HOME /NEWS /Buzz / Snake | വിവാഹത്തിന് പരസ്പരം പാമ്പിനെ മാലയായി ചാർത്തി ദമ്പതികൾ

Snake | വിവാഹത്തിന് പരസ്പരം പാമ്പിനെ മാലയായി ചാർത്തി ദമ്പതികൾ

ജീവനുള്ള വലിയ പാമ്പുകളെ തന്നെയാണ് വിവാഹമാല്യമായി ഉപയോഗിച്ചിരിക്കുന്നത്

ജീവനുള്ള വലിയ പാമ്പുകളെ തന്നെയാണ് വിവാഹമാല്യമായി ഉപയോഗിച്ചിരിക്കുന്നത്

ജീവനുള്ള വലിയ പാമ്പുകളെ തന്നെയാണ് വിവാഹമാല്യമായി ഉപയോഗിച്ചിരിക്കുന്നത്

  • Share this:

    മൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്വാഭാവികമാണ്. ആനയും കടുവയും പാമ്പുമൊക്കെ ആളുകളുടെ ഇഷ്ട കഥാപാത്രങ്ങളാണ്. കാട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള ജീവികളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയെ കീഴടക്കാറുണ്ട്. പാമ്പുകളുടെ വീഡിയോകളോട് ഒരു പ്രത്യേക താൽപര്യം തന്നെയുണ്ട്. പാമ്പ് അപകടകാരിയാണെന്ന് എല്ലാവർക്കുമറിയാം. അതിനോട് നേരിട്ട് കളിക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ പാമ്പിനോട് നേരിട്ട് ഇടപെടുന്നത് ആർക്കും പ്രിയമുള്ള കാര്യമല്ല. ചെറുതായാലും വലുതായാലും പാമ്പ് അപകടകാരി തന്നെയാണ്. അവിചാരിതമായി പാമ്പിനെ കണ്ടാൽ പോലും ഭയം തോന്നുന്നവരാണ് നമ്മളിൽ പലരും.

    വിവാഹത്തിനെ രസകരമാക്കാൻ പല രീതികൾ പരീക്ഷിക്കുന്നവരുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ എന്നും ഓർക്കുന്ന തരത്തിൽ വ്യത്യസ്തമാക്കുക എന്നതാണ് ഉദ്ദേശം. എന്നാൽ മഹാരാഷ്ട്രയിലെ ദമ്പതിമാർ അത്ര രസകരമല്ലാത്തതും എന്നാൽ ഭയമുണ്ടാക്കുന്നതുമായ കാര്യമാണ് വിവാഹത്തിന് ചെയ്തിരിക്കുന്നത്. വിവാഹത്തിന് മാലയായി പാമ്പിനെ ഉപയോഗിച്ചിരിക്കുകയാണ് ദമ്പതിമാർ. ജീവനുള്ള വലിയ പാമ്പുകളെ തന്നെയാണ് വിവാഹമാല്യമായി ഉപയോഗിച്ചിരിക്കുന്നത്.

    വിവാഹത്തിന് വധൂവരൻമാർ നടത്തിയ ഈ വിചിത്രമായ ആചാരത്തിൻെറ വീഡിയോ അൽപം പഴയതാണ്. സാധാരണ വധൂവരൻമാർ പൂക്കൾ കൊണ്ടുള്ള മാലയിടുന്നതും കൈയിൽ ബൊക്കെ പിടിക്കുന്നതുമൊക്കെയാണ് നാം കാണാറുള്ളത്. എന്നാൽ പാമ്പിനെ കൈമാറുന്നത് അൽപം കടന്ന കയ്യാണ്. വിവാഹം നടന്നത് 2010ലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ ആദ്യം പുറത്തു വന്നതും വൈറലായതും 2017ലാണ്. ഇപ്പോൾ ട്രോൾ വീഡിയോകളൊക്കെയായി ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

    2010 നവംബർ 12ന് 25കാരനായ സിദ്ദാർഥ് സോനാവാനെയും വധു 23കാരിയായ ഔസർമലും തമ്മിലുള്ള വിവാഹത്തിനാണ് പാമ്പുകൾ മാലയായത്. മഹാരാഷ്ട്രയിലെ ഉൾനാടൻ ഗ്രാമമായ ബീഡ് സ്വദേശികളാണ് ഇരുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. വെള്ളവസ്ത്രം ധരിച്ചാണ് വധൂവരൻമാർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നത്. നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക് പോലും ഭയമില്ലെന്നതാണ് അത്ഭുതകരമായ കാര്യം. എല്ലാവരും വളരെ രസകരമായാണ് പാമ്പിനെ കഴുത്തിലിടുന്നത് നോക്കുന്നത്.

    വീഡിയോയിൽ ആദ്യം ഭാര്യ ഭർത്താവിൻെറ കഴുത്തിലാണ് പാമ്പിനെ മാലയായി ഇടുന്നത്. ജീവനുള്ള നീളൻ പാമ്പിനെയാണ് മാലയാക്കിയത്. രണ്ടാമത്തെ പാമ്പാണ് അതിലും ഭീകരം. നല്ല ഒത്ത തടിയും നീളവും വലിപ്പവുമുള്ള ഒരു പെരുമ്പാമ്പിനെയാണ് ഭർത്താവ് ഭാര്യയുടെ കഴുത്തിലേക്കിടുന്നത്. പൂമാല കഴുത്തിലേക്കിട്ട പോലെ ലാഘവത്തോടെയാണ് ഇരുവരും നിൽക്കുന്നത്. പിന്നീട് ഫോട്ടോയ്ക്കും വീഡിയോക്കുമൊക്കെ പോസ് ചെയ്യുന്നു. വിചിത്രമായ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയവർ സമാധാനപരമായി എല്ലാത്തിനും സാക്ഷിയായി നിൽക്കുന്നു. വധുവും വരനും പ്രദേശത്തെ വന്യജീവി വകുപ്പിലെ ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പാമ്പുകളുമായും മറ്റ് ജീവികളുമായും ഇടപെട്ട് ജീവിച്ച് വന്നിട്ടുള്ളതിനാൽ ഇരുവർക്കും യാതൊരു ഭയവുമില്ല. കൗതുകമല്ല, ഭയം ജനിപ്പിക്കുന്നതാണ് വീഡിയോയെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്. പാമ്പുകളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

    First published:

    Tags: Viral wedding video