വിമാനത്താവളങ്ങളിലും (Airport) റെയിൽവേ സ്റ്റേഷനുകളിലും ബാഗുകൾ (Bags) മാറിപ്പോകുന്നത് പലപ്പോഴും പതിവാണ്. ബാഗേജ് ബെൽറ്റിൽ സമാനമായ നിരവധി ബാഗുകൾ ഉണ്ടാകാറുള്ളതിനാൽ ആളുകൾക്ക് അബദ്ധം പറ്റി പലപ്പോഴും മറ്റ് ചിലരുടെ ലഗേജുകൾ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിയും വരാറുണ്ട്. അടുത്തിടെ ബെംഗളൂരുവിലെ ഒരു ടെക്കിക്കും സമാനമായ അനുഭവമുണ്ടായി. അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ ബാഗ് മറ്റൊരാളുടേതുമായി മാറിപ്പോയി. എന്നാൽ അദ്ദേഹം ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഒരു സിനിമാക്കഥ പോലെ തോന്നുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ നന്ദൻ കുമാറിനാണ് വിമാനത്താവളത്തിൽ വച്ച് തന്റെ ബാഗ് നഷ്ട്ടപ്പെട്ടത്. അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ കൗതുകകരമായി വിവരിക്കുകയും ചെയ്തു. “ഹേ ഇൻഡിഗോ, ഒരു കഥ കേൾക്കണോ? ഈ കഥയുടെ അവസാനം നിങ്ങളുടെ സിസ്റ്റത്തിലെ ഒരു സാങ്കേതിക തകരാറും ഞാൻ പറഞ്ഞു തരാം" എന്ന് തുടങ്ങുന്നതായിരുന്നു നന്ദന്റെ ട്വീറ്റ്.
ഇൻഡിഗോ എയർലൈൻ ഫ്ലൈറ്റിൽ പാട്‌നയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന തന്റെ സഹയാത്രികന്റെ ബാഗുമായി മാറിപ്പോയി എന്ന് നന്ദൻ തന്റെ ആദ്യ ട്വീറ്റിൽ പങ്കുവെച്ചു. “ചില ചെറിയ വ്യത്യാസങ്ങളൊഴിച്ചാൽ ബാഗുകൾ ഒരേപോലെ ആയിരുന്നുവെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ഭാര്യ ബാഗിലെ ഒരു ലോക്ക് ചൂണ്ടിക്കാണിച്ചപ്പോഴാണ് ബാഗ് മാറിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ എയർലൈനിന്റെ കസ്റ്റമർ കെയറിലേക്ക് വിളിച്ചു. ഒടുവിൽ ഒരു കസ്റ്റമർ കെയർ ഏജന്റുമായി ബന്ധപ്പെടുന്നതിന് താൻ ദീർഘനേരം കാത്തിരിക്കുകയും ഒന്നിലധികം തവണ വിളിക്കുകയും ചെയ്തുവെന്ന് ടെക്കി പറഞ്ഞു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരനെ ബന്ധപ്പെടാൻ കസ്റ്റമർ കെയർ സഹായിക്കാതിരുന്നതിനാൽ നന്ദന്റെ ശ്രമങ്ങൾ ഫലം കണ്ടില്ല.
"മറ്റ് യാത്രക്കാരുടെ സ്വകാര്യത, ഡാറ്റ സുരക്ഷ" നിയമങ്ങൾ വ്യക്തമാക്കിയാണ് യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാൻ എയർലൈൻ വിസമ്മതിച്ചതെന്നും നന്ദൻ അവകാശപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നന്ദൻ തന്റെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്താൻ ശ്രമിച്ചു.
നന്ദന് ലഭിച്ച ബാഗിൽ നിന്ന് യാത്രക്കാരന്റെ പിഎൻആർ കണ്ടെത്തി. അത് എയർലൈനിന്റെ വെബ്‌സൈറ്റിൽ തിരയാൻ ശ്രമിച്ചു, എന്നാൽ ഇത് വിജയിച്ചില്ല. ഇതിനെ തുടർന്ന്, എയർലൈന്റെ വെബ്‌സൈറ്റിലെ ഡെവലപ്പർ കൺസോൾ തുറന്നതിന് ശേഷം അദ്ദേഹം നെറ്റ്‌വർക്ക് ലോഗ് റെക്കോർഡ് ഓണാക്കി ചെക്കിൻ ഫ്ലോ പരിശോധിച്ചു.
ഒടുവിൽ, നന്ദന് തന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ യാത്രക്കാരന്റെ ഫോൺ നമ്പറും ഇ-മെയിൽ വിലാസവും വേർതിരിച്ചെടുക്കാൻ കഴിഞ്ഞു. പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടുകയും ബാഗ് തിരികെ വാങ്ങുകയും ചെയ്തു. തുടർന്ന് എയർലൈനിനോട് ഐവിആർ ശരിയാക്കണമെന്നും കസ്റ്റമർ കെയർ സേവനം കൂടുതൽ കാര്യക്ഷമമാക്കണെന്നും നന്ദൻ അഭ്യർത്ഥിച്ചു. അതേസമയം എയർലൈനിന്റെ വെബ്‌സൈറ്റിൽ നിന്ന് “സെൻസിറ്റീവ് ഡാറ്റകൾ ചോർത്താൻ” കഴിയുമെന്ന് അവരെ അറിയിക്കുകയും ചെയ്തു.
എന്നാൽ ഇതിനെ തുടർന്ന് വിമാനക്കമ്പനി നന്ദനോട് ട്വിറ്റിലൂടെ പ്രതികരിക്കുകയും നഷ്ടപ്പെട്ട ബാഗേജ് തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമം വിശദീകരിക്കുകയും ചെയ്തു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.