• HOME
 • »
 • NEWS
 • »
 • buzz
 • »
 • ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ഓട്ടോഡ്രൈവര്‍; വീഡിയോ വൈറൽ

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ഓട്ടോഡ്രൈവര്‍; വീഡിയോ വൈറൽ

സംഭവത്തിന് ശേഷം നിരവധി ആളുകള്‍ സ്ത്രീക്ക് ചുറ്റും കൂടുകയും അവളെ ആശ്വാസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  യുവതി റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ ചർച്ച. മധ്യപ്രദേശില്‍ നിന്നാണ് ഈ വൈറൽ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയുടെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ല. ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവതിയെ ഓട്ടോഡ്രൈവര്‍ രക്ഷിക്കുകയും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയായിരുന്നു.

  ട്രെയിന്‍ കടന്നു പോയ ശേഷം ലെവല്‍ ക്രോസ് മറികടക്കാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീ ട്രെയിൻ വന്നയുടന്‍ ട്രാക്കിലേക്ക് എടുത്ത് ചാടാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാം. യുവതിയെ ഓട്ടോ ഡ്രൈവര്‍ ട്രാക്കില്‍ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു.  ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ജോലി ലഭിക്കാത്തതിനാല്‍ സ്ത്രീ വിഷമത്തിലായിരുന്നുവെന്നും അങ്ങനെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് വീഡിയോയുടെ അടിക്കുറിപ്പ്.

  ഓട്ടോ ഡ്രൈവറായ മുഹ്‌സിന്റെ സമയബന്ധിതമായ ഇടപെടലിനെയും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധീരതയെയും പ്രശംസിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തിന് ശേഷം നിരവധി ആളുകള്‍ സ്ത്രീക്ക് ചുറ്റും കൂടുകയും അവളെ ആശ്വാസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.


  ''ജോലി കിട്ടാതെ വിഷമിച്ച പെൺകുട്ടി ആത്മഹത്യ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ റെയിൽവേ ട്രാക്കിൽ നിന്നു. ട്രെയിൻ വരുന്നത് കണ്ട് ഓട്ടോ ഡ്രൈവർ പെൺകുട്ടിയെ ട്രാക്കിൽ നിന്നും വലിച്ചിഴച്ച് അവളുടെ ജീവൻ രക്ഷിച്ചു. ഈ വീഡിയോ വൈറലായി. ഓട്ടോ ഡ്രൈവർ മുഹ്‌സിന്റെ വിവേകത്തിനും ധൈര്യത്തിനും അഭിവാദ്യങ്ങൾ. കുറിപ്പ്: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽപങ്കുവെച്ചത്.

  സ്വന്തം ജീവൻ പോലും നോക്കാതെ ഒരു ജീവൻ രക്ഷിക്കാൻ തുനിഞ്ഞ മൊഹ്സിന്റെ നല്ല മനസിനെയും ധീരതയേയും അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മനുഷ്യത്വം അന്യം നിന്ന് പോകുന്ന ഈ കാലത്ത് ഇതുപോലുള്ള കാഴ്ചകൾ ഒരു പ്രതീക്ഷയാണ്. മറ്റുള്ളവർക്ക് മൊഹ്സിൻ ഒരു മാതൃകയാണ് എന്ന തരത്തിലെല്ലാം നിരവധി കമന്റുകൾ വീഡിയോക്ക് ലഭിച്ചു.

  ഇതിനു മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിക്കാൻ തുനിഞ്ഞ പലരേയും കുറിച്ചും അവരെ രക്ഷപ്പെടുത്തിയവരെ കുറിച്ച് പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ അവസാനം വന്ന കേസാണ് മുഹ്സിന്റേത്.

  ജൂലൈയില്‍, വിജയവാഡയില്‍ സമാനമായ സംഭവത്തില്‍  ആത്മഹതയ്ക്ക് ശ്രമിച്ച ഒരാള്‍ക്ക് രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. കൃഷ്ണ കനാല്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടൂരിന് സമീപം റെയില്‍ പാളത്തില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുയായിരുന്നു. ട്രെയിന്‍ നിര്‍ത്താന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചപ്പോഴേക്കും കാലിലൂടെ ട്രെയിന്‍ കയറി ഇറങ്ങിരുന്നു. യുവാവിനെ ആശുപ്ത്രിയില്‍ എത്തിച്ചെങ്കിലും കാലുകള്‍ നഷ്ടമാവുകയായിരുന്നു. ഇത്തരം പ്രവണതകൾ കുറക്കാകാൻ നടപടി എടുക്കുമെന്ന് പല സംസ്ഥാന സർക്കാരുകളും പ്രതിജ്ഞ എടുത്തിരുന്നു.

  ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Sarath Mohanan
  First published: