• HOME
  • »
  • NEWS
  • »
  • buzz
  • »
  • Cobra | പോലീസ് യൂണിഫോമിനുള്ളിൽ പതിയിരുന്ന കരിമൂർഖൻ; ഉദ്യോ​ഗസ്ഥ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Cobra | പോലീസ് യൂണിഫോമിനുള്ളിൽ പതിയിരുന്ന കരിമൂർഖൻ; ഉദ്യോ​ഗസ്ഥ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചുവരിൽ തൂക്കിയിട്ടിരുന്ന പോലീസ് യൂണീഫോമിനു പിറകിലായാണ് പാമ്പ് കയറിക്കൂടിയത്

  • Last Updated :
  • Share this:
    പോലീസ് യൂണിഫോമിനുള്ളിൽ (police uniform) പതിയിരുന്ന മൂർഖൻ പാമ്പിനെ (cobra) പിടികൂടി. ബിഹാറിലെ (Bihar) സരൺ ജില്ലയിലാണ് സംഭവം. ചുവരിൽ തൂക്കിയിട്ടിരുന്ന പോലീസ് യൂണീഫോമിനു പിറകിലായാണ് പാമ്പ് കയറിക്കൂടിയത്. ഒരു വനിതാ ജീവനക്കാരിയാണ് യൂണിഫോമിനു മുകളിൽ പത്തി വിരിച്ചു നിന്ന കരിമൂർഖനെ (black cobra) ആദ്യം കണ്ടത്. തലനാരിഴക്കാണ് അവർ രക്ഷപെട്ടതെന്ന് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

    ബിഹാറിലെ സരൺ ജില്ലയിലെ ഛപ്രയിലുള്ള പഹ്‌ലേജ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനിൽ കയറിക്കൂടി, യൂണിഫോമിനു പിന്നിൽ പത്തി വിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

    ഈ പ്രദേശത്ത് പാമ്പുകളെ (Snakes) കാണുന്നത് സർവ സാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. പഹലേജ ഘട്ട് മുതൽ സോൻപൂർ റെയിൽവേ ലൈൻ വരെയുള്ള പ്രദേശങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിൽ പലപ്പോഴും പാമ്പുകൾ സ്വതന്ത്രമായി വിഹരിക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. സാവൻ മാസത്തിലാണ് (Sawan month) ഈ പ്രദേശത്ത് കൂടുതലായി പാമ്പുകളെ കാണുന്നതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

    Also Read- സ്വന്തമായി തയാറാക്കിയ കള്ളുമായി വിദ്യാർഥി ക്ലാസ് മുറിയിൽ; കുപ്പിയുടെ അടപ്പ് തെറിച്ചതോടെ കുടുങ്ങി

    മഴക്കാലത്ത് പാമ്പുകൾ കൂടുതലായി പുറത്തേക്കിറങ്ങുമെന്നും ഈ സമയത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കാറുണ്ടെന്നും വനംവകുപ്പ് ഓഫീസർ അഭയ് കുമാർ സിംഗ് പറഞ്ഞു. പാമ്പുകൾ പല സ്ഥലത്തും പതുങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്നും എന്തെങ്കിലും സാധനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് അവ ശരിയായി പരിശോധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

    ഷൂസിനുള്ളിൽ പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസറായ ശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചത്. മഴക്കാലത്ത് നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പാമ്പുകളെ കണ്ടെത്തിയേക്കാം എന്ന മുന്നറിയിപ്പും നൽകിയിരുന്നു. 'സൂക്ഷിക്കണം, പാമ്പുകളെ പിടിയ്ക്കാന്‍ പരിശീലനം ലഭിച്ച ആളുകളുടെ സഹായം തേടുക' എന്നും അദ്ദേഹം വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

    ഒരു സ്ത്രീയാണ് ഇവിടെ രക്ഷാപ്രവർത്തകയായി എത്തിയത്. ഷൂസിനുള്ളില്‍ കയറിക്കൂടിയ മൂര്‍ഖനെ ഇരുമ്പു വടി ഉപയോഗിച്ചാണ് പുറത്ത് ചാടിച്ചത്. സ്ത്രീയെ ആക്രമിക്കാൻ പാമ്പ് പത്തി വിടർത്തുന്നതും വീഡിയോയിൽ കാണാം. എന്നാല്‍ ഇവർ വളരെ ശ്രദ്ധാപൂര്‍വ്വം മുന്‍കരുതലുകള്‍ എടുത്ത് പാമ്പിനെ കൈകാര്യം ചെയ്യുകയും ഒടുവില്‍ അതിനെ ചെരുപ്പില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. പാമ്പ് കയറിക്കൂടിയ ഷൂസ് വീണ്ടും ധരിക്കുന്നതിന് മുന്‍പ് എങ്ങനെ വൃത്തിയാക്കണമെന്ന് രക്ഷാപ്രവര്‍ത്തക വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മഴക്കാലത്ത് എല്ലാവരും വളരെ കരുതലോടെ ഇരിക്കണമെന്നും അവര്‍ ഉപദേശിക്കുന്നുണ്ട്. വീഡിയോ കണ്ട് പേടിച്ച് പോയി എന്നും ഇതിനു ശേഷം തങ്ങള്‍ സ്വന്തം ഷൂസ് വിശദമായി പരിശോധിച്ചു എന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
    Published by:Rajesh V
    First published: