അവൾക്കൊപ്പം (#Avalkkoppam) എന്ന പ്രയോഗം കേരളത്തിൽ അലയടിക്കാൻ ആരംഭിച്ചിട്ട് വർഷം അഞ്ച് തികയാൻ പോകുന്നു. അതെന്തിന് വേണ്ടിയായിരുന്നോ, ആ ആവശ്യം ഇത്രയും നാളുകൾ പിന്നിടുമ്പോഴും അവസാനിച്ചിട്ടില്ല. കൊച്ചി നഗരത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടു എന്ന വാർത്തയ്ക്കു പിന്നാലെയാണ് #അവൾക്കൊപ്പം ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ്മ പ്രയാണം ആരംഭിച്ചത്. സഹപ്രവർത്തക നേരിട്ട സംഭവത്തിൽ അവളുടെ ഒപ്പം അണിചേർന്ന് പ്രവർത്തിക്കാൻ ഓരോരുത്തരായി മുന്നോട്ടു വരികയായിരുന്നു.
ഇന്നവർ വീണ്ടും കൈകൾ കോർത്തുപിടിക്കുന്നു. ഇപ്പോൾ നീതി നിഷേധിക്കപ്പെട്ടു എന്നവർ ഉറക്കെ വിളിച്ചു പറയുന്നത് ദൈവത്തിന്റെ മണവാട്ടിമാരായ കന്യാസ്ത്രീകൾക്കാണ്. പീഡന കേസിൽ പ്രതിയായ പുരോഹിതൻ ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ല എന്ന വിധിയിൽ പ്രതിഷേധം രേഖപ്പെടുത്തി, കന്യാസ്ത്രീമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു കുറിപ്പ് എഴുതി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്താണ് അവൾക്കൊപ്പം കാമ്പെയ്ൻ വീണ്ടും ശക്തിപ്രാപിക്കുന്നത്.
ക്യാംപെയ്നിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു:
ഈ നിമിഷത്തിൽ നിരാശയും തഴയപ്പെടലും അനുഭവിക്കുന്ന അതിജീവിച്ചവളോടും അവരുടെ സഹോദരങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ് ഈ കത്ത്.
ഞാൻ നിന്നെ കേൾക്കുന്നു ..ഞാൻ നിന്നെ കാണുന്നു ..എനിക്ക് നിന്നെ അറിയാൻ കഴിയുന്നു എന്ന് അവരെ അറിയിക്കാൻ വേണ്ടി മാത്രമാണിത്.
ഈ യുദ്ധത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.
ഒറ്റയ്ക്കല്ലെന്ന് അവരെ അറിയിക്കാൻ നിങ്ങൾക്കും ഈ പ്രസ്ഥാനത്തിൽ പങ്കുചേരാം.
നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പിന്തുണയോ ചിന്തകളോ എഴുതി, പോസ്റ്റ് ഇടുക അല്ലെങ്കിൽ ചുവടെ കാണുന്ന ഐ.ഡിയിൽ മെയിൽ ചെയ്യുക
solidarity2sisters@gmail.com
ഈ കത്തുകൾ പ്രിന്റ് എടുത്ത് സഹോദരിമാർക്ക് കൈമാറും. അതിനാൽ ശ്രമകരമായ സമയങ്ങളിൽ അവർക്ക് യഥാർത്ഥത്തിൽ അവരെ ശ്രദ്ധിക്കുന്ന ഒരു പിന്തുണാ സംവിധാനമുണ്ടെന്ന് അവരറിയണം'
നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, അപൂർവ ബോസ്, രഞ്ജിനി ഹരിദാസ് സംവിധായക ലീന മണിമേഖല, ഗീതു മോഹൻദാസ്, സംവിധായകൻ ജിയോ ബേബി എന്നിവർ ഇതിനോടകം ഈ ക്യാംപെയ്നിൽ പങ്കുചേർന്നു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.