• HOME
  • »
  • NEWS
  • »
  • buzz
  • »
  • Wedding | പവർകട്ട് ചതിച്ചു; താലി കെട്ടിനിടെ പന്തലിൽ കറണ്ട് പോയി; ആളുമാറി കല്യാണം കഴിച്ച് വധൂവരൻമാർ

Wedding | പവർകട്ട് ചതിച്ചു; താലി കെട്ടിനിടെ പന്തലിൽ കറണ്ട് പോയി; ആളുമാറി കല്യാണം കഴിച്ച് വധൂവരൻമാർ

വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    വിവാഹച്ചടങ്ങുകൾക്കിടെ പവർ കട്ട് (power cut) ഉണ്ടായതിനെത്തുടർന്ന് ആളു മാറി വിവാഹം കഴിച്ച് വധൂവരൻമാർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് (Ujjain) സംഭവം. ഒരു കുടുംബത്തിലെ രണ്ടു പേരുടെ വിവാഹം ഒരേ സമയം നടന്നതും വൈദ്യുതി മുടങ്ങിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പവർ കട്ടിനെത്തുടർന്ന്, തങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരുന്ന വരൻമാരുടെ അടുത്തായിരുന്നില്ല രണ്ട് വധുക്കളും ഇരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്. ഇതോടെയാണ് സംഭവിച്ച അബദ്ധം വധൂവരൻമാരടക്കം എല്ലാവർക്കും മനസിലായത്. എന്നാൽ കുടുംബാം​ഗങ്ങൾ കൂടിയിരുന്ന് ആലോചിച്ചതിനു ശേഷം ചടങ്ങുകൾ വീണ്ടും നടത്താൻ തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള വരൻമാരോടൊപ്പം വിവാഹച്ചടങ്ങുകൾ വീണ്ടും നടത്തുകയും ചെയ്തു.

    ദിവസേന രാത്രി 7 മണി മുതൽ അർധരാത്രി 12 വരെ ഇവിടെ വൈദ്യുതി മുടങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുട്ടിൽ പരസ്പരം മനസിലാകാതെ പോയതാണ് ഈ അബദ്ധം സംഭവിക്കാൻ കാരണമായതെന്ന് ഇരുകുടുംബങ്ങളും പറഞ്ഞു. വരന്റെ വീട്ടുകാർക്ക് ഇരുട്ടിൽ വധുക്കളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഒരേപോലുള്ള വസ്ത്രങ്ങളാണ് സഹോദരിമാർ ധരിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

    പവർക്കട്ടിനിടെ ആളു മാറി ചടങ്ങുകൾ നടത്തിയെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസിലായതെന്നും പിന്നീട് ശരിയായ ജോഡികൾ തമ്മിൽ വീണ്ടും ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.

    കഴിഞ്ഞ വെള്ളിയാഴ്ച രമേഷ് റിലോട്ട് എന്നയാളുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. റിലോട്ടിന്റെ മൂന്ന് പെൺമക്കളുടെയും ഒരു മകന്റെയും വിവാഹം ഒരേ ദിവസമാണ് നടത്താൻ തീരുമാനിച്ചത്. കോമൾ എന്ന മകൾ രാഹുലിനെയും നികിത എന്ന മകൾ ഭോലയെയും കരിഷ്മ എന്ന മകൾ ഗണേഷിനെയും ആണ് വിവാഹം കഴിക്കേണ്ടിയിരുന്നത്. കോമളിന്റെ വിവാഹ ഘോഷയാത്ര പകൽ തന്നെ വീട്ടിലെത്തുകയും വൈകുന്നേരത്തോടെ വിവാഹം നടക്കുകയും ചെയ്തു. രാത്രി 11 മണിയോടെയാണ് ബദ്‌നഗറിലെ ദംഗവാഡയിൽ നിന്ന് കരിഷ്മയുടെയും നികിതയുടെയും വരൻമാർ എത്തിയത്. ഈ സമയത്താണ് പവർ കട്ട് ഉണ്ടായത്. പ്രാരംഭ ചടങ്ങുകൾ ആരംഭിച്ചപ്പോൾ, നികിത ഗണേഷിനൊപ്പവും കരിഷ്മ ഭോലയ്‌ക്കൊപ്പവും പൂജ നടത്തി. ദമ്പതികളെ മണ്ഡപത്തിൽ കയറ്റാനൊരുങ്ങിയപ്പോളാണ് ആളു മാറിപ്പോയ കാര്യം മനസിലാക്കിയത്.

    വിവാഹത്തെ തുടർന്ന് ഉണ്ടായ ചെറിയ തർക്കങ്ങൾക്കു ശേഷം, വീട്ടുകാർ മുൻ നിശ്ചയിച്ച പ്രകാരമുള്ള വരൻമാരോടൊപ്പം വീണ്ടും ചടങ്ങുകൾ നടത്താൻ സമ്മതിച്ചു. അതിനു ശേഷം വിവാഹ ഘോഷയാത്രയും നടത്തി.

    എന്നാൽ, എല്ലാ വിവാഹച്ചടങ്ങുകളും നിശ്ചയിച്ച പ്രകാരമുള്ള ആളുകളോടൊപ്പമല്ല നടന്നതെന്നും ഇത് ആ​ദ്യം വീട്ടുകാർ സമ്മതിച്ചു തന്നില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ട് ദിവസം തർക്കങ്ങൾ നടന്ന ശേഷം വീട്ടുകാരുമായി വധൂവരൻമാർ ഞായറാഴ്ച തിരിച്ചെത്തിയെന്നും പുരോഹിതന്റെ സാന്നിധ്യത്തിൽ ശരിയായ ജോഡിയ്ക്കൊപ്പം വീണ്ടും വിവാഹം നടത്തുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

    Summary: Brides married wrong partners during power outage in Ujjain
    Published by:user_57
    First published: