭവം നടന്നത്.
ഇന്ത്യന്‍ റിവര്‍ കൗണ്ടി ഷെരീഫ്സ് ഓഫീസാണ് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സംഭവം പങ്കുവച്ചത്. പിന്തുടരലിന്റെയും തുടര്‍ന്നുള്ള അറസ്റ്റിന്റെയും വിശദാംശങ്ങള്‍ വിവരിച്ചു കൊണ്ടുള്ളതാണ് വീഡിയോ. അറസ്റ്റ് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞിനെ ഇയാള്‍ വലിച്ചെറിയുന്ന സംഭവം ക്ലിപ്പില്‍ ഇല്ല.
റോഡ് നിയമം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജെയിംസിനെ തടയാന്‍ പോലീസ് ശ്രമിച്ചത്. എന്നാല്‍ വാഹനം നിര്‍ത്തുന്നതിന് പകരം ജെയിംസ് വാഹനം അമിത വേഗതയില്‍ ഓടിച്ച് സമീപത്ത് ഉണ്ടായിരുന്ന പോലീസ് വാഹനത്തിന്റെ മുന്‍വശത്ത് തട്ടി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍, റോഡ് ബ്ലോക്കുകളും മറ്റും ഇടിച്ച് തെറിപ്പിച്ചു.
ജെയിംസ് റെസിഡന്‍ഷ്യല്‍ ഏരിയ മറികടന്ന് അതിവേഗത്തില്‍ വാഹനം ഓടിച്ചുകയറ്റിയതോടെ പോലീസ് ഹെലികോപ്റ്ററില്‍ ജെയിംസിനെ പിന്തുടര്ന്നു. ജെയിംസ് ഒരു കാര്‍ ഒരു അപ്പാര്‍ട്ട്മെന്റിലേയ്ക്ക് കൊണ്ടുപോയെങ്കിലും പ്രവേശന കവാടം തടഞ്ഞതിനെ തുടര്‍ന്ന് ജെയിംസ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ പോലിസിന് നേര്‍ക്ക് വലിച്ചെറിഞ്ഞത്. ജെയിംസ് വീണ്ടും ഓടിയെങ്കിലും ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
സംഭവം കണ്ട് നിരവധി പേര് പ്രദേശത്ത് തടിച്ചു കൂടി. പോലീസ് വാഹനത്തില്‍ കയറിയ ജെയിംസ് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് ചികിത്സയ്ക്കായി ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ജൂണ്‍ ഒന്നിന് ചികിത്സയ്ക്കും മെഡിക്കല്‍ ക്ലിയറന്‍സിനും ശേഷം ജെയിംസിനെ കൗണ്ടി ജയിലില്‍ പ്രവേശിപ്പിച്ചു.
സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ സെക്കന് ഹാന്‍ഡ് കാറ് വാങ്ങുന്നതിനായി ഒന്നര ലക്ഷം രൂപക്ക് വിറ്റ ദമ്പതികളുടെ വാര്‍ത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ഉത്തര്‍ പ്രദേശിലെ കണ്ണൗജ് ജില്ലയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നവജാത ശിശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കണ്ണൗജ് ജില്ലയിലെ തിര്വ കോട്വാലി പോലീസ് സ്റ്റേഷനില്‍ മെയ് 13ന് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറ് വാങ്ങുന്നതിന് ഗുര്‍സഹൈഗഞ്ച് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരന് കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് കണ്ടത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.