പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു (BMW) ചില ഇലക്ട്രിക് കാറുകള്‍ (electic cars) തിരിച്ചുവിളിച്ചു. ഹൈ വോള്‍ട്ടേജ് ബാറ്ററികളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിച്ചത് (recalls). ബാറ്ററിയിലെ ഉയര്‍ന്ന വോള്‍ട്ടേജ് (high voltage battery) വാഹനത്തിന് തീപിടിക്കാന്‍ കാരണമായേക്കാം എന്നാണ് കണ്ടെത്തല്‍. 2022 i4 സെഡാനുകളുടെയും iX എസ്യുവികളുടെയും മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബാറ്ററിയിലെ ഉയര്‍ന്ന വോള്‍ട്ടേജ് ഷോര്‍ട്ട് സര്‍ക്യൂട്ടിനും അതുവഴി തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് (NHTSA) പ്രസ്താവനയില്‍ അറിയിച്ചത്. വടക്കേ അമേരിക്കയിലെ ബിഎംഡബ്ല്യു, എല്‍എല്‍സി (ബിഎംഡബ്ല്യു) 2022-2023ലെ ഐഎക്സ് എക്സ് ഡ്രൈവ് 50, ഐഎക്സ് എം60, 2022 ഐ3 ഇഡ്രൈവ് 40, ഐഫോര്‍ എം 50 എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്.
ഇതിന് പരിഹാരം കണ്ടെത്തുന്നതു വരെ വാഹന ഉടമകള്‍ കാറുകള്‍ ഓടിക്കരുതെന്നും ചാര്‍ജ് ചെയ്യരുതെന്നും വാഹനം കെട്ടിടങ്ങളില്‍ നിന്ന് അകലെ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഹൈ വോള്‍ട്ടേജ് ബാറ്ററികള്‍ ഡീലര്‍മാര്‍ സൗജന്യമായി മാറ്റിനല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ 2022 ബിഎംഡബ്ല്യു ഐ3 ഇഡ്രൈവ് 40 വാഹനങ്ങളില്‍ ചില പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബിഎംഡബ്ല്യു വാഹനങ്ങള്‍ തിരിച്ചുവിളിച്ചതെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ രണ്ട് സംഭവങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 ഐഎക്സ് എക്സ് ഡ്രൈവ് 50 മോഡലിലും 2022 ഐഎക്സ് എം60 മോഡലിലുമാണ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് മോഡലുകളുടെയും ബാറ്ററി സെല്ലില്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നു. വളരെ കുറച്ച് മോഡല്‍ വാഹനങ്ങളെയാണ് തിരിച്ചുവിളിച്ചിട്ടുള്ളതെന്ന് ബിഎംഡബ്ല്യു വക്താവ് പറഞ്ഞു. തങ്ങളുടെ കസ്റ്റമര്‍ റിയലേഷന്സ് ടീം ഇതിനകം തന്നെ തകരാറുകള്‍ ഉള്ള എല്ലാ വാഹന ഉടമകളെയും വിവരമറിയിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും നല്കാന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
see also: ഏഴു വർഷത്തിനിടെ ആദ്യം ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ കമ്പനി പറഞ്ഞുവിട്ടു
കഴിഞ്ഞ ജൂണില്‍, ബാറ്ററി സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഫോര്‍ഡ് മോട്ടോര്‍ 49,000 മസ്താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവറുകള്‍ തിരിച്ചുവിളിച്ചിരുന്നു. കൂടാതെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്താന്‍ ഡീലര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാഹനത്തിന്റെ ഹൈ വോള്‍ട്ടേജ് കോണ്ട്രാക്റ്ററുകള് അമിതമായി ചൂടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനി ഇലക്ട്രിക് കാറുകള്‍ തിരിച്ചുവിളിച്ചത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും പവര്‍ നഷ്ടത്തിനും ഇത് ഇടയാക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. സിഎന്‍ബിസിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2020 മെയ് 27 മുതല്‍ 2022 മെയ് 24 വരെ മെക്സിക്കോ പ്ലാന്റില്‍ നിര്‍മ്മിച്ച മാക്- ഇലക്ട്രിക് കാറുകളെയാണ് ബാറ്ററി പ്രശ്നം ബാധിച്ചത്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം വാഹനങ്ങളുടെ ബാറ്ററികളിലെ സുരക്ഷാ സംവിധാനത്തിലെ പിഴവുകള്‍ മൂലമാണെന്ന് അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ സമിതിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BMW, Electric Car, Fire