ബെംഗളൂരുവിലെ കെആർ മാർക്കറ്റിലുള്ള മേൽപ്പാലത്തിനു മുകളിൽ നിന്ന് 10 രൂപയുടെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞ് അജ്ഞാതൻ. നോട്ടുകൾ ശേഖരിക്കാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയത് വൻഗതാഗത കുരുക്കിന് ഇടയാക്കി. കോട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ക്ലോക്കുമായി വന്ന ആളാണ് അപ്രതീക്ഷിതമായി നോട്ടുകൾ അന്തരീക്ഷത്തിലേക്കു പറത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വാഹനം നിർത്തി ആളുകൾ ഇയാളോടു പണം ചോദിക്കുന്നതും വിഡിയോയിൽ കാണാം.
10 രൂപയുടെ 3000 രൂപയോളം മൂല്യമുള്ള നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് ഏകദേശ കണക്ക്. ആരാണു ചെയ്തതെന്നും കാരണമെന്തെന്നും വ്യക്തമല്ല. പൊലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം കാലിയാക്കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. “ഇയാൾ ആരെന്നോ, ഇങ്ങനെ ചെയ്യാനുള്ള കാരണമെന്തെന്നതോ സംബന്ധിച്ച ഇത് വരെ പൊലീസിന് യാതൊരു വിവരവും കിട്ടിയിട്ടില്ല”, എന്ന് പശ്ചിമ ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിംബരാഗി പറഞ്ഞു.
It’s literally raining money in Blr😂Unidentified man in #Bengaluru showers #money from KR Market flyover. Comes in with a bag of money consisting of 10 rupee currency, throws notes down the flyover and leaves. People swarm in large numbers to collect the money. pic.twitter.com/rbHB0ugsiR
— Akshara D M (@Aksharadm6) January 24, 2023
സിറ്റി മാർക്കറ്റ് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്. സാധാരണ ജനത്തിരക്കേറിയ കലാശപാളയം പ്രദേശത്താണ് അജ്ഞാതൻ നോട്ടു മഴ പെയ്യിച്ചത്. ഫ്ളൈ ഓവറിന് ഇരുവശത്തു നിന്നും ഇയാൾ നോട്ടുകൾ വാരി വിതറി. ആളുകൾ നോട്ടുകൾ ശേഖരിക്കാൻ തടിച്ച് കൂടിയതോടെ കാര്യമറിയാതെ കുഴങ്ങിയ ട്രാഫിക് പോലീസുകാരും നിസഹായരായി. ഗുജറാത്തി നാടോടി ഗായിക കീർത്തിദാൻ ഗധ്വിയുടെ ഭജൻ പ്രകടനത്തിനിടെ 40-50 ലക്ഷം രൂപയോളം വരുന്ന നോട്ടുകള്‍ ഇത്തരത്തിൽ വിതറിയ ഒരു സംഭവം ഗുജറാത്തിൽ ഒരു മാസം മുമ്പ് നടന്നിരുന്നു.
സ്വാമി വിവേകാനന്ദ ഐ ടെംപിൾ ട്രസ്റ്റ് പുതിയ കണ്ണാശുപത്രിക്ക് പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. 10 മുതൽ 500 രൂപ വരെയുള്ള നോട്ടുകളാണ് സദസ്യർ ഗായകർക്ക് മേൽ അന്ന് ചൊരിഞ്ഞത്. മൊത്തം 50 ലക്ഷം രൂപയിലധികം രൂപാ അന്ന് കിട്ടിയതായി ഗാധ്വി പറയുന്നു. 2015ൽ ഗുജറാത്തിലെ ഒരു പ്രാദേശിക ബിജെപി നേതാവ് വഡോദരയിൽ നടന്ന ഒരു ചടങ്ങിൽ ഇതേ ഗായികയുടെ മേൽ ബക്കറ്റ് നിറയെ പണം ചൊരിയുന്ന വീഡിയോയും വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.