പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളിൽ ഒരു വിഭാഗം.
ഇതുവരെ ആരും ചെയ്യാത്ത പരീക്ഷണങ്ങളും അപകടകരമായതുമായ പല ഫോട്ടോഷൂട്ടുകളും ഇതിനകം വന്നു കഴിഞ്ഞു. മാത്രമല്ല, അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ സംഭവിക്കുന്ന അപകട മരണങ്ങളും ഇപ്പോൾ പതിവ് വാർത്തയാണ്.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിവാഹശേഷം വധുവും വരുനും തീകൊളുത്തി ഓടുന്നതാണ് വീഡിയോ. സ്റ്റണ്ട്മാനായ ഗേബ് ജസോപ്പും വധു ആംബിർ ബാംബിയർ മിഷേലുമാണ് വീഡിയോയിലുള്ളത്. സ്വന്തം വിവാഹത്തിന് പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഗേബിനെ ഈ ഐഡിയയിലേക്ക് എത്തിച്ചതത്രേ.
വിവാഹം കഴിഞ്ഞ ഉടൻ വരനും വധുവും ചേർന്ന് നിന്നു. തുടർന്ന് പിന്നിൽ നിന്നും ഒരാളെത്തി തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം ഇരുവരും കൈകൾ ചേർത്ത് പിടിച്ച് അതിഥികളെ അഭിവാദ്യം ചെയ്ത് പതുക്കെ ഓടുന്നതും കാണാം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് ഈ സ്റ്റണ്ട് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൃത്യസമയത്ത് തീ അണക്കുന്നതും കാണാം.
തീയുമായി ഓടുന്ന നവദമ്പതികളെ ആർപ്പുവിളികളോടെയാണ് അതിഥികൾ സ്വീകരിച്ചത്. പക്ഷേ, സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലർ ദമ്പതികളെ അഭിനന്ദിക്കുമ്പോൾ ഇത്തരം അപകടകരമായ പ്രകടനങ്ങൾ നടത്തുന്നത് ഗുണകരമല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.