ഇരുപതുകാരനായ ബിരുദ വിദ്യാർത്ഥി റയാൻ ലൗറി തന്റെ ഭാവി തൊഴിൽ ദാതാക്കൾക്ക് എഴുതിയ കത്താണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. റയാന്റെ കത്തിനെ തുടർന്ന് നിരവധി തൊഴിൽ വാഗ്‌ദാനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭാവി തൊഴിൽ ദാതാക്കളോട് തനിക്ക് ഒരു അവസരം നൽകണമെന്ന് അപേക്ഷിക്കുന്ന കത്തിൽ താൻ ഓട്ടിസം ബാധിച്ചയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിർജീനിയയിലെ ലീസ്ബർഗ് സ്വദേശിയായ റയാൻ ലൗറിയ്ക്ക് അനിമേഷൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണമെന്നാണ് ആഗ്രഹം. അതിനു വേണ്ടി ചില ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞ മാസം ഒരു ലിങ്ക്ഡ്ഇൻ അക്കൗണ്ട് അദ്ദേഹം തുടങ്ങുകയുണ്ടായി. തന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നിന്നാണ് എഴുതി തയ്യാറാക്കിയ കത്തിന്റെ ഫോട്ടോ റയാൻ പോസ്റ്റ് ചെയ്തത്.
ഓട്ടിസം ഉണ്ടെന്ന് പറഞ്ഞ് തുടങ്ങുന്ന കത്തിൽ തനിക്ക് നർമ ബോധമുണ്ടെന്നും ഗണിതശാസ്ത്രത്തിൽ മിടുക്കുണ്ടെന്നും സാങ്കേതികവിദ്യനന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്നും പുതിയ കാര്യങ്ങൾ പെട്ടെന്ന് പഠിക്കാൻ സമർത്ഥനാണെന്നുമൊക്കെ വിശദീകരിക്കുകയാണ് റയാൻ.
ഭാവി തൊഴിൽ ദാതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് റയാൻ എഴുതിയ ഈ കത്തിന്റെ ഉദ്ദേശം, താൻ വ്യത്യസ്തമായ രീതിയിലാണ് കാര്യങ്ങൾ അറിയുകയും പഠിക്കുകയുമൊക്കെ ചെയ്യുന്നതെങ്കിലും ഒരവസരം ലഭിച്ചാൽ മികവ് തെളിയിക്കാൻ കഴിയുന്ന ആളാണെന്ന് തൊഴിൽ ദാതാക്കളെ അറിയിക്കുക എന്നതാണ്.
വരയിട്ട കടലാസിലെഴുതിയ തികച്ചും സത്യസന്ധമായ ഈ കത്ത് വൈറലാകാൻ അധിക സമയം വേണ്ടിവന്നില്ല. 60 ലക്ഷത്തോളം പേരാണ് ഇതിനകം ആ പോസ്റ്റ് കണ്ടത്. മാത്രമല്ല, കത്തിന് പ്രതികരണവുമായി മൈക്രോസോഫ്റ്റും ആമസോണും പോലെയുള്ള ഭീമൻ കമ്പനികളാണ് രംഗത്തു വന്നിരിക്കുന്നത്.
അനിമേഷൻ രംഗത്തോ വിവര സാങ്കേതിക വിദ്യയുടെയോ രംഗത്താണ് താൻ ജോലി ആഗ്രഹിക്കുന്നത് എന്നാണ് റയാൻ കത്തിൽ പറയുന്നത്.
സാധാരണ ആളുകളെപ്പോലെ കാര്യങ്ങൾ പഠിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ ആരെങ്കിലും ഒരു അവസരം നൽകിയാൽ മാത്രമേ തനിക്ക് സ്വയം തെളിയിക്കാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നുണ്ട്. ജോലി ലഭിച്ചാൽ കാര്യങ്ങൾ പഠിക്കാനായി ഒരു മെന്ററുടെ സഹായം വേണ്ടിവന്നേക്കാം എന്നും പക്ഷേ കാര്യങ്ങൾ വേഗം പഠിച്ചെടുക്കുമെന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും റയാൻ സത്യസന്ധമായി തുറന്നു പറയുന്നു. ആരെങ്കിലും ജോലി നൽകുകയാണെങ്കിൽ എല്ലാ ദിവസവും ജോലിയ്‌ക്കെത്താനും പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാനും കഠിനാധ്വാനം ചെയ്യാനുമൊക്കെ തയ്യാറാണെന്ന് വാക്ക് നൽകിക്കൊണ്ടാണ് ആ കത്ത് അവസാനിക്കുന്നത്.
View this post on Instagram
മൂന്നാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത കത്തിന് നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ സിംപ്ലിബി എന്ന ഒരു കോഫീഷോപ്പിലാണ് റയാൻ ജോലി ചെയ്യുന്നതെന്നും ബിരുദപഠനം കഴിഞ്ഞാൽ ആ ജോലി അവസാനിക്കുമെന്നും സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
ലൗറിയുടെ മാതാപിതാക്കളായ റോബ്, ട്രേസി എന്നിവർ മകനെ ഓർത്ത് അഭിമാനം കൊള്ളുമെന്ന് പറയുന്നു.
അടുത്ത ആഴ്ചകളിലായി ഏതാണ്ട് അഞ്ഞൂറോളം കമ്പനികളുമായാണ് റയാൻ അഭിമുഖം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തങ്ങളുടെ മകൻ ഒരുപാട് കഴിവുള്ള വ്യക്തിയാണെന്നും അവൻ തീർത്തും സ്വതന്ത്രനായിജീവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സി എൻ എന്നിനോട്സംസാരിക്കവെ റയാന്റെ അച്ഛൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.