ഇന്ത്യൻ റെസ്റ്റോറൻറുകൾ പിന്തുടരുന്ന ജാതീയത ട്വിറ്റിൽ ചർച്ചയാവുന്നു. പീലിരാജ (@peeleraja) എന്ന ട്വിറ്റർ പ്രൊഫൈലിൽ ബെംഗളൂരുവിലെ ബ്രാഹ്മിൺ പേര് വെച്ചുള്ള റെസ്റ്റോറൻറുകളും ഭക്ഷണപദാർഥങ്ങളും ഷെയർ ചെയ്തതാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗിയിലും സൊമാറ്റോയിലുമൊക്കെ ‘ബ്രാഹ്മിൺ’ എന്ന് തുടങ്ങുന്ന നിരവധി ഭക്ഷണ പദാർഥങ്ങൾ ലഭ്യമാണ്. മിക്ക ഇന്ത്യൻ സമൂഹങ്ങളിലും ഇപ്പോഴും ജാതിവ്യവസ്ഥ ഒരു മാറ്റവുമില്ലാതെ ആഴത്തിൽ നിലനിൽക്കുന്നതായി ഇവർ വാദിക്കുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അനുഭവിക്കുന്ന ജാതീയതയെപ്പറ്റി ഫോട്ടോ പങ്കുവെച്ച ട്വിറ്റർ യൂസർ വ്യക്തമാക്കുന്നു. “ബ്രാഹ്മണ പാചകരീതി എന്നൊരു പാചകരീതിയൊന്നുമില്ല. മത്സ്യവും മാംസവും ഉൾപ്പെടെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന പാചകരീതിയാണ് ഇവിടെയുള്ളത്. ബ്രാഹ്മണർക്ക് പ്രത്യേകമായി നിങ്ങളുടെ ഭക്ഷണരീതിയിൽ മാറ്റമൊന്നും വരുത്താൻ സാധിക്കില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ റെസ്റ്റോറൻറുകളെയും ഭക്ഷണപദാർഥങ്ങളെയും ബ്രാഹ്മിൻ എന്ന് ചേർത്ത് വിളിക്കുന്നത് വെറും ജാതീയമായ ചിന്തയല്ലാതെ മറ്റൊന്നുമല്ല,” ട്വിറ്റർ യൂസർ പറയുന്നു.
ബ്രാഹ്മിൺസ് തട്ട് ഇഡ്‌ലി, ബ്രാഹ്മിൻസ് എക്‌സ്‌പ്രസ്, അമ്മാസ് ബ്രാഹ്മിൻ കഫേ, ബ്രാഹ്മിൻ ടിഫിൻസ് & കോഫി എന്നിവയെല്ലാം സൊമാറ്റോയിലെ ഭക്ഷണശാലകളുടെ പേരുകളാണ്. ബ്രാഹ്മിൺസ് ഉപഹാർ, ബ്രാഹ്മിൺസ് സ്പെഷ്യൽ പുലിയോഗരെ, ബ്രാഹ്മിൺസ് കിച്ചൻ തുടങ്ങി നിരവധി പേരിലുള്ള ഭക്ഷണശാലകൾ സ്വിഗ്ഗിയിലും ഉണ്ട്. ഭക്ഷണശാലകൾ മാത്രമല്ല, ചില ഭക്ഷണ പദാർഥങ്ങൾക്കും ജാതി ചേർത്ത് കൊണ്ട് പേരിട്ടിട്ടുണ്ട്. സാധാരണ ഭക്ഷണങ്ങൾ തന്നെയാണ് ഇവിടെയെല്ലാം വിളമ്പുന്നത്. എന്നാൽ പേരിൽ മാത്രം ജാതി ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് ചർച്ചയിൽ ഒരാൾ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവിൽ മാത്രമല്ല, രാജ്യത്ത് മറ്റിടങ്ങളിലും ഇത്തരം ഭക്ഷണശാലകളുണ്ടെന്ന് ട്വിറ്റർ യൂസർമാർ വ്യക്തമാക്കുന്നു. ബ്രാഹ്മണ ഭക്ഷണം എന്നത് ജാതീയമായ കാഴ്ചപ്പാട് വീണ്ടും പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും ചിലർ വിമർശിക്കുന്നു. എന്നാൽ ഇത്തരം അഭിപ്രായങ്ങളോട് വിയോജിച്ച് കൊണ്ടുള്ള കമൻറുകളും പോസ്റ്റിനടിയിൽ വരുന്നുണ്ട്.
ആദ്യമായിട്ടല്ല, ബെംഗളൂരുവിൽ ബ്രാഹ്മിൻ ഭക്ഷണശാലകളും ഇത്തരത്തിൽ പേരുകളുള്ള ഭക്ഷണ പദാർഥങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സമാനമായ ഒരു സാഹചര്യത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു കാറ്ററിംഗ് സ്ഥാപനം ശുദ്ധമായ 'ബ്രാഹ്മിൺ ലഞ്ച് ബോക്സ്' വിൽപന തുടങ്ങിയിരുന്നു. 'ബ്രാഹ്മിൺ ലഞ്ച് ബോക്സ്' നിങ്ങളുടെ വീട്ടിലെത്തിക്കും എന്നതായിരുന്നു പരസ്യവാചകം. അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഡോ. ബി കാർത്തിക് നവയാന മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഈ പരസ്യ ബാനറിൻെറ ചിത്രം പങ്കുവെച്ചിരുന്നു. അന്നും കാര്യമായി ചർച്ചകൾ നടന്നിരുന്നു.
ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളിൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ബ്രാഹ്മിൺ ലഞ്ച് ബോക്സ് വീട്ടിൽ എത്തിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം. മുൻകൂട്ടി ഓർഡർ എടുത്താണ് ഭക്ഷണം എത്തിക്കാൻ തീരുമാനിച്ചിരുന്നത്. ജെപി നഗർ, ബിടിഎം ലേഔട്ട്, പുത്തേനഹള്ളി, ബിലേകഹള്ളി തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലുമൊക്കെ ഭക്ഷണം എത്തിക്കുമെന്നാണ് പരസ്യത്തിൽ വ്യക്തമാക്കിയിരുന്നത്. ബെംഗളൂരുവിൽ ബ്രാഹ്മണ ഭക്ഷണമെന്ന ടാഗ് ലൈൻ പ്രോത്സാഹിപ്പിക്കുന്നത് ഈയടുത്ത് തുടങ്ങിയ കാര്യമല്ലെന്ന് ഈ പരസ്യം സൂചിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.