• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഒറ്റമുറി കുടിലില്‍ നിന്നും ഫോര്‍ഡ് എഞ്ചിനീയര്‍ പദവിയിലേക്ക്; ഭാവേഷ് ലോഹറിന്റെ കഥയിങ്ങനെ

ഒറ്റമുറി കുടിലില്‍ നിന്നും ഫോര്‍ഡ് എഞ്ചിനീയര്‍ പദവിയിലേക്ക്; ഭാവേഷ് ലോഹറിന്റെ കഥയിങ്ങനെ

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) വിദ്യാർത്ഥിയായ ലോഹറിന് കോവിഡ് മഹാമാരി കാരണം കോളേജ് ഹോസ്റ്റൽ വിട്ട് രാജസ്ഥാനിലെ തന്റെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഏഴ് കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഇടുങ്ങിയ ഒറ്റമുറി വീട്ടിലാണ് ലോഹർ താമസിച്ചിരുന്നത്.

 • Share this:

  കുട്ടിക്കാലത്ത് എല്ലാവരുടെയും മനസ്സിൽ താന്‍ മുതിർന്നാൽ ചെയ്യാനാഗ്രഹിക്കുന്ന ഒരു ജോലിയുണ്ടാകുമെന്നത് ശരിയല്ലേ? എന്നാൽ വളരുമ്പോള്‍ അത് നേടാനുള്ള പണമോ പദവിയോ കഴിവുകളോ എല്ലാവർക്കും ലഭിക്കണമെന്നില്ല. ഇവിടെയാണ് സ്വപ്ന ജോലിയിലേക്ക് പ്രവേശിക്കാനുള്ള എല്ലാ തടസ്സങ്ങളെയും തകർത്തെറിഞ്ഞ ഭാവേഷ് ലോഹറിന്റെ കഥ വ്യത്യസ്തമാകുന്നത്. വൈറലായ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള വീട്ടുജോലിക്കാരിയുടെ മകനായ ഭാവേഷ് ലോഹർ ഫോർഡ് മോട്ടോർ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായത് എങ്ങനെയെന്ന് വിവരിക്കുന്നു.


  തന്റെ പോസ്റ്റിൽ ലോഹർ പറയുന്നതിങ്ങനെ, “എൻറെ കുട്ടിക്കാലത്ത് ഞാൻ കഠിനമായ വെയിലത്ത് പെരുവഴിയിലൂടെ നഗ്നപാദനായിട്ടാണ്‌ സർക്കാര്‍ സ്കൂളിലേക്ക് പോയിരുന്നത്. ആ യാത്രകളില്‍ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ഭാവിയില്‍ ഞങ്ങൾ വലിയ ആളുകളാകുമ്പോൾ വാങ്ങുന്ന കാറുകളെക്കുറിച്ച് ചർച്ച ചെയ്യുമായിരുന്നു. ഒരു ദിവസം ഒരു പത്രത്തിൽ ഞാൻ ഫോർഡ് ഫിഗോയുടെ ചിത്രം കാണുകയും എനിക്ക് അതിനോട് വളരെയധികം ഇഷ്ടം തോന്നുകയും ചെയ്തു. എപ്പോഴെങ്കിലും എൻറെ കയ്യിൽ മതിയായ പണം ലഭിക്കുമ്പോൾ അത് വാങ്ങണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു."


  പക്ഷേ, ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ‌ഐ‌ടി) വിദ്യാർത്ഥിയായ ലോഹറിന് കോവിഡ് മഹാമാരി കാരണം കോളേജ് ഹോസ്റ്റൽ വിട്ട് രാജസ്ഥാനിലെ തന്റെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഏഴ് കുടുംബാംഗങ്ങള്‍ താമസിക്കുന്ന ഇടുങ്ങിയ ഒറ്റമുറി വീട്ടിലാണ് അവൻ താമസിച്ചിരുന്നത്.


  “എന്റെ ഏഴ് അംഗങ്ങളുള്ള കുടുംബത്തിന് ഒരേയൊരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ എന്റെ പഠനത്തിനായി ഞാൻ അതിനോട് ചേർന്ന് ഒരു ചെറിയ മുറി നിർമ്മിക്കാൻ തുടങ്ങി. ഈ റൂമിൽ ഇരുന്നുകൊണ്ടാണ് ഞാൻ പഠിച്ചതും, ഉറങ്ങിതും, പല മികച്ച കമ്പനികൾക്ക് ഇന്റർവ്യൂ നൽകിയതും. ഭാഗ്യമെന്നു പറയട്ടെ, സ്വപ്നസാക്ഷാത്കാരം പോലെ ഫോർഡ് കമ്പനിയിൽത്തന്നെ സെലക്ഷൻ കിട്ടുകയും ചെയ്തു,” ലോഹർ പറയുന്നു.


  “എന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ സ്വന്തം സ്വപ്നങ്ങൾ ത്യജിച്ച എന്റെ പ്രിയപ്പെട്ട മൂത്ത സഹോദരിമാരോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അവർ ജോലി ചെയ്യുകയും അതിനോടൊപ്പം എന്റെ കുടുംബത്തെ പോറ്റാൻ പണം സമ്പാദിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.


  ഏഴായിരം മുതൽ എണ്ണായിരം രൂപ വരെ മാത്രം ശമ്പളം കിട്ടിയിരുന്ന പിതാവിന്റെ പ്രതിമാസ വരുമാനത്തിന്റെ ഭൂരിഭാഗവും കടം തീർക്കാൻ കൊടുക്കേണ്ടി വരും എന്നതിനാൽ തന്റെ പഠനത്തിനായി ഒരു വീട്ടു ജോലി ചെയ്തിരുന്ന അമ്മയോട് ലോഹർ നന്ദി പറയുന്നു. പഠനത്തിന് പണം കണ്ടെത്തുന്നതിനായി പാർട്ട് ടൈം ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.


  കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കടന്നുപോയിരുന്ന ലോഹറിന്റെ കുടുംബത്തിന്‌ അവസാനം, അവരർഹിക്കുന്ന പ്രതിഫലം തന്നെ ലഭിച്ചു. “എന്നെക്കാൾ കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുകയും, കഠിനമായ ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം വിദ്യാർത്ഥികൾ ഉണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ പ്രവൃത്തികൾ സത്യസന്ധമായി തുടരുകയും പോസിറ്റീവായിരിക്കുകയും ചെയ്യുക എന്ന് മാത്രമേ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുള്ളൂ, കാരണം ഭഗവദ് ഗീതയില്‍ ഫലത്തെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ ജോലി ചെയ്യുക എന്ന വിഖ്യാതമായ ആ ശ്ലോകത്തില്‍ പറയുന്നത് നിങ്ങള്‍ അതേപടി അനുവര്‍ത്തിക്കുക. ദൈവം നിങ്ങൾക്കായി ചില പദ്ധതികൾ തയ്യാറാക്കി വച്ചിട്ടുണ്ട്. മനസ്സു മടുക്കാതെ അത് ചെയ്യുന്നത് തുടരുക. ഫലം തീര്‍ച്ചയായും പിന്നാലെ വരിക തന്നെ ചെയ്യും." അദ്ദേഹം പറയുന്നു.

  Published by:Naveen
  First published: