ലൈബ്രറികളില്‍ (Library) നിന്ന് പുസ്തകങ്ങള്‍ എടുക്കുമ്പോള്‍ നിശ്ചിത തീയതി കഴിഞ്ഞ് അവ തിരിച്ചു നല്‍കേണ്ടതുണ്ട്. സാധാരണയായി ദിവസങ്ങളോ ആഴ്ചകളോ കാലയളവ് നിശ്ചയിച്ചായിരിക്കും പുസ്തകങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇതിനായി വര്‍ഷങ്ങളോളം സമയം ആരും അനുവദിക്കാറില്ല. എന്നാല്‍ 1970കളില്‍ എടുത്ത ഒരു പുസ്തകമാണ് (book) ഇപ്പോള്‍ ലൈബ്രറിയില്‍ തിരികെ ലഭിച്ചിരിക്കുന്നത്. മാത്രമല്ല, പുസ്തകത്തിനുള്ളിൽ ലൈബ്രറി കാര്‍ഡും ഉണ്ടായിരുന്നു. യുഎസിലെ ഒക്ലഹോമിയയിലെ ഒവാസ്സോ ലൈബ്രറിയിലാണ് (Owasso library) അതിശയിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോളി കോണിന്റെ ആനി, ആനി (annie, annie) എന്ന പുസ്തകമാണ് തിരികെ ലഭിച്ചിരിക്കുന്നത്. കാര്‍ഡിലെ കണക്കനുസരിച്ച് 1976 സെപ്റ്റംബര്‍ 8നാണ് പുസ്തകം ലൈബ്രറിയില്‍ തിരിച്ചേല്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, 2022 മെയ് 27നാണ് പുസ്തകം ലൈബ്രറിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച പുസ്തകത്തിന്റെ ചിത്രങ്ങള്‍ സഹിതം ലൈബ്രറി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു.
''ആനിയുടെ ഈ പകര്‍പ്പ് ഞങ്ങള്‍ക്ക് തിരികെ നല്‍കിയവര്‍ക്ക് നന്ദി, ഈ പുസ്തകം 1976 സെപ്റ്റംബര്‍ 8ന് സെന്‍ട്രല്‍ ലൈബ്രറിയില്‍ തിരികെ നല്‍കേണ്ടതായിരുന്നു. 46 വര്‍ഷം പിന്നിട്ടിരിക്കുന്നു!''. കുറിപ്പില്‍ പറയുന്നു. കമ്പ്യൂട്ടര്‍ സംവിധാനം വരുന്നതിനു മുമ്പാണ് പുസ്തകം കൊണ്ടുപോയിരിക്കുന്നത്. അതിനാല്‍ ആരാണ് ഇത് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ലെന്നും ലൈബ്രറി പറയുന്നു. ഇത്രയും കാലത്തെ പിഴ ഈടാക്കില്ലെന്നും അവര്‍ പറഞ്ഞു.
മെയ് 27 ന് പങ്കുവെച്ച ഈ പോസ്റ്റിന് ഇതുവരെ 300 ലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ''ഇക്കാലത്ത് കണ്ടെത്താന്‍ പ്രയാസമുള്ള പുസ്തകങ്ങളില്‍ ഒന്നാണ് ഇത്. ഇത് വളരെ പഴക്കമുള്ളതാണ്. ഇപ്പോള്‍ ഇത് അച്ചടിക്കുന്നില്ല'', ലൈബ്രൈറിയിലെ ജീവനക്കാരനായ കാരെന് ഇന്മാന് പറഞ്ഞു.
സ്കോട്ട്ലന്‍ഡിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവിടെ 73 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുസ്തകം തിരികെ ലഭിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ലൈബ്രറി അംഗം എടുത്ത പുസ്തകം ഒടുവില്‍ ഏകദേശം 73 വര്‍ഷത്തിന് ശേഷമാണ് സ്കോട്ട്ലന്‍ഡിലെ ഫൈഫിലുള്ള ഡണ്ഫെറംലൈനിലെ സെന്‍ട്രല്‍ ലൈബ്രറിയിലേക്ക് തിരികെ എത്തിയത്.
റൂപര്‍ട്ട് ഹ്യൂസിന്റെ 'സ്റ്റേറ്റ്ലി ടിംബര്‍' എന്ന ഈ പുസ്തകം 1948 നവംബര്‍ 6ന് ഡണ്ഫെറംലൈന് കാര്‍നെഗീ ലൈബ്രറി ആന്‍ഡ് ഗാലറിയിലേക്ക് തിരികെ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം പുസ്തകം തിരികെ ലഭിച്ചപ്പോള്‍ ലൈബ്രേറിയന്മാര് അമ്പരന്നു. ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തയാളുടെ മകള്‍ ക്രോമാര്ട്ടി ടൗണില്‍ നിന്ന് മെയില്‍ വഴിയാണ് പുസ്തകം തിരികെ അയച്ചത്.
പാഴ്സലായി എത്തിയ പുസ്തകത്തോടൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. തന്റെ പരേതനായ പിതാവ് 1948ല്‍ ഫൈഫിലെ തോണ്‍ടണില്‍ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോഴാണ് പുസ്തകം ലൈബ്രററിയില്‍ നിന്ന് എടുത്തതെന്നും കത്തില്‍ പുസ്തകം എടുത്തയാളുടെ മകള്‍ കുറിച്ചു. തന്റെ പിതാവ് ആ പുസ്തകം തിരികെ നല്കാന് മറന്നതാണോ അതോ കൈയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചതാണോ എന്ന് തനിക്കറിയില്ലെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.