വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തിൽ നിന്നും പിൻമാറി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് (Unnao) സംഭവം. വിവാഹച്ചടങ്ങുകൾ ഏകദേശം പകുതി ആയപ്പോഴാണ് ഇക്കാര്യം വധുവിന്റെ ശ്രദ്ധയിൽ പെട്ടത്. ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗ് താഴെ വീഴുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരൻ മറച്ചുവെച്ചിരുന്നു എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
വീട്ടുകാർ പരമാവധി പരിശ്രമിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവിൽ പ്രദേശത്തെ ലോക്കൽ പോലീസും സംഭവത്തിൽ ഇടപെട്ടു. പക്ഷേ വധു തന്റെ നിലപാടിൽ ഉറച്ചു നിന്നു. വിഷയം ചർച്ച ചെയ്യാൻ പഞ്ചായത്തും യോഗം വിളിച്ചിരുന്നു. വിവാഹച്ചടങ്ങുകൾക്കായി 5.66 ലക്ഷം രൂപ ചെലവഴിച്ചതായി വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നു. ഈ പണം പിന്നീട് വരന്റെ വീട്ടുകാർ അവർക്ക് തിരികെ നൽകി.
''വരന് കഷണ്ടിയുള്ള കാര്യം അവർ ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ, അതിനായി വധുവിനെ ഞങ്ങൾക്ക് മാനസികമായി ഒരുക്കാമായിരുന്നു. അവൾ പെട്ടെന്ന് ഞെട്ടില്ലായിരുന്നു. സത്യങ്ങൾ മറച്ചുവെച്ച് ദാമ്പത്യം ആരംഭിക്കാനാകില്ല'', വധുവിന്റെ അമ്മാവൻ പറഞ്ഞു.
കല്യാണത്തിൽ നിന്നും പിൻമാറാതിരിക്കാൻ തങ്ങളും വധുവിനോട് സംസാരിച്ചെങ്കിലും അവർ നിരസിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ, ഇരുപാർട്ടികളും തമ്മിൽ ഒരു ഒത്തുതീർപ്പ് നടത്തേണ്ടി വന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ആയുഷ്മാൻ ഖുറാനയും യാമി ഗൗതവും നായികാ നായകൻമാരായി അഭിനയിച്ച ബാല എന്ന (Bala) സിനിമയിലും സമാനമായ വിഷയം ആയിരുന്നു അവതരിപ്പിച്ചത്. തനിക്ക് കഷണ്ടിയുണ്ടെന്ന കാര്യം പ്രതിശ്രുത വധുവിൽ നിന്നും മറച്ചുവെയ്ക്കാനുള്ള ഒരാളുടെ തത്രപ്പാടുകളായിരുന്നു സിനിമയുടെ പ്രമേയം.
വരൻ മദ്യപിച്ച് നൃത്തം ചെയ്തതിനു പിന്നാലെ വധു വിവാഹത്തിന് വിസമ്മതിച്ച വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. രാജസ്ഥാനിലായിരുന്നു സംഭവം. പുലർച്ചെ 1.15 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രാത്രി 9 മണിക്ക് വധുവിന്റെ വീട്ടിൽ ആഘോഷങ്ങൾ ആരംഭിച്ചു. ഘോഷയാത്രയ്ക്കിടെ, വരൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ഡിജെയിൽ പങ്കെടുത്ത് നൃത്തം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മറ്റൊരാളുമായി വധുവിന്റെ വിവാഹം നടത്തി.
കഷണ്ടിയുള്ള കാര്യം മറച്ചുവച്ചതിന് ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്തെത്തിയിരുന്നു. മുംബൈയിലായിരുന്നു സംഭവം. കഷണ്ടി മറച്ചുവച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവ് വിഗ്ഗ് വെച്ചിട്ടുണ്ടെന്ന സത്യം താൻ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താൻ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്നും പരാതിയിലുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമാക്കേണ്ടതില്ലെന്ന പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
കല്യാണത്തിന് മുമ്പ് കഷണ്ടിമാറ്റുന്നതിനായി മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ പോലീസുകാരൻ മരിച്ച വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. മരുന്നിന്റെ റിയാക്ഷനാണ് മരണ കാരണമെന്നാണ് നിഗമനം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.