പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന മലബാര്‍ ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാന് ടെക് നഗരമായ ബെംഗളൂരുവിലെ ബാനര്‍ഗട്ട മൃഗശാല ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുകയാണ്. ബയോളജിക്കല്‍ പാര്‍ക്കില്‍ മലബാര്‍ ചിത്രശലഭങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനുമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെയാണ് ഈ പരിപാടി നടക്കുന്നതെന്നും മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിംഗ് പറഞ്ഞു.
ബാനര്‍ഗട്ട മൃഗശാലയെ മലബാര്‍ ബാന്‍ഡഡ് സ്വാലോടൈല് ചിത്രശലഭങ്ങള്ക്കായുള്ള പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കാന്‍ കേന്ദ്ര മൃഗശാല അധികൃതര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണിത്. ചിത്രശലഭങ്ങളുടെ പരിപാലനത്തെക്കുറിച്ച് പരിമിതമായ അറിവും പരിമിതിയും ഉള്ളതിനാല്‍ ഇവയെ ഒരു മൃഗശാലയിലും പാര്‍പ്പിച്ചിട്ടില്ല എന്നും അതിനാല്‍ കുട്ടികള്‍ക്ക് പ്രിയങ്കരമായ സാധാരണ ഇനം ചിത്രശലഭങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പാര്‍ക്കുകള്‍ സ്ഥാപിച്ച് പരീക്ഷണം നടത്തുന്നുവെന്ന് സിംഗ് പറഞ്ഞു. ആവാസവ്യവസ്ഥയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ചിത്രശലഭങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ ഈ ചിറകുള്ള പ്രാണികളെക്കുറിച്ചും അവയെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സന്ദര്‍ശകര്‍ അറിയണമെന്നും സിംഗ് പറയുകയുണ്ടായി.
Also Read-പുതുതായി കണ്ടെത്തിയ ചിലന്തി വർഗത്തിന് തുക്കാറാമിന്റെ പേര്; അജ്മൽ കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന് ആദരം
ഇളം മഞ്ഞ വരകളുള്ള ചിറകുകളോടുകൂടി തവിട്ടും കറുപ്പും നിറങ്ങളില്‍ കാണപ്പെടുന്ന ഈ ചിത്രശലഭങ്ങള്‍ കാഴ്ചക്കാരില്‍ വിസ്മയം ജനിപ്പിക്കുന്നു. ഈ ഇനം ചിത്രശലഭങ്ങള്‍ നിത്യഹരിത മഴക്കാടുകളിലാണ് കാണപ്പെടുന്നത്. മുട്ട, ലാര്‍വ, പ്യൂപ്പ, ഇമാഗോ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ഇവയുടെ ജീവിത ചക്രത്തില്‍ ഉള്ളത്. ഒരു വടിക്ക് സമാനമായ ക്രമത്തില്‍ പെണ് ശലഭങ്ങള്‍ 10-16 മുട്ടകള്‍ ഒന്നിനു പുറകെ ഒന്നായി ഇടുന്നു. മുട്ടയുടെ നിറം ഓറഞ്ചില്‍ നിന്ന് മഞ്ഞയിലേക്ക് ക്രമേണ മങ്ങിപോകുന്നതായി കാണാമെന്നും സിംഗ് പറഞ്ഞു.
മുട്ടയുടെ ഷെല്ലുകളുടെ മുകള്‍ ഭാഗത്ത് നാലാം ദിവസം ഇളം കറുത്ത അടയാളങ്ങളും കാണപ്പെടുകയും അഞ്ചാം ദിവസം ലാര്‍വ വിരിയുകയും ചെയ്യുന്നു. ലാര്‍വ വിരിഞ്ഞ് 22 ദിവസത്തിനുശേഷം പ്യൂപ്പേഷന് ആരംഭിക്കുകയും ഏകദേശം 15 ദിവസം അത് നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. വനങ്ങളുടെ നശീകരണം, ശുദ്ധമായ നിത്യഹരിത സസ്യങ്ങളുടെ കുറവ് എന്നിവ ചിത്ര ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുകയാണെന്ന് സിംഗ് പറയുന്നു.
Also Read-
ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
ഈ പരിപാടിയുടെ ഭാഗമായി, മലബാര്‍ ചിത്രശലഭങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വെബിനാര്‍ നടത്തപ്പെടുന്നു. ആളുകളുടെ കൂടുതലായുള്ള പങ്കാളിത്തത്തിനായി ക്വിസ്, ഡ്രോയിംഗ്, ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി,പ്രസംഗകല തുടങ്ങിയവ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മത്സരങ്ങളും നടത്തപ്പെടുന്നു. 'സഹവര്‍ത്തിത്വത്തിനുള്ള സംരക്ഷണത്തിന് ആളുകളെ ബന്ധിപ്പിക്കുന്നു'' എന്ന തലക്കെട്ടോടെ, നടത്തുന്ന ക്യാമ്പയിനെ അടിസ്ഥാനമാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 15 വരെ 75 മൃഗശാലകളില്‍ 75 ആഴ്ചകളിലായി 75 വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് ആളുകളില്‍ അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.