ഈ വർഷം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയ ഏറ്റവും വലിയ ഛിന്നഗ്രഹം (ആസ്റ്ററോയിഡ്) വളരെ ചെറിയ അകലത്തിലാണ് കടന്നു പോയതെങ്കിലും ഭൂമിയുമായി ഒരു കൂട്ടിയിടിയുടെ ഭീഷണി ഉണ്ടായിരുന്നില്ല. എന്നാൽ, ഈ ആസ്റ്ററോയ്ഡിന്റെ കടന്നു വരവ് സൗരയൂഥത്തിന്റെ തുടക്കത്തിൽ രൂപപ്പെട്ട ഒരുതരം പാറയെക്കുറിച്ച് പഠിക്കാനുള്ള അപൂർവമായ അവസരമാണ് ജ്യോതിശാസ്ത്രജ്ഞർക്ക് നൽകിയത്. ഭൂമിയുടെ അരികിലൂടെ കടന്നു പോകുമ്പോഴും ആസ്റ്ററോയ്ഡ് ഭൂമിയിൽ നിന്ന് കുറഞ്ഞത് 20 ലക്ഷം കിലോമീറ്റർ അകലെയായിരുന്നു എന്നാണ് നാസ അറിയിച്ചത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ അഞ്ചിരട്ടിയോളം വരും ഈ ദൂരം .
എങ്കിലും ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ ദൂരം 'അപകടസാധ്യതയുള്ള ആസ്റ്ററോയ്ഡുകളു'ടെ കൂട്ടത്തിൽ അതിനെ കണക്കാക്കാൻ പറ്റുന്നത്ര ചെറിയ അകലം തന്നെയാണ്. ഭൂമിയിലേക്ക് വന്നിടിക്കാനും വലിയ നാശനഷ്ടം ഉണ്ടാക്കാനും സാധ്യതയുള്ള വസ്തുക്കളെ നാസ പ്രത്യേകം പട്ടികയിൽ പെടുത്തുകയും അവയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വലിയൊരു ആസ്റ്ററോയ്ഡ് ഭൂമിയിൽ വന്നു പതിക്കുകയും 75 ശതമാനത്തോളം ജീവജാലങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.
Also Read-
സ്വന്തമായി സ്വീകരണമുറി അടക്കം രാജകീയ സൗകര്യങ്ങൾ; ആരെയും അസൂയപ്പെടുത്തും ഈ 'പൂച്ച ജീവിതം'
20 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ, ആസ്റ്ററോയ്ഡ് 2001 FO32 എന്ന് പേര് നൽകിയിട്ടുള്ള ഈ ആസ്റ്ററോയ്ഡ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭൂമിയുമായി ഏറ്റവും അകലം കുറഞ്ഞ പോയിന്റിൽ എത്തിയപ്പോഴും അത്തരമൊരു അപകടത്തിൽ നിന്ന് അത് ഏറെ അകലെയായിരുന്നു എന്ന് പാരിസ് ഒബ്സർവേറ്ററി അറിയിച്ചു. മണിക്കൂറിൽ 1,24,000 കിലോമീറ്റർ വേഗതയിലാണ് ആ ആസ്റ്ററോയ്ഡ് സഞ്ചരിച്ചതെന്നും നാസയിൽ നിന്നും അറിയാൻ കഴിയുന്നു.
900 മീറ്ററോളം വ്യാസമുള്ള ഈ ആസ്റ്ററോയ്ഡിന്റെ ഘടനയെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജ്യോതിശാസ്ത്രരംഗം. ആസ്റ്ററോയ്ഡിന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിച്ച സൂര്യപ്രകാശത്തിന്റെ സ്പെക്ട്രം പരിശോധിച്ചാൽ അതിൽ ഉൾക്കൊണ്ടിട്ടുള്ള ധാതുക്കളെക്കുറിച്ച് പഠിക്കാൻ സാധിക്കുമെന്ന് നാസ പറയുന്നു.
ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്ന വാൽനക്ഷത്രങ്ങളെയും ഛിന്നഗ്രഹങ്ങളെയും പഠിക്കുന്നതിലൂടെ സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ചും രൂപമാറ്റങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തമായ ധാരണ ഉണ്ടാക്കാൻ ശാസ്ത്രജ്ഞർക്ക് കഴിയും. അതിലൂടെ, ശൂന്യാകാശത്തെ ഇത്തരം വസ്തുക്കളിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനും ശാസ്ത്രലോകത്തിന് കഴിയും. നമ്മുടെ ഗ്രഹത്തെ മുഴുവനായി നശിപ്പിക്കാൻ തന്നെ ശേഷിയുള്ളവയാണ് ഇത്തരം ബഹിരാകാശ വസ്തുക്കൾ എന്നതാണ് സത്യം.
ദിവസേന 80 മുതൽ 100 ടൺ വരെ വസ്തുക്കൾ പൊടിയായും ചെറിയ ഉൽക്കകളായും ഭൂമിയിൽ പതിക്കുന്നുണ്ടെന്നാണ് നാസയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇവയ്ക്കൊന്നും യാതൊരു അപകട സാധ്യതയുമില്ല. പക്ഷെ, വലിയ വസ്തുക്കൾ പതിക്കുകയാണെങ്കിൽ അവയുടെ ഉയർന്ന വേഗവും ആക്കവും കാരണം നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. 2001 FO32 എന്ന ആസ്റ്ററോയ്ഡിന്റെ വലിപ്പമുള്ള 95%-ലധികം ആസ്റ്ററോയ്ഡുകൾ ഇതിനകം നിരീക്ഷണത്തിലുണ്ടെന്നും അവയൊന്നും ഈ നൂറ്റാണ്ടിൽ ഭൂമിയെ ഏതെങ്കിലും തരത്തിൽ ബാധിക്കില്ലെന്നും നാസ വിശദീകരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.