റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം അതിന്റെ ചരിത്രത്തിലാദ്യമായി സാധാരണക്കാരെയും പങ്കാളികളാക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ബിഗ് ബോസ് ടീം ഉടൻ തന്നെ സാധാരണക്കാർക്കായി ഒരു ഓഡിഷൻ നടത്തുമെന്നാണ് അറിയുന്നത്.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ഈ വർഷം മാർച്ചിൽ ഗ്രാൻഡ് പ്രീമിയർ ഷോ നടത്താൻ ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി, ഷോയെക്കുറിച്ചുള്ള നിരവധി ആവേശകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്. ആരാധകരും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഷോയിൽ സാധാരണക്കാരെ മത്സരാർത്ഥികളായി ക്ഷണിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ബിഗ് ബോസ് ടീം ഉടൻ തന്നെ സാധാരണക്കാർക്കായി ഒരു ഓഡിഷൻ നടത്തിയേക്കും.
ഷോയുടെ അവതാരകൻ സൂപ്പർ സ്റ്റാർ മോഹൻലാലായിരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണക്കാരെ സ്വാഗതം ചെയ്യുന്നത് ഷോയെയും ചാനലിനെയും കാഴ്ചക്കാരിലേക്ക് കൂടുതൽ അടുപ്പിക്കുമെന്ന് ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറഞ്ഞു.
മുൻ സീസണിലെന്നപോലെ, ടെലിവിഷൻ സംപ്രേക്ഷണത്തോടൊപ്പം OTT-യിലും 24×7 സ്ട്രീമിംഗ് ഉണ്ടായിരിക്കും. നേരത്തെ, ഷോയുടെ പുതിയ സീസണിന്റെ ആരംഭത്തെക്കുറിച്ച് സൂചനകൾ ഉണ്ടായിരുന്നു. ആദ്യസീസണിലെ ചില ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ ഈയിടെ പുറത്ത് വിട്ടിരുന്നു.
മിനിസ്ക്രീനിലെ ജനപ്രിയ ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായ ഷോ ഇതിനകം നാല് സീസണുകൾ പൂർത്തിയാക്കി. ആദ്യ സീസണിൽ ടിവി അവതാരകനും നടനുമായ സാബുമോൻ അബ്ദുസമദ് ട്രോഫി ഉയർത്തിയപ്പോൾ, കോവിഡ് കാരണം രണ്ടാം സീസൺ ഉപേക്ഷിച്ചു. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തെ തുടർന്ന് മൂന്നാം സീസൺ തടസ്സപ്പെട്ടെങ്കിലും നടൻ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു. ഷോയുടെ അവസാന സീസണിൽ നർത്തകി ദിൽഷ പ്രസന്നനെ വിജയിയായി തിരഞ്ഞെടുത്തു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.
മത്സരാർത്ഥികൾക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, അടുക്കള, സ്റ്റോർറൂം, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല.
മത്സരാർത്ഥികൾ വീട്ടിലെ യാതൊരു വസ്തുവും നശിപ്പിക്കുവാൻ പാടില്ല. അനുവാദമില്ലാതെ വീടും പരിസരവും വിട്ട് പോകരുത്. മത്സരാർത്ഥികളെ പുറത്താക്കുന്നതു സംബന്ധിച്ചുള്ള ചർച്ചകൾ അനുവദനീയമല്ല. പകൽ സമയം ഉറങ്ങാൻ പാടില്ല. മത്സരാർത്ഥികൾ എപ്പോഴും മൈക്രോഫോൺ ഉപയോഗിക്കുകയും അതിലൂടെ മാത്രമേ ആശയവിനിമയം നടത്താനും പാടുള്ളൂ എന്നതും പ്രധാന നിയമമാണ്. ആശയവിനിമയത്തിനായി മലയാളം ഒഴികെ മറ്റൊരു ഭാഷയും ഉപയോഗിക്കുവാനും പാടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.