• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹനുമാൻ ചിത്രത്തിന് മുന്നിൽ വനിതാ ബോഡിബിൽഡർമാർ; ബിജെപി മേയർ സംഘടിപ്പിച്ച വേദിയിൽ ‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

ഹനുമാൻ ചിത്രത്തിന് മുന്നിൽ വനിതാ ബോഡിബിൽഡർമാർ; ബിജെപി മേയർ സംഘടിപ്പിച്ച വേദിയിൽ ‘ഗംഗാ ജലം’ തളിച്ച് കോൺഗ്രസ് പ്രവർത്തകർ

പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽ‍‍ഡർ‌മാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.

  • Share this:

    ഇൻഡോർ: മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി മേയറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോഡിബിൽഡിങ് മത്സരത്തിന്റെ വേദിയിൽ കോൺഗ്രസ് പ്രവർത്തകർ ഗംഗാ ജലം തളിച്ചു. ഹനുമാൻ ചിത്രത്തിനു സമീപം ബിക്കിനി അണിഞ്ഞ വനിതാ ബോഡി ബിൽഡർമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്ന് ആരോപിച്ചാണ് കോൺഗ്രസിന്റെ ‘ശുദ്ധീകരണ’ ക്രിയ.

    കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് 13ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിങ് മത്സരം മധ്യപ്രദേശിലെ രത്‌ലാമിൽ സംഘടിപ്പിച്ചത്. ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി നേതാവ് പ്രഹ്ലാദ് പട്ടേലാണ് നഗരസഭാ മേയർ. ബിജെപി എംഎൽഎ ചൈതന്യ കശ്യപും സംഘാടകസമിതിയിലുണ്ട്.

    പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽ‍‍ഡർ‌മാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.

    തിങ്കളാഴ്ച, പ്രാദേശിക കോൺഗ്രസ് നേതാക്കൾ വേദിയിൽ ഗംഗാ ജലം തളിക്കുകയും ഹനുമാൻ ചാലിസ പാരായണം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ ഹനുമാൻ ശിക്ഷിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു. എന്നാൽ സ്ത്രീകൾ കായികരംഗത്ത് മികവ് പുലർത്തുന്നത് കാണാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് തിരിച്ചടിച്ചു.

    ”സ്ത്രീകൾ ഗുസ്തിയിലോ ജിംനാസ്റ്റിക്സിലോ നീന്തലിലോ പങ്കെടുക്കുന്നത് കോൺഗ്രസുകാർക്ക് കാണാൻ കഴിയില്ല. കാരണം അവരുടെ ഉള്ളിലെ പിശാച് ഇതു കണ്ട് ഉണരും. കായികരംഗത്തുള്ള സ്ത്രീകളെ വൃത്തികെട്ട കണ്ണുകളോടെ നോക്കാൻ അവർക്ക് നാണമില്ലേ?’’– ബാജ്‌പേയ് ചോദിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടകരിൽ ചിലർ പൊലീസിനു പരാതി നൽകി.

    Published by:Rajesh V
    First published: