• HOME
  • »
  • NEWS
  • »
  • buzz
  • »
  • Virtual Wardrobe | ഏതു വസ്ത്രം ധരിച്ചും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാം; ഈ ആപ്പ് നിങ്ങളെ പ്രൊഫഷണൽ ലുക്കിലാക്കും

Virtual Wardrobe | ഏതു വസ്ത്രം ധരിച്ചും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാം; ഈ ആപ്പ് നിങ്ങളെ പ്രൊഫഷണൽ ലുക്കിലാക്കും

സ്‌ക്രീനിൽ കാണപ്പെടുന്ന ചിത്രം സൃഷ്‌ടിക്കുന്നതിന് ഉപയോക്താക്കളുടെ മുഖത്ത് 50,000 വ്യത്യസ്ത പോയിന്റുകളാണ് ആപ്പ് ട്രാക്ക് ചെയ്യുന്നത്.

  • Share this:
ഓൺലൈൻ വീഡിയോ കോൺഫറൻസുകൾക്കായി (online video conferences) ഒരുങ്ങുന്നതും അതിനായി പ്രത്യേകം വസ്ത്രം ധരിക്കുന്നതുമെല്ലാം ചിലർക്കെങ്കിലും മുഷിപ്പുണ്ടാക്കുന്ന ഒരു കാര്യമാണ്. വീട്ടിൽ ധരിക്കുന്ന സുഖപ്രദമായ വസ്ത്രങ്ങൾ ചിലപ്പോൾ ഇത്തരം മീറ്റിങ്ങുകൾ‌ക്ക് യോജിച്ചെന്നു വരില്ല.

ഇത്തരക്കാർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഒരു ആപ്പ്. ഈ ആപ്പിന്റെ സഹായത്തോടെ പൈജാമയോ, ബർമുഡയോ അങ്ങനെ ഏത് വസ്ത്രം ധരിച്ചും നിങ്ങൾക്ക് ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കാം. എന്നാൽ മറുവശത്തുള്ളവർ നിങ്ങളെ കാണുന്നത് പ്രൊഫഷണൽ രീതിയിൽ വസ്ത്രം ധരിച്ചതു പോലെ ആയിരിക്കും. എംബോഡിമി (EmbodyMe) എന്നാണ് ഈ ആപ്പിന്റെ പേര്.

ടോക്കിയോ (Tokyo) ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് 2020 ൽ ഈ ആപ്പിന്റെ ഒരു ബീറ്റ പതിപ്പ് പുറത്തിറക്കിയെങ്കിലും ഉപഭോക്താക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്തിമ രൂപം പുറത്തിറക്കിയതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ആപ്പ് ഡൗൺലോഡ് ചെയ്‌ത ശേഷം, ഒരാൾ സ്വന്തം പ്രൊഫഷണൽ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതുപയോ​ഗിച്ച് ഓൺലൈൻ മീറ്റിങ്ങിന് അനുയോജ്യമായ തരത്തിൽ നിങ്ങളെ തയ്യാറാക്കാൻ ആപ്പിനു കഴിയും. ആപ്പ് നൽകുന്ന വിവിധ പ്രൊഫഷണൽ രൂപങ്ങളിൽ നിന്ന് ഏതെങ്കിലുമൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വീട്ടിലെ വസ്ത്രങ്ങൾ ധരിച്ചാണ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതെങ്കിലും, നിങ്ങളുടെ ബോസ് പ്രൊഫഷണൽ ലുക്ക് മാത്രമേ കാണൂ. അലങ്കോലമായ റൂമിനെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ ഒന്നും വിഷമിക്കേണ്ടതില്ല.

സ്‌ക്രീനിൽ കാണപ്പെടുന്ന ചിത്രം സൃഷ്‌ടിക്കുന്നതിന് ഉപയോക്താക്കളുടെ മുഖത്ത് 50,000 വ്യത്യസ്ത പോയിന്റുകളാണ് ആപ്പ് ട്രാക്ക് ചെയ്യുന്നത്. ക്യാമറയ്ക്ക് നേരെയോ പുറത്തേക്കോ ഉള്ള ചലനങ്ങൾ ഉൾപ്പെടെയുള്ളവയും ട്രാക്ക് ചെയ്യും. സൂം, ലൈവ് സ്ട്രീമിംഗ്, യൂട്യൂബ് വീഡിയോ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ആപ്പ് അവകാശപ്പെടുന്നു. ഒരു വിർച്വൽ ക്യാമറയാണ് ആപ്പിനുള്ളത്.

അടുത്തിടെ ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ഉപയോ​ഗിച്ച് ആളുകളെ അദൃശ്യരാക്കുന്ന വാർത്തയും പുറത്തു വന്നിരുന്നു. നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, എംഐടിയി എന്നിവടങ്ങളിലെ ഗവേഷകർ, ഐബിഎമ്മുമായി ചേർന്നാണ് ഇത് നടത്തിയത്. ഒരു ടീഷർട്ട് ഉപയോ​ഗിച്ചാണ് ഇത് സാധ്യമാക്കിയത്. ടി-ഷർട്ടിന് മുകളിൽ കാലിഡോസ്‌കോപ്പിക് കളർ പ്രിന്റ് ചെയ്‌തിരുന്നു. അത് ധരിക്കുന്നയാളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി അദൃശ്യമാക്കാനും സാധിച്ചിരുന്നു.

ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രസക്തി

മനുഷ്യരുടേത് പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകൾ കമ്പ്യൂട്ടറുകളിലേയ്ക്കും മെഷീനുകളിലേയ്ക്കും പകർത്തുന്നതിനാണ് എഐ ഉപയോഗിക്കുന്നത്. എഞ്ചിനീയർമാർക്ക് മാത്രമല്ല മറ്റ് ആളുകൾക്കും ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. നിരവധി മേഖലകൾ ഇതിന് കീഴിൽ വരുന്നുണ്ട്. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ സ്വയം പൂർത്തിയാക്കുന്നത് മുതൽ നിങ്ങളുടെ സേർച്ച് പാറ്റേണുകളെ അടിസ്ഥാനമാക്കി യൂട്യൂബിൽ വീഡിയോകൾ ശുപാർശ ചെയ്യുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. വലിയ വ്യവസായങ്ങൾ മുതൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ വരെ എഐ മെച്ചപ്പെടുത്തുന്നു.
Published by:Jayashankar Av
First published: