• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഡോക്ടർ മുസ്ലിമാകണമെന്ന് പറയുന്നതും പാഴ്സൽ കൊണ്ട് വരുന്നവൻ ഹിന്ദുവാകണമെന്ന് പറയുന്നതും ഒരേ രോഗത്തിന്റെ മൂർച്ചിച്ച രൂപം'

ഒരേ ചികിത്സയാണ് ഈ രണ്ട് രോഗത്തിനും വേണ്ടത്. നമ്മുടെ പക്ഷം അതിതീവ്രതയിലേക്ക് പോകുമ്പോള്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുക, മറുപക്ഷം അതേ നിലപാട് എടുക്കുമ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വരിക. അതില്‍ ഇരട്ടത്താപ്പുണ്ട്

news18
Updated: August 1, 2019, 1:48 PM IST
'ഡോക്ടർ മുസ്ലിമാകണമെന്ന് പറയുന്നതും പാഴ്സൽ കൊണ്ട് വരുന്നവൻ ഹിന്ദുവാകണമെന്ന് പറയുന്നതും ഒരേ രോഗത്തിന്റെ മൂർച്ചിച്ച രൂപം'
zomato_religion_order
news18
Updated: August 1, 2019, 1:48 PM IST
ഡെലിവറി ബോയിയുടെ മതത്തെച്ചൊല്ലി ഭക്ഷണം ഓർഡർ ചെയ്തത് റദ്ദാക്കിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. സൊമാറ്റോ ഫുഡ് ആപ്പിലാണ് ഇതുസംബന്ധിച്ച വിവാദമുണ്ടായത്. ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ മതമാണെന്നുമുള്ള തകർപ്പൻ മറുപടിയാണ് ഇതിന് സൊമാറ്റോ നൽകിയത്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പങ്കുവെക്കുകയാണ്പ്രശസ്ത  ബ്ലോഗർ ബഷീർ വള്ളിക്കുന്ന്. പ്രസവത്തിനും ചികിത്സയ്ക്കുമായി മുസ്ലീം ഡോക്ടറെ കാണമെന്ന് ഉപദേശിക്കുന്ന മതപണ്ഡിതന്‍റെ പരാമർശത്തെ മുമ്പ് വിമർശിച്ച അനുഭവമാണ് ബഷീർ വിവരിക്കുന്നത്. അന്ന് തനിക്കെതിരെ വിമർശനം ഉന്നയിച്ചവർ ഇന്ന് സൊമാറ്റോ വിഷയത്തിൽ ഭക്ഷണം റദ്ദാക്കിയയാളെ വിമർശിക്കാൻ മുന്നിലുണ്ടെന്നാണ് ബഷീർ പറയുന്നത്. ഡോക്ടർ മുസ്ലിമാകണമെന്ന് പറയുന്നതും പാർസൽ കൊണ്ട് വരുന്നവൻ ഹിന്ദുവാകണമെന്ന് പറയുന്നതും ഒരേ രോഗത്തിന്റെ മൂർച്ചിച്ച രൂപമാണെന്നാണ് ബഷീർ വള്ളിക്കുന്ന് പറയുന്നത്.

ബഷീർ വള്ളിക്കുന്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

സൊമാറ്റോ വിവാദവുമായി ബന്ധപ്പെട്ട് ഇതുകൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

മുമ്പൊരു മുസ്ലിം പണ്ഡിതന്‍ പ്രസംഗിച്ചു. നിങ്ങളുടെ ഭാര്യമാരെ മുസ്ലിം ഗൈനക്കോളജിസ്റ്റിനെ മാത്രമേ കാണിക്കാവൂ എന്ന്.. കുറച്ച് ദൂരം യാത്ര ചെയ്തിട്ടാണെങ്കിലും അവരെ കാണിക്കാന്‍ ശ്രമിക്കണം. ഒരു നിവൃത്തിയുമില്ല എങ്കില്‍ പിന്നെ ഹിന്ദു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം. അവരും ഇല്ലെങ്കില്‍ പിന്നെ ഒരു മുസ്ലിം പുരുഷ ഡോക്ടറെ നോക്കുക, അതും കിട്ടിയില്ലെങ്കില്‍ മാത്രമേ പിന്നെ ഹിന്ദു ഡോക്ടറുടെ അടുത്ത് പോകാവൂ.. പ്രസവത്തിനാണെങ്കിലും മറ്റ് രോഗങ്ങള്‍ക്കാണെങ്കിലും മുസ്ലിം ഡോക്ടറുണ്ടോ എന്ന് നോക്കണം. അതാണ് നമ്മുടെ ശരീഅത്ത് സംരക്ഷിക്കാന്‍ വേണ്ടത്..

