#സൗമ്യ കലാസ
നിങ്ങളുടെ കൈവശമുള്ള വളരെ മൂല്യവത്തായ അപൂർവമായ ഒരു വസ്തു പൊട്ടിപ്പോയെന്ന് കരുതുക. അത് നന്നാക്കാൻ നിങ്ങളെന്ത് ചെയ്യും? യുട്യൂബ് വീഡിയോകളും പലയിടങ്ങളിൽ നിന്ന് അറിഞ്ഞ പൊടിക്കൈകളുമൊന്നും നിങ്ങളുടെ രക്ഷയ്ക്ക് എത്തിയില്ലെങ്കിലോ? ഒരു പരിഹാരമുണ്ട്: നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ പൊട്ടിപ്പോയാൽ അത് നന്നാക്കിത്തരാൻ സഹായിക്കുന്ന ആളുകളുടെ ഒരു സംഘം. ബംഗളൂരുവിലെ 'ദി റിപ്പയർ കഫെ'യിലാണ് ഏത് തരത്തിലുള്ള പൊട്ടിയ വസ്തുക്കളും നന്നാക്കി കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നത്.
വിരമിച്ച എഞ്ചിനിയർമാർ, അധ്യാപകർ, സാങ്കേതിക പരിജ്ഞാനമുള്ള ഊർജസ്വലരായ യുവാക്കൾ തുടങ്ങിയ സന്നദ്ധപ്രവർത്തകരുടെ ഒരു സംഘമാണ് റിപ്പയർ കഫേയ്ക്ക് പിന്നിൽ. ഒരു പ്രഷർ കുക്കറിന്റെ പൊട്ടിയ കൈപ്പിടി, ഇസ്തിരിപ്പെട്ടി, പൊട്ടിപ്പോയ ആഭരണങ്ങൾ, ട്രൈസൈക്കിളിന്റെ ഹോൺ, പഴയ റേഡിയോ, കുട തുടങ്ങി എന്തുമാകട്ടെ അവയെല്ലാം നന്നാക്കി നൽകാൻ ഈ സംഘത്തിന് കഴിയും.
ഡോക്ടറോട് ചോദിക്കാം: മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ കോവിഡ് 19 ബാധിക്കുന്നത് എങ്ങനെ?
2015-ൽ പൂർണ സർക്കാർ എന്ന വ്യക്തിയാണ് ഇത്തരമൊരു ആശയവുമായി എത്തിയത്. പിന്നീട് ഒരു കൂട്ടം സുഹൃത്തുക്കളുടെ സഹായത്തോടെ അത് പ്രാവർത്തികമാക്കുകയായിരുന്നു. 'ഉപയോഗിച്ചതിന് ശേഷം വസ്തുക്കൾ ഉപേക്ഷിക്കാൻ ശീലിച്ച ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചില വസ്തുക്കൾ പൊട്ടിപ്പോയാലോ കേടു വന്നാലോ അത് നന്നാക്കാൻ കഴിയുന്ന ആളെ കണ്ടെത്താൻ മെനക്കെടാതെ അത് ഉപേക്ഷിക്കാനും പുതിയൊരെണ്ണം വാങ്ങാനും നമ്മൾ തയ്യാറാകുന്നു. വസ്തുവിന്റെ വിലയല്ല ഇവിടുത്തെ പ്രശ്നം, ആളുകളുടെ ശീലവും മനോഭാവവും മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സുസ്ഥിരത എന്ന ആശയം പ്രോത്സാഹിപ്പിച്ചു കൊണ്ട് ഈ സംരംഭത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ തീരുമാനിച്ചത്' - സർക്കാർ ന്യൂസ് 18നോട് പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ സംരംഭം ആരംഭിച്ചത്. ഞായറാഴ്ചകളിൽ ഈ സംഘം ഒരു കെട്ട് ടൂളുകളുമായി വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ തുടങ്ങി. അവർ പോകുന്ന പ്രദേശത്തെ ആളുകൾക്ക് ഈ സേവനം സംബന്ധിച്ച വിവരം നൽകിയിട്ടുണ്ടാകും. അതിനാൽ, തങ്ങൾക്ക് നന്നാക്കേണ്ട വസ്തുക്കളുമായി ആളുകൾ ഇവരുടെ അടുത്തേക്കെത്തും.
കാൻസർ രോഗികൾക്ക് കോവിഡ് വാക്സിൻ സ്വീകരിക്കാമോ? എത്രത്തോളം ഫലപ്രദമാണ്? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
ഒരു വീട്ടമ്മയ്ക്ക് താൻ ആദ്യമായി ദുബായയിൽ പോയപ്പോൾ വാങ്ങിയ ഒരു ചെറിയ ഫാൻസി ഫാനായിരുന്നു നന്നാക്കേണ്ടിയിരുന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാകട്ടെ, തന്റെ മുത്തശ്ശൻ പണ്ട് സമ്മാനിച്ച ഇലക്ട്രോണിക് കളിപ്പാട്ടവുമായാണ് ഈ സംഘത്തെ സമീപിച്ചത്. ചില വസ്തുക്കളൊന്നും ഇനി ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അവ തങ്ങളുടെ നൊസ്റ്റാൾജിയയുടെ ഭാഗമായതിനാൽ നന്നാക്കി സൂക്ഷിക്കാൻ ആളുകൾ ആഗ്രഹിക്കുന്നു.
ഫാൻ, കളിപ്പാട്ടങ്ങൾ മുതലായവ നന്നാക്കാൻ തങ്ങളുടെ അനുഭവ പരിചയമാണ് റിപ്പയർ കഫെയിലെ അംഗങ്ങളെ തുണച്ചത്. പിന്നീട്, ഇത്തരം കാര്യങ്ങളിൽ താത്പര്യമുള്ളവർ സ്വയം സന്നദ്ധരായി അവരോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. തയ്യൽക്കാർ, ചെരിപ്പു നന്നാക്കുന്നവർ, കുട നന്നാക്കുന്നവർ എന്നിവരെല്ലാം അതിൽ ഉൾപ്പെടും. വളരെ തുച്ഛമായ പണം മാത്രമാണ് തങ്ങളുടെ സേവനത്തിനായി അവർ ഈടാക്കുന്നത്.
ലോക്ക്ഡൗൺ കാലം സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് ഈ പ്രവൃത്തികളിൽ ആളുകളെ ഓൺലൈനായി പരിശീലിപ്പിക്കാൻ റിപ്പയർ കഫെ തീരുമാനിച്ചു. അതിന്റെ ഭാഗമായി രണ്ടു വിഭാഗത്തിൽപ്പെടുന്നവർക്ക് അവർ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഒന്ന് മുതിർന്നവർക്കും, മറ്റൊന്ന് കുട്ടികൾക്കും. ക്ലാസുകൾക്ക് തുച്ഛമായ ഫീസാണ് ഈടാക്കുന്നത്. വിവിധ വസ്തുക്കളുടെ പ്രവർത്തനം, അവ നന്നാക്കാനുള്ള വിധം, ചില സാങ്കേതിക കാര്യങ്ങളിലുള്ള അറിവ് എന്നിവയാണ് ക്ലാസുകളിലൂടെ പകർന്നു നൽകുന്നത്.