നഗരത്തിലെ മരങ്ങളെ സംരക്ഷിക്കുന്നതിനായി ട്രീ സർജനെ നിയമിച്ച് മുംബൈ നഗരസഭ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡരികിലും മറ്റുമായി വളർന്നു നിൽക്കുന്ന വർഷങ്ങളുടെ പഴക്കമുള്ള മരങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ മൂല്യ നിർണയം നടത്തുന്നതിനുമാണ് ബൃഹൻ മുംബൈ മുൻസിപൽ കോർപറേഷൻ (ബിഎംസി) ആർബോറിസ്റ്റ് അഥവ ആർബോരികൾച്ചറിസ്റ്റ് എന്നറിയപ്പെടുന്ന പ്രൊഫഷണലുകളെ നിയമിച്ചത്.
ഇവരുടെ മേൽ നോട്ടത്തിൽ മരങ്ങളെ കുറിച്ച് പഠിക്കുകയും പരിപാലിക്കുകയും അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിന് നേതൃത്വം നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ബിഎംസിയുടെ കീഴിലുള്ള ഡി വാർഡിലാണ് ആർബോറിസ്റ്റായ വൈഭവ് രാജെയെ നിയമിച്ചത്. നിലവിൽ ഇത് പൈലറ്റ് പ്രോജക്ട് അടിസ്ഥാനത്തിൽ ആണ് നടപ്പാക്കുന്നത്. ഇതിന്റെ ഫലപ്രാപ്തി അനുസരിച്ച് മുംബൈ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത്തരത്തിലുള്ള പദ്ധതി വ്യാപകമാക്കും. മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ മലബാർ ഹിൽ, ടാർഡിയോ, പെഡ്ഡാർ റോഡ് എന്നിവ ഉൾപ്പെട്ടതാണ് ഡി വാർഡ്.
Also Read-
'സ്ത്രീകൾ അല്പവസ്ത്രധാരികളായത് കൊണ്ടാണ് ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നത്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പ്രദേശത്തുള്ള 100 മുതൽ 150 മരങ്ങളെ അവയുടെ അപകട സാധ്യത ഒഴിവാക്കി എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് വൈഭവ് രാജെ വാർത്താ ഏജൻസിയായ
എഎൻഐയോട് പറഞ്ഞു. പലപ്പോഴായി വെള്ളപ്പൊക്കം, കനത്ത മഴ, കാറ്റ് എന്നിവ കാരണം മരങ്ങൾ കടപുഴകി വീഴുന്നതിനും ശിഖരങ്ങൾ ഒടിയുന്നതിനും കാരണമാവും. ശിഖരങ്ങൾ ദ്രവിക്കുന്നത്, ഫംഗൽ ഇൻഫെക്ഷൻ, വേരുകൾ ഇളകുന്നതുമെല്ലാം മരങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നുണ്ട്. ഇത് പുറമേ നിന്ന് നോക്കിയാൽ മാത്രം കാണാനാവുന്നതല്ല. കൂടാതെ മരം വീണ് അപകടം ഉണ്ടാകുന്നത് മുൻകൂട്ടി മനസ്സിലാക്കാനും അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും ഈ പഠനത്തിലൂടെ സാധിക്കുമെന്നും വൈഭവ് രാജെ പറഞ്ഞു.
ഇതിനായി ആദ്യം മരങ്ങളുടെ ഭൗതികമായ പ്രത്യേകതകൾ രേഖപ്പെടുത്തുന്നു. പിന്നീട് ഘടനാപരമായ പ്രശ്നങ്ങൾ, ദ്രവിച്ച ഭാഗങ്ങൾ, മരങ്ങൾക്ക് എന്തെങ്കിലും രോഗം സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചെല്ലാം പഠനം നടത്തും. കൂടാതെ മരം നിൽക്കുന്ന പ്രദേശത്തെക്കുറിച്ചും അവിടുത്തെ മണ്ണിൻറെ സ്വഭാവം, മരത്തിൻറെ വേരുകൾ എന്നിവയെ കുറിച്ചും പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read-
വിവാഹപ്പാർട്ടിയുടെ 'കെട്ട് വിടാൻ' അതിഥികൾക്ക് ഹാങ്ങോവർ കിറ്റ്; വ്യത്യസ്ത സമ്മാനമൊരുക്കി വധു
തിരക്കേറിയ നഗരങ്ങളിലെ മരങ്ങളെ പരിപാലിക്കുന്നതിൽ മികച്ച ഒരു രീതിയാണിത്. ഉയർന്ന അപകട സാധ്യതയുള്ളത്, അപകട സാധ്യത കുറഞ്ഞത് എന്നിങ്ങനെ മരങ്ങളെക്കുറിച്ച് രണ്ട് ലിസ്റ്റ് ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾ. മരങ്ങൾക്കായി ഒരു മെഡിക്കൽ ഹിസ്റ്ററി തയ്യാറാക്കുന്നത് പോലെയാണെിതെന്നും വൈഭവ് രാജെ പറയുന്നു. കുറച്ച് വൈകിയാണെങ്കിലും ജനങ്ങളും അധികൃതരും മരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.
വർഷങ്ങളായി നഗരത്തിൽ നിലനിൽക്കുന്ന തദ്ദേശീയമായ മരങ്ങളെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നൽകുമെന്ന് മുംബൈ മേയർ കിഷോരി പട്നേക്കർ പറഞ്ഞു. ഇപ്പോഴത്തെ പദ്ധതി വിജയകരമായാൽ നഗരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.