ന്യൂയോർക്ക്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ നാലാംസ്ഥാനത്തുള്ളയാളാണ് മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ്. അദ്ദേഹം റൊട്ടി ഉണ്ടാക്കാൻ പഠിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പ്രശസ്ത സെലിബ്രിറ്റി ഷെഫ് ആയ ഈഥൻ ബെർനാഥ് ആണ് ബിൽ ഗേറ്റ്‌സിനെ റൊട്ടി ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്.
ഇരുവരും വളരെ സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് റൊട്ടി ഉണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. ഒറ്റ ദിവസം കൊണ്ട് 1.5 ലക്ഷം പേർ വീഡിയോ കണ്ടു കഴിഞ്ഞു. ബീഹാറിലേക്ക് ഈയടുത്ത് ഈഥൻ ഒരു യാത്ര നടത്തിയിരുന്നു. അവിടെ വെച്ചാണ് റൊട്ടി ഉണ്ടാക്കാൻ പഠിച്ചതെന്നും ഈഥൻ പറയുന്നുണ്ട്.
Also read- ആസ്തി 654 കോടി രൂപ; ലോകത്തിലെ ഏറ്റവും ധനവാനായ നായയുടെ കഥ ഡോക്യുമെന്ററി
വീഡിയോയിൽ എന്നാണ് താങ്കൾ അവസാനമായി പാചകം ചെയ്തതെന്ന് ഈഥൻ ബിൽ ഗേറ്റ്‌സിനോട് ചോദിക്കുന്നുണ്ട്. സൂപ്പുകൾ ചൂടാക്കുന്നത് പാചകമാണെങ്കിൽ, അതെന്നും താൻ ചെയ്യാറുണ്ട് എന്നായിരുന്നു ബിൽഗേറ്റ്‌സിന്റെ മറുപടി. അതേസമയം 2022 ഫെബ്രുവരിയിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയെ വാനോളം പ്രകീർത്തിച്ച വ്യക്തി കൂടിയാണ് ബിൽഗേറ്റ്‌സ്.
വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതിലും ബിൽ ഗേറ്റ്‌സ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നവീകരണ നയങ്ങളെ പ്രകീർത്തിച്ചും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് രംഗത്തെത്തിയിരുന്നു. സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാബേസും ഏത് ബാങ്കിനോ സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനോ ഇടയിൽ രൂപ അയയ്ക്കുന്നതിനുള്ള സംവിധാനവും ഉൾപ്പെടെ സാർവത്രിക തിരിച്ചറിയലിനും ഡിജിറ്റൽ പേയ്മെന്റുകൾക്കുമായി ഇന്ത്യ പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ നയങ്ങൾ ദരിദ്രർക്ക് സഹായം വിതരണം ചെയ്യുന്നതിനുള്ള പ്രത്യേകിച്ച് മഹാമാരിയുടെ കാലത്ത് സഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവും പ്രശ്‌നങ്ങളും ഗണ്യമായി കുറച്ചെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bill Gates, Cooking video, Viral video