ഗുരുഗ്രാം: സംസ്ഥാനത്തെ 2023-24 സാമ്പത്തിക വർഷത്തെ എക്സൈസ് നയത്തിന് ഹരിയാന സർക്കാർ അംഗീകാരം നൽകി. ഇത് പ്രകാരം ഗുരുഗ്രാമിലെ കോർപ്പറേറ്റ് ഓഫീസുകളിൽ ജീവനക്കാർക്കും അതിഥികൾക്കും ബിയറും വൈനും ഉൾപ്പെടെ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മദ്യം വിളമ്പാൻ അനുമതി നൽകി. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളെ ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള മദ്യം വിളമ്പാൻ അനുവദിക്കുന്നത്.
ജൂൺ 12 മുതൽ ഹരിയാനയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വരും. അതേസമയം കുറഞ്ഞത് 5,000 ജീവനക്കാരുള്ള കോർപ്പറേറ്റ് ഓഫീസുകളിൽ മാത്രമേ ഇതിന് അനുവാദമുള്ളൂ. കൂടാതെ കമ്പനിക്ക് സ്വന്തം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ ഒരു കെട്ടിടത്തിൽ കുറഞ്ഞത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമെങ്കിലും ഉള്ള ഓഫീസ് സൗകര്യം ഉണ്ടായിരിക്കണം.
ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമം (L-10F) ബാർ ലൈസൻസുകളുടേതിന് സമാനമായിരിക്കും. എക്‌സൈസ്, ടാക്‌സേഷൻ കമ്മീഷണർ എന്നിവരുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി 10 ലക്ഷം രൂപ വാർഷിക ഫീസ് അടച്ചാൽ ലൈസൻസ് അനുവദിക്കും എന്ന് മദ്യനയത്തിൽ പറയുന്നു. ലൈസൻസിന് അപേക്ഷിക്കുന്ന പരിസരം ഒരു പൊതുവഴിയോ അല്ലെങ്കിൽ പൊതുജനങ്ങൾ പതിവായി വരുന്ന ഏതെങ്കിലും പ്രദേശവുമായി ബന്ധിപ്പിക്കുന്നതോ ആയിരിക്കരുത് എന്നും നിബന്ധന ഉണ്ട്. എക്‌സൈസ് ആന്റ് ടാക്‌സേഷൻ കമ്മീഷണറുടെ അനുമതിയോടെ കളക്ടർക്ക് മാത്രമേ ലൈസൻസ് നൽകാൻ കഴിയൂ. കളക്ടർക്ക് വേണ്ടി ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് ആൻഡ് ടാക്സേഷൻ കമ്മീഷണർക്ക് ഇത് പുതുക്കി നല്കാനുമാകും.
Also Read- സിപിഎമ്മിലേക്കോ കോൺഗ്രസിലേക്കോ മടക്കം? എ.പി. അബ്ദുള്ളക്കുട്ടിയുടെ തഗ്ഗ് മറുപടി
പുതിയ മദ്യനയത്തിൽ മറ്റ് പല മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. 2023-24 ൽ സംസ്ഥാനത്ത് പരമാവധി ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 2,500 ൽ നിന്ന് 2,400 ആയി കുറച്ചു. 2022-23 ൽ ഇത് 2,600 ൽ നിന്ന് 2,500 ആയി കുറച്ചിരുന്നു. കൂടാതെ തദ്ദേശീയമദ്യം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ഇറക്കുമതി ചെയ്ത വിദേശ മദ്യം എന്നിവയുടെ ക്വാട്ടയിലും വർധനയുണ്ടായിട്ടുണ്ട്. തദ്ദേശീയ മദ്യത്തിന്റെയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെയും എക്‌സൈസ് തീരുവ നിരക്കിലും നാമമാത്രമായ വർധനയുണ്ടായിട്ടുണ്ട്. എക്സൈസ് വരുമാനത്തിൽ വലിയ ഉത്തേജനം നൽകാനാണ് ഈ വർദ്ധനവ് ലക്ഷ്യമിടുന്നത് എന്നും സർക്കാർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Beer, Haryana, Liquor policy, Wine