• HOME
  • »
  • NEWS
  • »
  • buzz
  • »
  • Compensation | നായയെ പബ്ബിൽ കയറ്റിയില്ല; നിയമയുദ്ധത്തിനൊടുവിൽ ഉടമയ്ക്ക് 4.3 ലക്ഷം രൂപ നഷ്ടപരിഹാരം

Compensation | നായയെ പബ്ബിൽ കയറ്റിയില്ല; നിയമയുദ്ധത്തിനൊടുവിൽ ഉടമയ്ക്ക് 4.3 ലക്ഷം രൂപ നഷ്ടപരിഹാരം

2017ൽ പബ്ബിൻെറ മാനേജ്മെൻറ് മാറി. അതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പുതിയ ടീം വന്നതോടെ റെയ്മണ്ട് നായയെയും കൂട്ടി പബ്ബിൽ കയറുന്നത് അവർക്ക് അത്ര പിടിച്ചില്ല

  • Last Updated :
  • Share this:
    നായകളെ മനുഷ്യരെപ്പോലെത്തന്നെ സ്നേഹിക്കുന്ന ചിലരുണ്ട്. തിരിച്ചും വല്ലാത്ത യജമാനസ്നേഹം കാണിക്കുന്ന ജീവിയാണ് നായ. ഓസ്ട്രേലിയയിൽ തൻെറ നായയെ പബ്ബിൽ കയറ്റാഞ്ഞ അധികൃതരെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് മധ്യവയസ്കനായ റെയ്മണ്ട് മാത്യൂസ്. നായയെ പബ്ബിൽ കയറ്റാഞ്ഞതിനെതിരെ പരാതി നൽകിയ റെയ്മണ്ടിന് ഒടുവിൽ നീതി ലഭിച്ചു. വിവേചന വിരുദ്ധ നിയമപ്രകാരം പബ്ബ് ഉടമകൾ 8000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 4.3 ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകണം. ഓസ്ട്രേലിയയിലെ സൺഷൈൻ കോസ്റ്റ് റീജിയണിലാണ് സംഭവം.

    തൻെറ വീടിനടുത്തുള്ള വൂംബി പബ്ബിലെ സ്ഥിരം സന്ദർശകനായിരുന്നു റെയ്മണ്ട് മാത്യൂസ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ബിയർ കഴിക്കാനും ഒപ്പം എന്തെങ്കിലും ഭക്ഷണം കഴിക്കാനുമായി റെയ്മണ്ട് അവിടെ പോവാറുണ്ട്. ചിഹ്വാഹ്വ ഇനത്തിലുള്ള കോ-ഈ എന്ന് പേരുള്ള നായയെയും തൻെറ സഹായിയായി ഒപ്പം കൂട്ടാറുണ്ട്. “ഞാൻ സ്ഥിരമായി ബിയറും എന്തെങ്കിലും ചിക്കൻ വിഭവവും കഴിക്കാൻ ആ പബ്ബിൽ പോവാറുള്ളതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അവിടെ പോയിരിക്കാറുണ്ട്,” റെയ്മണ്ട് 7ന്യൂസിനോട് പറഞ്ഞു.

    2017ൽ പബ്ബിൻെറ മാനേജ്മെൻറ് മാറി. അതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പുതിയ ടീം വന്നതോടെ റെയ്മണ്ട് നായയെയും കൂട്ടി പബ്ബിൽ കയറുന്നത് അവർക്ക് അത്ര പിടിച്ചില്ല. നായയെ അകത്ത് കയറ്റാൻ പറ്റിലെന്ന് പുതിയ മാനേജ്മെൻറിലെ അധികൃതർ റെയ്മണ്ടിനെ അറിയിച്ചു. കോ-ഈയെ പബ്ബിൻെറ പരിസരത്ത് കൊണ്ട് വരരുതെന്നും അകത്ത് കയറ്റാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

    ഒരു തവണ പുറത്ത് നിർത്തിയപ്പോൾ കോ-ഈ ഓടിപ്പോയതായി റെയ്മണ്ട് പറഞ്ഞു. പിന്നീട് നായയെയുമായി അകത്ത് കയറാൻ വീണ്ടും ശ്രമിച്ചപ്പോൾ അധികൃതർ അനുവദിച്ചില്ല. കൂടാതെ മോശം പെരുമാറ്റം ആരോപിച്ച് പബ്ബിൽ കയറുന്നതിൽ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ചെയ്തു. തൻെറ ജീവിതത്തിൽ ആ നായക്കുള്ള പ്രാധാന്യം എത്ര വലുതാണെന്ന് പബ്ബ് മാനേജ്മെൻറിനെ ബോധ്യപ്പെടുത്താൻ റെയ്മണ്ട് പല തവണ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. “കൂടുതൽ തവണ ഞാൻ അവരെ സമീപിക്കുന്തോറും എനിക്ക് സ്വയം വല്ലാത്ത വിഷമം തോന്നിത്തുടങ്ങി,” അദ്ദേഹം പറഞ്ഞു.

    Also Read- Viral Video | കാള കുത്താനായി ഓടിച്ചു; പിന്തിരിഞ്ഞു ഓടി കടുവ; സംഭവം കേരള അതിർത്തിയിൽ

    നായ തൻെറ സഹായിയാണ് എന്ന് ബോധ്യപ്പെടുത്തി ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി പോയിട്ടും പബ്ബ് അധികൃതർ കനിഞ്ഞില്ല. ഇതോടെയാണ് മൂന്ന് വർഷം മുമ്പ് റെയ്മണ്ട് പബ്ബിനെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിക്കുന്നത്. തൻെറ കേസിന് ബലം കൂട്ടാനായി കുറച്ച് സാക്ഷികളെയും ഒപ്പം ചേർക്കാൻ റെയ്മണ്ടിന് സാധിച്ചു. ട്രിബ്യൂണലിലാണ് കേസ് നടന്നത്. പബ്ബ് ഉടമകൾ വിവേചനം നടത്തിയെന്ന് നിയമത്തിന് മുന്നിൽ ബോധ്യപ്പെടുത്താൻ റെയ്മണ്ടിന് സാധിച്ചു. ഇതോടെയാണ് ട്രിബ്യൂണൽ പബ്ബ് ഉടമകൾ നഷ്ടപരിഹാരം നൽകണമെന്ന് വിധി പ്രഖ്യാപിച്ചത്. റെയ്മണ്ടിനെയും നായയെയും വിലക്കിയതിന് അവരോട് മാപ്പ് പറയണമെന്നും കൂടാതെ 4.3 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് ട്രിബ്യൂണലിൻെറ വിധി.
    Published by:Anuraj GR
    First published: