നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബംഗാൾ പ്രളയം: 11 മാസം പ്രായമുള്ള കുഞ്ഞുമായി കുടുംബം അയൽവീട്ടുകാരുടെ വീടിന്റെ ടെറസിൽ അഭയം തേടി

  ബംഗാൾ പ്രളയം: 11 മാസം പ്രായമുള്ള കുഞ്ഞുമായി കുടുംബം അയൽവീട്ടുകാരുടെ വീടിന്റെ ടെറസിൽ അഭയം തേടി

  കഴിഞ്ഞ നാല് ദിവസമായി ആ കുഞ്ഞും കുടുംബവും അയൽവീട്ടുകാരുടെ വീടിന് മുകളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്.

  • Share this:
   വർഷകാലത്ത് തോരാതെ പെയ്യുന്ന മഴ പല സംസ്ഥാനങ്ങളിലെയും സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്നാപൂർ ജില്ലയിലെ ഘട്ടലിൽ 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഒരു കുടുംബത്തിന് മഴക്കെടുതി മൂലം അയൽ വീട്ടുകാരുടെ വീടിന് മുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. കഴിഞ്ഞ നാല് ദിവസമായി ആ കുഞ്ഞും കുടുംബവും അയൽവീട്ടുകാരുടെ വീടിന് മുകളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ തങ്ങളുടെ വീട് പൂർണമായും വെള്ളക്കെട്ടിൽ മുങ്ങിപ്പോയതായി കുഞ്ഞിന്റെ കുടുംബം പറയുന്നു.

   ഘട്ടൽ എന്ന പട്ടണത്തിൽ ആറാം നമ്പർ വാർഡിലാണ് പ്രസ്തുത കുടുംബം കഴിഞ്ഞിരുന്നത്. ഈ മാസം കുഞ്ഞിന് നൽകേണ്ടിയിരുന്ന വാക്സിനേഷന് വേണ്ടി അവർ അടുത്തുള്ള ആശുപത്രിയിലേക്ക് യാത്ര ചെയ്തിരുന്നു. ഒരു ബോട്ടിലാണ് അവർ കുഞ്ഞുമായി ആശുപത്രിയിൽ എത്തിയത്. ബംഗാളിലെ വിവിധ നഗരങ്ങളിലൂടെ കടന്നു പോകുന്ന നദികളുടെ ജലനിരപ്പും കനത്ത മഴ മൂലം ഉയർന്നു കൊണ്ടിരിക്കുകയാണ്.

   പൊതു നിരത്തുകൾക്ക് പിന്നാലെ വീടുകളും ഇപ്പോൾ വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയിരിക്കുന്നു. വീടുകളുടെ മേൽക്കൂരയിലും ടെറസുകളിലുമാണ് പല കുടുംബങ്ങളും അഭയം പ്രാപിക്കുന്നത്. തങ്ങളുടെ അരക്കെട്ട് വരെ പൊക്കമുള്ള വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന ആളുകളുടെ കാഴ്ചയും സർവ സാധാരണമായിരിക്കുകയാണ്.

   മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം, പശ്ചിമ മിഡ്നാപൂരിലെ ജില്ലാ ഭരണകൂടം ഇതിനകം 212 ദുരിതാശ്വാസ ക്യാമ്പുകൾ ജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം, ജില്ലയിലെ 172 ഗ്രാമ പഞ്ചായത്തുകളെയും ഏഴ് വാർഡുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്.

   ഇതിനകം കനത്ത മഴ മൂലമുള്ള അപകടങ്ങളിൽ പെട്ട് 16 പേർക്കോളം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവഹാനി സംഭവിച്ച ആളുകളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

   കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഇതിനകം ഏതാണ്ട് മൂന്ന് ലക്ഷം പേർക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളാണ് മഴ മൂലം ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്.

   ദാമോദർ വാലി കോർപ്പറേഷന്റെ (ഡി വി സി) കീഴിലുള്ള അണക്കെട്ടുകൾ തുറന്നതോടെ നാശനഷ്ടങ്ങളുടെ ആഘാതം കൂടി. പശ്ചിമ മിഡ്നാപൂർ, പൂർവ ബർധമൻ, പശ്ചിമ ബർധമൻ, ഹൂഗ്ലി, ഹൗറ, ദക്ഷിണ 24 പരഗനാസ് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്.
   Published by:Karthika M
   First published:
   )}