അന്നത് വലിയ വിവാദമായിരുന്നു. ഈ പണ്ഡിതന്റെ പരാമര്‍ശത്തെ എതിര്‍ത്ത് കൊണ്ട് ഞാനൊരു പോസ്റ്റിട്ടപ്പോള്‍ ആ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ടും പണ്ഡിതന്‍ പറഞ്ഞതിനെ ന്യായീകരിച്ചു കൊണ്ടും കുറെ പേര്‍ വന്നിരുന്നു. അവരില്‍ പലരും ഡെലിവറി ബോയ് മുസ്ലിമായതിനാല്‍ ഫുഡ് പാര്‍സല്‍ വേണ്ടെന്ന് പറഞ്ഞ മോദി ഭക്തനെ കണക്കിന് വിമര്‍ശിക്കുന്നവരായിരിക്കും എന്നതാണ് തമാശ.

ഡോക്ടര്‍ മുസ്ലിമാകണം എന്ന് പറയുന്നതും പാഴ്സല്‍ കൊണ്ട് വരുന്നവന്‍ ഹിന്ദുവാകണം എന്ന് പറയുന്നതുമൊക്കെ ഒരേ രോഗത്തിന്റെ മൂര്‍ച്ചിച്ച രൂപമാണ്. ഒരേ ചികിത്സയാണ് ഈ രണ്ട് രോഗത്തിനും വേണ്ടത്. നമ്മുടെ പക്ഷം അതിതീവ്രതയിലേക്ക് പോകുമ്പോള്‍ അതിനെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുക, മറുപക്ഷം അതേ നിലപാട് എടുക്കുമ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വരിക.. അതില്‍ ഇരട്ടത്താപ്പുണ്ട്.

ചെയ്യേണ്ടത് ഇത്രയുമാണ്, ഓരോ മത വിഭാഗങ്ങളിലും ഇത്തരം തീവ്ര ചിന്താഗതിയുടെ വിത്തുകള്‍ മുളക്കുന്നത് കണ്ടാല്‍ ആ വിത്തുകളെ ഉടനെ പിഴുതെറിയാന്‍ അതേ മതവിഭാഗത്തിലുള്ളവര്‍ തന്നെ ശ്രമിക്കണം.. അവര്‍ക്കാണ് അത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുക.. മുസ്ലിംകള്‍ക്കിടയിലാണെങ്കിലും ഹൈന്ദവര്‍ക്കിടയിലാണെങ്കിലും ക്രൈസ്തവര്‍ക്കിടയിലാണെങ്കിലും അത് വേണം.. മുസ്ലിം തീവ്രവാദത്തിന്റെ ലക്ഷണങ്ങളെ വിമര്‍ശിച്ചു കൊണ്ട് തുടരെത്തുടരെ പോസ്റ്റുകള്‍ എഴുതിയിരുന്ന കാലത്ത് നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്ന് ചോദിച്ചവരോട് ഞാനിക്കാര്യമായിരുന്നു ഉണര്‍ത്തിയിരുന്നത്. ഒരു വിശ്വാസി എന്ന നിലക്കുള്ള എന്റെ ഉത്തരവാദിത്വമാണ് അതെന്നാണ് പറഞ്ഞിരുന്നത്..

ചുരുക്കത്തില്‍ രോഗത്തെ തിരിച്ചറിയാന്‍ ശ്രമിക്കണം.. രോഗം വരുന്ന വഴികളെ മനസ്സിലാക്കാന്‍ ശ്രമിക്കണം.. സ്വന്തം പക്ഷത്തായാലും മറുപക്ഷത്തായാലും.. അവക്കെതിരെ നില കൊള്ളണം..

മനുഷ്യരെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മാത്രമായി കാണുന്നതിന് പകരം മനുഷ്യരെ മനുഷ്യരായി കാണുവാന്‍ പഠിക്കണം.. അതിന് നമുക്ക് കഴിഞ്ഞാല്‍ നാം ജീവിക്കുന്ന ലോകം സ്വര്‍ഗ്ഗമായി മാറും.. അതല്ലെങ്കില്‍ അത് നരകവുമാകും.
First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...