നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘വിശപ്പിന് മതമില്ല’; ഹൈദരാബാദിലെ സന്നദ്ധ പ്രവർത്തകൻ അസ്ഹർ മഖ്സൂസിക്ക് യുകെയിലെ പ്രശസ്ത പുരസ്കാരം

  ‘വിശപ്പിന് മതമില്ല’; ഹൈദരാബാദിലെ സന്നദ്ധ പ്രവർത്തകൻ അസ്ഹർ മഖ്സൂസിക്ക് യുകെയിലെ പ്രശസ്ത പുരസ്കാരം

  പോയിന്റ്സ് ഓഫ് ലൈറ്റ് വെബ്‌സൈറ്റിൽ ‘വിശപ്പിന് മതമില്ല’ എന്നതിന് അടുത്തായി ത്രിവർണ്ണ പതാക വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മഖ്സൂസി

  azhar

  azhar

  • Share this:
   ‘വിശപ്പിന് മതമില്ല’ എന്ന തന്റെ ഫുഡ് ഡ്രൈവിന്റെ ഭാ​ഗമായി ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുന്നയാളാണ് ഹൈദരാബാദിലെ സന്നദ്ധ പ്രവർത്തകനായ സയ്യിദ് ഉസ്മാൻ അസ്ഹർ മഖ്സൂസി. തന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അം​ഗീകാരമായി ഇപ്പോൾ യുകെയിലെ പ്രശസ്തമായ അവാർഡ് അദ്ദേഹത്തെ തേടി എത്തിയിരിക്കുകയാണ്.

   1,500 പേർക്ക് ദിവസേന ഭക്ഷണം വിളമ്പുന്ന മഖ്സൂസിയുടെ ശ്രമങ്ങളെ മാനിച്ച് കോമൺ‌വെൽത്ത് പോയിൻറ്സ് ഓഫ് ലൈറ്റ് അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. സമൂഹത്തിൽ മാറ്റം വരുത്തുന്ന മികച്ച വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്. പോയിന്റ്സ് ഓഫ് ലൈറ്റ് വെബ്‌സൈറ്റിൽ ‘വിശപ്പിന് മതമില്ല’ എന്നതിന് അടുത്തായി ത്രിവർണ്ണ പതാക വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മഖ്സൂസി ദി ഹിന്ദുവിനോട് പറഞ്ഞു.

   ഹൈദരാബാദിലെ പഴയ നഗരത്തിൽ വിശന്നു വലഞ്ഞ ഒരു പാവപ്പെട്ട വൃദ്ധയെ കണ്ടപ്പോളാണ് മഖ്സൂസി ഈ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. ദബീർപുര ഫ്ലൈഓവറിനടുത്ത് കണ്ടെത്തിയ വൃദ്ധക്ക് വിശക്കുകയാണെന്ന് മനസ്സിലായതോടെ അദ്ദേഹം ഭക്ഷണം എത്തിച്ചു നൽകി. എന്നാൽ അവർ മാത്രമല്ല അടുത്തുള്ള പ്രദേശങ്ങളിൽ ഭക്ഷണം കഴിക്കാൻ കഴിയാത്ത നിരവധി ആളുകൾ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതോടെയാണ് അദ്ദേഹം തന്റെ ‘വിശപ്പിന് മതമില്ല’ ഡ്രൈവ് ആരംഭിച്ച് നിരവധി ആളുകൾക്ക് ദിവസേന ഭക്ഷണം നൽകാൻ തീരുമാനിച്ചത്.

   Also Read- സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്

   തുടക്കത്തിൽ ആദ്യത്തെ 4-5 മാസത്തോളം അദ്ദേഹത്തിന്റെ ഭാര്യയാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടിയതോടെ ഗാന്ധി ആശുപത്രിക്ക് സമീപം മഖ്സൂസി ഭക്ഷണം വിളമ്പാൻ സംവിധാനം ആരംഭിച്ചു. മഖ്സൂസിയുടെ എൻ‌ജി‌ഒ ആയ സാനി വെൽ‌ഫെയർ ഫൗണ്ടേഷൻ രാജ്യത്തെ മറ്റ് നാലു നഗരങ്ങളിലും പദ്ധതി നടപ്പാക്കുന്നു. ഹൈദരാബാദിന് പുറമേ ബെംഗളൂരു, കർണാടകയിലെ റൈച്ചൂർ, ഒഡീഷയിലെ കട്ടക്ക്, അസമിലെ ഗോൾപാറ എന്നിവിടങ്ങളിലാണ് ഭക്ഷണവിതരണം നടത്തുന്നത്.

   കൂടാതെ, ആളുകളെ ഭക്ഷണം നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ദോ റോട്ടി’ എന്ന ക്യാമ്പയ്‌നും അദ്ദേഹം ആരംഭിച്ചിരുന്നു. വീട്ടി നിന്ന് ഇറങ്ങുമ്പോൾ കുറച്ച് അധിക ഭക്ഷണം എടുത്ത് അത് ആവശ്യമുള്ളവർക്ക് നൽകാനായിരുന്നു പദ്ധതി.

   മഖ്സൂസി അവാർഡ് നേടിയ വാർത്ത പോയിന്റ് ഓഫ് ലൈറ്റ് തങ്ങളുടെ വൈബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. സമൂഹത്തിനായി അസ്ഹർ മഖ്സൂസി നൽകിയ സംഭാവന അവിശ്വസനീയമാണെന്ന് ഹൈദരാബാദിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ. ആൻഡ്രൂ ഫ്ലെമിംഗ് പറഞ്ഞു. ഭക്ഷണം ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമാണ് അദ്ദേഹം സമൂഹത്തിന് മനസ്സിലാക്കി കൊടുത്തത്. നിസ്വാർത്ഥ ത്യാഗത്തിന്റെയും സേവനത്തിന്റെയും സമാനമായ നിരവധി ഉദാഹരണങ്ങളുണ്ട്. ചിലത് മഹാമാരിയുടെ ഫലമായി ഉയർന്നുവരുന്നുമുണ്ട്. എന്നാൽ 'വിശപ്പിന് മതമില്ല' എന്ന പദ്ധതി എട്ട് വർഷമായി നടപ്പാക്കുകയാണ്. സമൂഹത്തിലെ ദുർബല വിഭാ​ഗങ്ങൾക്ക് നല്ലൊരു സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസ്ഹർ മഖ്സൂസിക്കും സാനി വെൽ‌ഫെയർ ഫൗണ്ടേഷൻ പ്രവർത്തകർക്കും അദ്ദേഹം ആശംസകളും അർപ്പിച്ചു.
   Published by:Anuraj GR
   First published:
   )}