യുക്രൈയ്നില്‍ ജനിക്കുകയും വിദേശ മൃഗക്കടത്തിന് ഇരയാകുകയും ചെയ്ത ആറ് മാസം പ്രായമുള്ള കിയാര എന്ന കരിമ്പുലിയ്ക്ക് (ബ്ലാക്ക് പാന്തർ) ഇനി പുതിയ വീട്. ഫ്രാന്‍സിലെ വന്യജീവി സങ്കേതത്തിലേക്കാണ് കിയാരെയെ മാറ്റിയിരിക്കുന്നത്. പച്ച കണ്ണുകളും തിളങ്ങുന്ന കറുത്ത രോമങ്ങളുമുള്ള കിയാര ‘ജീവിതത്തിലെ ദുര്‍ഘട ഘട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടു,’എന്ന് മൃഗഡോക്ടര്‍ ജീന്‍-ക്രിസ്റ്റോഫ് ജെറാര്‍ഡ് എഎഫ്പിയോട് പറഞ്ഞു.
കിയാരയെ അനധികൃതമായി വളര്‍ത്തിയിരുന്നവര്‍ യുക്രൈനിലെ യുദ്ധസമയത്ത് അവളെ ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈയ്നില്‍ നിന്ന് കിട്ടിയ കിയാരയെ കീവിലെ വൈല്‍ഡ് അനിമല്‍ റെസ്ക്യൂ സെന്റര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കിയാരയുടെ സംരക്ഷണത്തിനായി ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറുമായി (ഐഎഫ്എഡബ്ല്യു) ബന്ധപ്പെടുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Also read- അയലത്തെ ശബ്ദം സഹിക്കാൻ വയ്യ; കേട്ടത് മുഴുവൻ യുവതി അതേപടി എഴുതിയയച്ചു; വൈറൽ പോസ്റ്റ്
ഇതേതുടര്‍ന്ന് കിയാരയെ പോളണ്ടിലെ മൃഗശാലയിലേക്ക് മാറ്റി. ഇവിടെ ഏതാനും ആഴ്ചകളോളം കിയാര താമസിച്ചു. ഇവിടെ നിന്നാണ് കിയാര പിന്നീട് വന്യമൃഗങ്ങളുടെ അഭയകേന്ദ്രമായ ഫ്രാന്‍സിലെ സെന്റ്-മാര്ട്ടിന്-ലാ-പ്ലെയിന്‍ മൃഗശാലയിലെ ‘ടോംഗ ടെറെ ഡി അക്യുവില്’ എത്തപ്പെട്ടത്. കിയാര കൂടുതല്‍ സമയവും കൂടിന്റെ മൂലയില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. മാത്രമല്ല, അവള് തനിച്ചായിരിക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂവെന്നും മൃഗശാലയിലെ അധികൃതര്‍ പറഞ്ഞു.
യൂറോപ്പില്‍ ജനിക്കുന്ന വന്യമൃഗങ്ങള്‍ കാടുകളില്‍ തന്നെ കഴിയാനാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് പുതിയ അന്തരീക്ഷത്തോടും തങ്ങളെ പരിചരിക്കുന്നവരോടും ഇണങ്ങിച്ചേരാന്‍ സമയം ആവശ്യമാണെന്ന് ജെറാര്‍ഡ് പറഞ്ഞു. ‘ഈ കാലയളവിന് ശേഷം ഞങ്ങള്‍ അവളെ മറ്റൊരു പാന്തറുമായി പരിചയപ്പെടുത്തും, ഇത് അവര്‍ക്ക് ഒരുമിച്ച് വളരാനും കളിക്കാനും അവരുടെ ജീവിതം നയിക്കാനും ,സഹായിക്കുമെന്ന് ‘ ജെറാര്‍ഡ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.