ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ രണ്ട് വ്യക്തികളാണ് വാറൻ ബഫറ്റും ബിൽ ഗേറ്റ്സും. അമേരിക്കക്കാരായ ഇരുവരും വളരെ നല്ല സുഹൃത്തുക്കൾ കൂടിയാണ്. വിശേഷ സമയങ്ങളിൽ ഒത്ത് കൂടുന്നതും ആശംസകൾ നേരുന്നതുമൊക്കെ ഇരുവരുടെയും പതിവാണ്. ഇപ്പോഴിതാ വാറൻ ബഫറ്റിൻെറ 92-ാം ജന്മദിനത്തിൽ മനോഹരമായ ഒരു ആശംസ നേർന്നിരിക്കുകയാണ് ബിൽ ഗേറ്റ്സ്. ബെർക്‌ഷയർ ഹാത്തവേ സിഇഒ ആയ ബഫറ്റിനായി കുറച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് ബിൽ ഗേറ്റ്സിൻെറ ആശംസ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ബിൽ ഗേറ്റ്സ് പങ്കുവെച്ചിരിക്കുന്നത്.
ആഗസ്ത് 30ന് ചൊവ്വാഴ്ചയാണ് ലോകത്തിലെ അതിസമ്പന്നരിൽ ഒരാളും നിക്ഷേപകനുമായ വാറൻ ബഫറ്റ് 92ാം പിറന്നാൾ ആഘോഷിച്ചത്. മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്, ബഫറ്റിനൊപ്പം സന്തോഷത്തോടെ ചിലവിട്ട നാല് മുഹൂർത്തങ്ങളാണ് ചിത്രങ്ങളായി പോസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള അടുപ്പവും സ്നേഹവും വെളിവാക്കുന്നതാണ് ചിത്രങ്ങളെല്ലാം.
“വാറനെ പോലുള്ള ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ ജീവിതം കൂടുതൽ ആസ്വാദ്യകരമാണ്. 92ാം പിറന്നാൾ ആശംസകൾ,” ബിൽ ഗേറ്റ്സ് കുറിച്ചു. ഒരു കഫേയിലിരുന്ന് ഇരുവരും സോഫ്റ്റ് ഡ്രിങ്ക് കുടിക്കുന്നതിൻെറ ചിത്രം ബിൽ ഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. രസകരമായ വേഷവിധാനത്തിൽ ചെറിയ പുഞ്ചിരിയോടെ ഇരുവരും നിൽക്കുന്നതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിൽ കിരീടം പോലുള്ള ഒരു രാജകീയ തൊപ്പി ബിൽ ഗേറ്റ്സ് ധരിച്ചിട്ടുണ്ട്. നീണ്ട വെപ്പ് താടി വെച്ചിട്ടുള്ള ബഫറ്റിനെയും ഈ ചിത്രത്തിൽ കാണാം. സന്തോഷത്തോടെ പരസ്പരം നോക്കിയുള്ള ചിരി ഇരുവരുടെയും സൗഹൃദം എത്രത്തോളമുണ്ടെന്നത് വ്യക്തമാക്കിത്തരും. ടേബിൾ ടെന്നീസ് കളിക്കുന്നതിൻെറയും മനസ്സറിഞ്ഞ് ചിരിച്ചിരിക്കുന്നതിൻെറയും ചിത്രങ്ങളും ബിൽ ഗേറ്റ്സ് ഷെയർ ചെയ്തവയിലുണ്ട്.
ബഫറ്റിൻെറ പിറന്നാൾ ദിനത്തിൽ ബിൽ ഗേറ്റ്സ് സോഷ്യൽ മീഡിയയിൽ സ്പെഷ്യൽ ആശംസ നേർന്ന് കൊണ്ട് പോസ്റ്റ് ഇടുന്നത് ഇത് ആദ്യത്തെ തവണയല്ല. 90ാം പിറന്നാളിലാണ് ഇതിന് മുമ്പ് അദ്ദേഹം പോസ്റ്റ് ഇട്ടത്. ബഫറ്റിൻെറ മുഖമുള്ള ഒരു ഒറിയോ കേക്ക് സ്വന്തമായി ബേയ്ക്ക് ചെയ്ത് ഉണ്ടാക്കുന്നതിൻെറ വീഡിയോയാണ് അന്ന് ഗേറ്റ്സ് പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് പുറമെ തൻെറ ബ്ലോഗായ ‘ഗേറ്റ്സ് നോട്ട്സി’ൽ ഒരു കുറിപ്പും അദ്ദേഹം ബഫറ്റിനെക്കുറിച്ച് എഴുതിയിരുന്നു.
“30 വയസ്സുകാരന്റെ ഉത്സാഹവും 10 വയസ്സുകാരന്റെ കുസൃതി നിറഞ്ഞ ചിരിയും 6 വയസ്സുകാരന്റെ ഭക്ഷണക്രമവും വാറനുണ്ട്. അദ്ദേഹത്തിൻെറ ഭക്ഷണത്തിലെ ചില പ്രത്യേക താൽപര്യങ്ങൾ പരിഗണിച്ച് ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു," വീഡിയോ ഷെയർ ചെയ്ത് കൊണ്ട് അന്ന് ബിൽ ഗേറ്റ്സ് കുറിച്ചു. 2010-ൽ, ഗേറ്റ്‌സും ബഫറ്റും ചേർന്ന് 'ഗിവിംഗ് പ്ലഡ്ജ് കാമ്പെയ്‌ൻ' ആരംഭിച്ചിരുന്നു. തങ്ങൾ ഉണ്ടാക്കുന്ന ലാഭത്തിൻെറ വലിയൊരു പങ്ക് സമൂഹത്തിലെ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുമെന്നായിരുന്നു ഈ ക്യാമ്പെയിനിലൂടെ ലക്ഷ്യം വെച്ചത്. ലോകത്തിലെ അതിസമ്പന്നരായ ഇലോൺ മസ്ക്, മാർക്ക് സക്കർബെർഗ് എന്നിവരെല്ലാം ഇന്ന് ഈ ക്യാമ്പെയിൻെറ ഒപ്പം ചേർന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bill Gates, Birthday, Viral post