വളർന്നുവരുന്ന നിരവധി കലാകാരന്മാരുടെ വരുമാന മാർഗമാണ് യൂട്യൂബ്. ഒരു മുഴുവൻ സമയ ജോലിയായി പോലും ഇതിനെ കാണുന്നവരുണ്ട്. യൂട്യൂബിലൂടെ വിജയം നേടാൻ നിങ്ങൾക്ക് വേണ്ടത് ഒരു ക്യാമറയും വിജയിക്കാനുള്ള ശക്തമായ ആഗ്രഹവുമാണെന്ന് ഈ രംഗത്ത് ശോഭിക്കുന്ന പലരും സാക്ഷ്യപ്പെടുത്തും. ഈ പ്ലാറ്റ്ഫോമിലൂടെ വിജയം നേടിയ നിരവധി ആളുകളുടെ കഥകൾ നിങ്ങൾ കേട്ടിട്ടുമുണ്ടാകും. അത്തരത്തിലുള്ള ഒരാളാണ് ബീഹാർ സ്വദേശിയായ ഹർഷ് രജ്പുത്.
യൂട്യൂബിലൂടെ കോമഡി വീഡിയോകളാണ് ഹർഷ് ചെയ്യുന്നത്. ഇപ്പോൾ 33 ലക്ഷം വരിക്കാരാണ് ഹർഷിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. യൂട്യൂബിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് 50 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഓഡി കാറും ഈ യുവാവ് വാങ്ങി. 10 മിനിറ്റുള്ള ഒരു കോമഡി വീഡിയോ ആണ് ചാനലിൽ ഏറ്റവും ജനപ്രിയമായത്. 20 ദശലക്ഷത്തിലധികം വ്യൂ ആണ് ഈ വീഡിയോക്ക് ഇതിനോടകം ലഭിച്ചത്. ബീഹാറിലെ ഔറംഗബാദിലുള്ള ജസോയ സ്വദേശിയാണ് ഹർഷ് രജ്പുത്.
യൂട്യൂബിലെ പരസ്യ വരുമാനത്തിലൂടെ താൻ പ്രതിമാസം 8 ലക്ഷം രൂപ വരെ സമ്പാദിച്ചതായും ഹർഷിത് പറയുന്നു. യൂട്യൂബ് വരുമാനത്തിനു പുറമേ ബ്രാൻഡ് പ്രമോഷനിൽ നിന്നും ഹർഷിത് വരുമാനമുണ്ടാക്കുന്നുണ്ട്. 2022 ജൂൺ മുതൽ 2022 ഒക്ടോബർ വരെയുള്ള കാലയളവിൽ യൂട്യൂബിലെ പരസ്യ വരുമാനത്തിൽ നിന്ന് പ്രതിമാസം ശരാശരി 4.5 ലക്ഷം രൂപയാണ് ഹർഷ് നേടിയത്. ഹർഷിന്റെ പിതാവ് ബീഹാർ പോലീസിസ് ഡിപ്പാർട്ട്മെന്റിൽ ഹോം ഗാർഡായും പോലീസ് ഓഫീസർമാരുടെ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.
ഒരു നടനായി അറിയപ്പെടാനും ഹർഷ് ആഗ്രഹിക്കുന്നുണ്ട്. ഡൽഹിയിൽ തിയേറ്റർ ആർട്ടിസ്റ്റായും ഹർഷ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് ബാധിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ലോക്ക്ഡൗൺ കാലത്താണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഹർഷ് തന്റെ യൂട്യൂബ് ചാനലിലെ ഉള്ളടക്കം സൃഷ്ടിക്കുന്നത്.
Also read- വിജയ് ഒരു വർഷം സമ്പാദിക്കുന്നത് 150 കോടി; ആകെ 445 കോടിയുടെ ആസ്തി
അടുത്തിടെയാണ് ഹർഷ് 50 ലക്ഷം രൂപ വിലമതിക്കുന്ന ഓഡി എ4 കാർ വാങ്ങിയത്. വായ്പ തിരിച്ചടക്കാൻ കഴിയാത്തതിനാൽ തന്റെ വീട് ജപ്തിയുടെ വക്കിൽ വരെ എത്തിയിരുന്നു എന്നും എന്നാൽ യൂട്യൂബ് വരുമാനം കൊണ്ട് വീട് തിരിച്ചെടുക്കാനായെന്നും ഹർഷ് പറയുന്നു. യൂട്യൂബ്, ടിക്ടോക്, ഇന്‍സ്റ്റഗ്രാം റീല്‍സ് എന്നിങ്ങനെയുള്ള വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലായി നിരവധി കണ്ടന്റ് ക്രിയേറ്റഴ്സാണ് ഇന്ന് നമുക്കും ചുറ്റുമുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.