മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കള്‍ക്ക് മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം നിഷേധിച്ചുവെന്ന ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാവും ചിക്മംഗളൂര്‍ എം.പിയുമായ ശോഭ കരന്ത്‌ലജെക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനെതിരെ 153 A വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബിജെപി നേതാവ് ഗണേശന് എതിരെയും കേസ് എടുത്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനും മലപ്പുറം സ്വദേശിയുമായ കെ.ആർ സുഭാഷ് ചന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പകരം തനിക്കെതിരെ കേസെടുത്ത ഇടതുസർക്കാരിന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെ സമൂഹത്തിലെ എല്ലാവരും ഒന്നിക്കണമെന്ന് ശോഭ കരന്ത്‌ലജെ പ്രതികരിച്ചു.
കുറ്റിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന ഒരു കൂട്ടം ഹിന്ദു കുടുംബങ്ങൾ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിക്കപ്പെട്ടുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ശോഭ കരന്ത്‌ലജെ ഇക്കാര്യം പരാമർശിച്ച് വിവാദ ട്വീറ്റ് ചെയ്തത്. കേരളം മറ്റൊരു കശ്മീരായി മാറുന്നുവെന്നും അവർ ട്വീറ്റിൽ പറഞ്ഞു.
ഒന്നാംപ്രതിയായാണ് കരന്ദ്‌ലാജെയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തുന്നതിനെതിരെയുള്ളതാണ് ഐപിസിയുടെ 153 (എ) വകുപ്പ്. തെറ്റായ വിവരത്തെ അടിസ്ഥാനമാക്കി കുറ്റിപ്പുറത്തെക്കുറിച്ച് എംപി നടത്തിയ ട്വീറ്റ് മതപരമായ ഐക്യത്തെ ബാധിക്കുമെന്നാണ് സുഭാഷ് ചന്ദ്രന്റെ പരാതിയിൽ പറയുന്നത്.
![]()
ഒരു വർഷത്തോളമായി പ്രദേശത്ത് ജല പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. "ഒരു സ്വകാര്യ വ്യക്തിയുടെ ബോർവെല്ലിൽ നിന്ന്, കോളനിയിലെ ജനങ്ങൾക്ക് വെള്ളം നൽകിക്കൊണ്ടിരുന്നു. എന്നാൽ ഈ മോട്ടോർ അടുത്തിടെ കാർഷിക ജോലികൾക്കായി എടുത്തിരുന്നു. ഇത്തരത്തിൽ കാർഷിക ആവശ്യത്തിന് മോട്ടോർ ഉപയോഗിച്ചതിന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അദ്ദേഹം പമ്പ് ഉപയോഗിക്കുന്നത് നിർത്തിവച്ചതെന്ന് കുറ്റിപ്പുറം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇ.എ അരവിന്ദ് പറയുന്നു.
ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്തതിനാൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ സേവാഭാരതി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സേവാഭാരതി പ്രദേശത്തെ ചില കുടുംബങ്ങൾക്ക് ടാങ്കറുകളിൽ വെള്ളം നൽകുന്നുണ്ടെന്ന് പോലീസും വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.