തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വമ്പൻ പരാജയത്തിന്റെ അലയൊലികൾ ബി.ജെ.പി.യിൽ ഒടുങ്ങുന്നില്ല. ജയിച്ച രാഷ്ട്രീയ എതിരാളിക്ക് പൊതു ഗ്രൂപ്പിൽ ലൈക്കടിച്ചത് സംഘടനാ അച്ചടക്കത്തിന് ചേർന്നതാണോയെന്ന ചർച്ചയാണ് തിരുവനന്തപുരത്തെ ബി.ജെ.പി.യിൽ കൊഴുക്കുന്നത്.
കഥ ഇങ്ങനെ. വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക്. ഓരോ റൗണ്ടിലും ഭൂരിപക്ഷം കൂട്ടി മേയർ ബ്രോയുടെ കുതിപ്പ്. 'TVM Council' എന്ന കൗൺസിലർമാരുടെ ഗ്രൂപ്പിലെ സഖാക്കൾക്ക് ആവേശം അടക്കാനാകുന്നില്ല. റിസൾട്ടിന് കാത്തിരിക്കാതെ അവർ പോസ്റ്റിട്ടു 'കമോൺട്രാ എം.എൽ.എ. ബ്രോ'.
ഒന്നും നോക്കാതെ ബി.ജെ.പി. കൗൺസിലർമാരും ഒപ്പം പിടിച്ചു. പിന്നെ രാഷ്ട്രീയ ഭേദമില്ലാതെ മേയർ ബ്രോയ്ക്ക് ലൈക്കോടു ലൈക്ക്. ഇതിനിടെ ലൈക്കടിച്ചവരിൽ ഒരാൾക്കൊരു തോന്നൽ. സ്വന്തം സ്ഥാനാർഥി ഇങ്ങനെ തോറ്റമ്പുമ്പോൾ, പാർട്ടി നാണം കെട്ട തോൽവി മുന്നിൽ കാണുമ്പോൾ ഈ ചെയ്യുന്നത് ശരിയാണോ. ഉടൻ ലൈക്കടി പോസ്റ്റ് ഡിലീറ്റ് ചെയ്തു. മറ്റുള്ളവരുടെ ലൈക്കിന്റെ സ്ക്രീൻ ഷോട്ടെടുത്ത് ദ്രമായി വച്ചു.
അവിടെ തുടങ്ങുന്നു കഥയുടെ രണ്ടാം ഭാഗം. വോട്ടെണ്ണൽ കഴിഞ്ഞു. പരാജയ കാരണം തേടി ചർച്ചകളും തുടങ്ങി. പിന്നെ നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് സ്ക്രീൻ ഷോട്ട് പ്രവാഹം. നേരത്തേ ഭദ്രമാക്കി വച്ച അതേ സ്ക്രീൻ ഷോട്ട് തന്നെ. ഒപ്പം ഒരു ചോദ്യവും. എതിരാളിക്ക് ലൈക്കടിച്ചവരെ എങ്ങനെ വിശ്വസിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലും ഇവരുടെ കൂറ് ആരോടായിരുന്നിരിക്കും.
അതോടെ വിവാദം കടത്തു. പിന്നിൽപ്പോയ വാർഡുകളിലെ കൗൺസിലർമാർ ശരിക്കും പെട്ടു. തോൽവിയുടെ കാരണം വിശദീകരിക്കാൻ പാടു പെട്ടു. വിജയത്തിൽ എതിരാളിയെ അഭിനന്ദിക്കുന്നത് മര്യാദയാണ് എന്നൊക്കെ പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുന്നെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ഏതായാലും ഒരു ലൈക്കടിയിൽ തുടങ്ങിയ തർക്കം ഗ്രൂപ്പ് മാനെജർമാരും ഏറ്റെടുത്തതായാണ് വിവരം. അടുത്ത കൗൺസിലിൽ 'മേയർ ഗൗൺ' സ്വപ്നം കാണുന്ന ചിലരാണ് തർക്കം മൂപ്പിക്കുന്നെതെന്നും അണിയറക്കഥകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.