• HOME
  • »
  • NEWS
  • »
  • buzz
  • »
  • BENGALURU MOST LINGUISTICALLY DIVERSE DISTRICT 107 LANGUAGES SPOKEN HERE NAV

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന നഗരം; 107 ഭാഷകൾ ഇവിടെ കേൾക്കാം

2011ലെ സെൻസെസിനെക്കുറിച്ചുള്ള സമീപകാല വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ മുൻനിര ജില്ലയാണ് ബെംഗളൂരു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    2014ൽ റിലീസ് ആയ സൂപ്പർഹിറ്റ് മലയാള ചലചിത്രമാണ് ‘ബാംഗ്ലൂർ ഡേയ്സ്. അതിലെ ‘നമ്മ ഊരു ബെംഗളൂരു’ എന്ന ഗാനം ഇന്ത്യക്കാരെ ഒന്നടങ്കം ആകർഷിച്ചിരുന്നു. സിനിമയും ഗാനവും മലയാളത്തിലായിരുന്നു. അതിൽ അഭിനയിച്ച ഭൂരിഭാഗം നടീനടന്മാരും മലയാള അഭിനേതാക്കൾ ആയിരുന്നു. എന്നാൽ സിനിമ ചിത്രീകരിച്ചത് കർണാടകയിലെ ബെംഗളൂരുവിലാണ്. കൂടാതെ, ഈ ഗാനത്തിൽ ചിത്രീകരിച്ചിരുന്നത് ബെംഗളൂരുവിന്റെ ദൈനംദിന ജീവിതത്തിന്റെ ഒപ്പു പതിഞ്ഞ കാര്യങ്ങളായിരുന്നു.

    അന്ന് ഈ ചിത്രത്തിലേക്കും ഈ ഗാനത്തിലേക്കും കാഴ്ചക്കാരെ ആകർഷിച്ച ഒരു ഘടകം, സിനിമയിൽ ചിത്രീകരിച്ചിരുന്ന ബെംഗളൂരുവിന്റെ സാസ്കാരിക വൈവിധ്യമാണ്. വർഷങ്ങൾക്കിപ്പുറവും ഈ ഗാനത്തിന്റെ യൂട്യൂബ് കമന്റ് ബോക്സ് ഇന്നും പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരത്തിൽ ജീവിച്ചു വന്ന ആളുകളുടെ ബെംഗളൂരുവിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും കൊണ്ട് നിറയുകയാണ്. ഈ കമന്റ് ബോക്സ് കാണിച്ചു തരുന്നത് ബെംഗളൂരു ഒരു കോസ്മോപൊളിറ്റൻ നഗരമാണന്നാണ്. അത് വഴി ‘ഇന്ത്യയുടെ ഐടി ഹബ്’ എന്ന അനൗദ്യോഗിക പദവിയും ബെംഗളൂരു നേടിയെടുക്കുന്നു. ഇന്ന് ഈ വാദത്തെ പിന്തുണയ്ക്കുന്ന യഥാർത്ഥ വിവരങ്ങളും ശേഖരിക്കാൻ സാധിക്കും.

    2011ലെ സെൻസെസിനെക്കുറിച്ചുള്ള സമീപകാല വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ മുൻനിര ജില്ലയാണ് ബെംഗളൂരു. 107 ഭാഷകളാണ് ബെംഗളൂരുവിൽ സംസാരിക്കപ്പെടുന്നത്. അതിൽ ഔദ്യോഗിക പട്ടികയിലുള്ള 22 ഭാഷകളും, പട്ടികപ്പെടുത്താത്ത 84 ഭാഷകളും ഉൾപ്പെടുന്നു എന്ന് ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ ഒരു നോൺ റസിഡന്റ് സീനിയർ ഫെലോയായ ശാമിക രവിയുടെയും, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മുദിത് കപൂറിന്റെയും വിശകലനം കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


    നഗരത്തിലെ ജനസംഖ്യയുടെ 44.62 ശതമാനമാൾക്കാരുടെയും മാതൃഭാഷ കന്നടയാണെന്ന് കണക്കുകൾ പറയുന്നു. കൂടാതെ പട്ടികപ്പെടുത്തിയ ഭാഷകളുടെ പട്ടികയിൽ കന്നടയോടൊപ്പം, ഹിന്ദി, മൈതിലി, മലയാളം, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, കശ്മീരി, സിന്ധി, ഉർദ്ദു, കൊങ്കിണി, സന്താലി, മറാത്തി, മണിപ്പൂരി, നേപ്പാളി തുടങ്ങിയ ഭാഷകളും ബെംഗളൂരുവിലെ സംസാര ഭാഷകളിൽ ഉൾപ്പെടുന്നു. പട്ടികപ്പെടുത്താത്ത ഭാഷകളിൽ ഇംഗ്ലീഷ്, കാബൂളി, പാഷ്ടോ, ടിബറ്റൻ, അറബിക്ക്, നിഷി, മൺഡരി, ലുഷെയ്, നിക്കോബാരീസ്, ഷെർപ്പ, തുടങ്ങിയ ഭാഷകളും, നാഗാലാൻഡിൽ നിന്നുള്ള ഭാഷകളും ഉൾപ്പെടുന്നതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.

    കർണ്ണാടകയിലെ ബെംഗളൂരു കഴിഞ്ഞാൽ 100ൽ കൂടുതൽ ഭാഷകൾ സംസാരിക്കപ്പെടുന്ന ജില്ലകളിൽ മുന്നിട്ട് നിൽക്കുന്നത് നാഗാലാൻഡിലെ ദീമപൂരാണ്. 103 ഭാഷകളാണ് ഇവിടുത്തെ സംസാര ഭാഷകളായുള്ളത്. തൊട്ടു പിറകെ ആസ്സാമിലെ സോനിത്പൂരുമുണ്ട്. 101 ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്, എന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. ഏറ്റവും കുറവ് ഭാഷകൾ സംസാരിക്കുന്ന ജില്ലകളിൽ പുതുച്ചേരിയിലെ യാനം, ബിഹാറിലെ കൈമൂർ, ഉത്തർപ്രദേശിലെ കൗശംബി, കാൻപൂർ ദേഹത്ത്, തമിഴ്നാട്ടിലെ അരിയല്ലൂർ തുടങ്ങിയ ജില്ലകളും ഉൾപ്പെടുന്നു. ഈ ജില്ലകളിൽ 20ൽ താഴെ ഭാഷകൾ മാത്രമാണ് സംസാരിക്കപ്പെടുന്നത്.
    Published by:Naveen
    First published:
    )}